1

നേമം: ഓഖിയും തുടർന്നുവന്ന പ്രളയവും നൽകിയ കൃഷിനാശം കാരണം നടുവൊടിഞ്ഞ കർഷകർക്ക് ഇരട്ടി പ്രഹരമായാണ് കഴിഞ്ഞ രണ്ട് ദിവസത്തെ മഴ നൽകുന്നത്. കഴിഞ്ഞ ദിവസം രാത്രി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച ശക്തമായ കാറ്റിൽ പതിനായിരക്കണക്കിന് ഏത്ത വാഴകളാണ് കർഷകർക്ക് നഷ്ടമായത്. വെള്ളായണി, കാക്കാമൂല, പെരിങ്ങമ്മല, കല്ലിയൂർ, പുന്നമൂട്, പള്ളിച്ചൽ, ഊക്കോട് തുടങ്ങിയ സ്ഥലങ്ങളിലും വീശിയടിച്ച ശക്തമായ കാറ്റിൽ വൻ കൃഷിനാശമാണ് സംഭവിച്ചത്. സ്വകാര്യ വ്യക്തികളിൽ നിന്നും പലിശയ്ക്ക് പണമെടുത്ത് കൃഷിയിറക്കിയ കർഷകർ കൃഷി നശിച്ചതോടെ നട്ടംതിരിയുകയാണ്. കൃഷിക്ക് ചെലവായ തുകപോലും തിരിച്ചടയ്ക്കാൻ ഇവർക്കിനി കഴിയാത്ത അവസ്ഥ. പ്രളയത്തിലെ കൃഷി നാശത്തിന് ശേഷം ഏത്തവാഴ കർഷകർക്ക് കുറഞ്ഞ തുകയാണ് ലഭിച്ചത്. അതിന് ശേഷം ഇപ്പോൾ വില മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം മഴ വരുത്തിയ കൃഷിനാശത്തിൽ വീണ്ടും കർഷകരെ തളർത്തി.

വിപണിയിൽ ഏത്ത കായ കിലോയ്ക്ക് 30 രൂപ കർഷകന് ലഭിക്കുമ്പോൾ ചെറുകിട കർഷകർ ഉപഭോക്താക്കളിൽ നിന്നും 45 രൂപ വരെ ഈടാക്കുന്നുണ്ട്. ഒപ്പം ഇതിന്റെ അനുബന്ധ ഉത്പന്നങ്ങളായ ചിപ്സിനും ഉപ്പേരിക്കും കിലോയ്ക്ക് 275 രൂപ മുതൽ 325 രൂപ വരെ ഈടാക്കുന്നുണ്ട്. എന്നാൽ കർഷന് ലഭിക്കുന്നത് തുച്ഛമായ തുക മാത്രമാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നും വലുപ്പവും നിറവുമുള്ള ഏത്തപ്പഴത്തിന്റെ കടന്നുവരവും വാടൻ ഏത്തവാഴ കർഷകർക്ക് വെല്ലുവിളിയായി.