balabhaskar

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങവേ യാത്രയുടെ തുടക്കം മുതൽ അപകടത്തിൽപ്പെടുംവരെ കാറോടിച്ചത് അ‌ർജുനാണെന്ന് കേസിൽ നിർണായകമാകുന്ന സാക്ഷി മൊഴികളിൽ ക്രൈംബ്രാഞ്ചിന് വ്യക്തമായി. എന്നാൽ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് കണ്ടെത്തിയ രക്തത്തുള്ളികളുടെയും മുടിയിഴകളുടെയും സ്റ്റിയറിംഗ് വീലിലെ വിരലയാളങ്ങളുടെയും ഫലം കൂടി പുറത്ത് വന്നിട്ട് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ മതിയെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ. അന്വേഷണം നിർണായക വഴിത്തിരിവിലെത്തിനിൽക്കെ കേസിന്റെ ഫോറൻസിക് പരിശോധനാഫലം ഉടൻ ലഭ്യമാക്കണമെന്ന ക്രൈംബ്രാഞ്ച് അഭ്യർത്ഥന മാനിച്ച് രണ്ടാഴ്ചയ്ക്കകം പരിശോധനാ ഫലം നൽകാനുളള നടപടികൾ ഫോറൻസിക് ലാബിലും ആരംഭിച്ചിട്ടുണ്ട്.

ഫോറൻസിക് ഫലത്തിലും ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നത് അർജുനാണെന്ന് സ്ഥിരീകരിച്ചാൽ ഇയാളെ ഉടൻ പിടികൂടി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി വേണ്ടിവന്നാൽ അന്വേഷണ സംഘം ഇയാൾ ഒളിവിൽ കഴിയുന്നതായി കരുതുന്ന അസമിലേക്ക് പോകും. വാഹനം ഓടിച്ചത് താനല്ലെന്ന് അർ‌ജുന് നിഷേധിക്കാനാകാത്ത വിധം എല്ലാ തെളിവുകളും ശേഖരിച്ചശേഷം ഇയാളെ പിടികൂടിയാൽ മതിയെന്നാണ് ക്രൈംബ്രാഞ്ച് മേധാവികൾ അന്വേഷണസംഘത്തിന് നൽകിയിട്ടുള്ള നിർദേശം. കേസിൽ ഇന്നലെ വരെ ബാലുവിന്റെയും ഭാര്യ ലക്ഷ്മിയുടെയും വീട്ടുകാരും ഉറ്റബന്ധുക്കളുമുൾപ്പെടെ 70 ഓളം പേരുടെ മൊഴികളാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഇതിൽ അപകടസ്ഥലത്ത് ആദ്യമെത്തിയ കെ.എസ്.ആ‌ർ.ടി.സി ഡ്രൈവർ അജിയുടെ മൊഴിയിൽ നിന്ന് വാഹനം അപകടത്തിൽപ്പെട്ടതിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ അനുമാനം ആറ്റിങ്ങലിൽ വച്ചാണ് ബാലഭാസ്കറിന്റെ കാർ അജിയുടെ ബസിനെ ഓവർടേക്ക് ചെയ്തത്. അതിനു മുന്നിലായി മറ്റൊരു വെള്ള കാറുമുണ്ടായിരുന്നു. അപകട സ്ഥലത്തിന് അര കിലോമീറ്റർ മുൻപ് ഒരു കണ്ടെയ്നർ ലോറിയെ ഈ 3 വാഹനങ്ങളും മറികടന്നു.

അതിനു ശേഷം വെള്ള കാർ മുന്നോട്ടു പോയെങ്കിലും ബാലഭാസ്കറിന്റെ കാർ ഇടതുവശത്ത് നിന്ന് തെന്നിമാറി വലതുവശത്തെ മരത്തിലിടിച്ചു. ഈ മൊഴിയിൽ നിന്ന് അന്വേഷണസംഘം വിലയിരുത്തുന്നത് ആറ്റിങ്ങൽ മുതൽ അപകടം നടന്നതു വരെ ദുരൂഹത ഉളവാക്കുന്ന ഒന്നും സംഭവിച്ചില്ലെന്നതാണ്. വെള്ള കാറിന്റെ കാര്യം പറയുന്നുണ്ടെങ്കിലും അത് ഇവരുമായി ഒരു ബന്ധവുമില്ലാത്ത യാത്രക്കാരുടെ കാറെന്നാണ് മൊഴി വ്യക്തമാക്കുന്നത്. കൂടാതെ ഡ്രൈവർ ഉറങ്ങിപ്പോയ രീതിയിലാണ് അപകടമെന്നും പതിനഞ്ച് വർഷമായി ബസ് ഓടിക്കുന്ന അജി പറയുന്നത് അന്വേഷണ സംഘം മുഖവിലയ്ക്കെടുക്കുന്നു.

എന്നാൽ കാറിന്റെ ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നത് അർജുനാണോ ബാലഭാസ്കറാണോയെന്ന് ഇയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ബാലഭാസ്കറിനെ പൂർവ്വ പരിചയമില്ലാത്ത അജി ബാലുവിന്റെ പരിപാടികളും കണ്ടിട്ടില്ല. അതിനാൽ ബാലുവിനെ കണ്ടാൽ അറിയില്ല. രക്ഷാപ്രവർത്തനത്തിനുശേഷം ബസിൽ കയറിയപ്പോൾ കണ്ടക്ടറാണ് ബാലഭാസ്കറിന്റെ കാറാണ് അപകടത്തിൽപ്പെട്ടതെന്ന് തന്നോട് പറഞ്ഞതെന്നാണ് അജി വ്യക്തമാക്കുന്നത്. ലക്ഷ്മിയും കുഞ്ഞും മുൻ സീറ്രിലായിരുന്നതിനാൽ ബാലുവാണ് വാഹനം ഓടിച്ചതെന്ന് താൻ കരുതിയതായും ഇയാൾ പറയുന്നു. എന്നാൽ അപകടസ്ഥലത്തെത്തിയ പരിസരവാസികളും തൃശൂർ മുതൽ പള്ളിപ്പുറം വരെ നീണ്ട യാത്രയിൽ ഇവരെ കണ്ടപലരും കാറിലുണ്ടായിരുന്ന ലക്ഷ്മിയുമെല്ലാം അർജുനാണ് വാഹനം ഓടിച്ചതെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. കൊല്ലത്തെ ജ്യൂസ് കടയിൽ രാത്രി ഇവരെ കണ്ട കൊല്ലം തെക്കും ഭാഗം സ്വദേശികളും കൊല്ലത്ത് നിന്ന് കാർ പുറപ്പെടുമ്പോൾ കാറിൽ കയറിയ പാടെ ബാലു പിൻസീറ്റിൽ കിടന്നതായാണ് പറഞ്ഞത്.കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങവേ ബാലഭാസ്കറിന്റെയും ലക്ഷ്മിയുടെയും പാലക്കാട്ടെ ഡോക്ടർ, പ്രകാശൻ തമ്പി,വിഷ്ണു, അർജുൻ എന്നിവരുടെയെല്ലാം ബാങ്ക് അക്കൗണ്ടുകളുടെയും സ്വത്തുക്കളുടെയും വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. ഇതോടെ സാമ്പത്തിക ഇടപാടുകളിലും വ്യക്തതവരും.