ഭരണഘടന പ്രാബല്യത്തിലുള്ള കാലത്തോളം മൗലികാവകാശങ്ങളിൽ ഉൾപ്പെട്ട വ്യക്തിസ്വാതന്ത്ര്യം ഒരു അധികാരകേന്ദ്രത്തിനും ഹനിക്കാനാവില്ല. പരമമായ ഇൗ യാഥാർത്ഥ്യം ഉറക്കെ ഉദ്ഘോഷിച്ചുകൊണ്ടാണ് പത്രപ്രവർത്തകനായ പ്രശാന്ത് കനോജിയയെ ഉടനടി ജാമ്യം നൽകി ജയിലിൽ നിന്ന് വിട്ടയയ്ക്കാൻ സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. രാജ്യത്തെ പത്രപ്രവർത്തകർക്ക് ആഹ്ളാദിക്കാൻ വക നൽകുന്ന ഉത്തരവുകൂടിയാണിത്.
കനോജിയ അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യംപോലും നിഷേധിച്ച് തുറുങ്കിലടയ്ക്കാനിടയായ സാഹചര്യംകൂടി മനസിലാക്കിയാലേ ഭരണകൂട നൃശംസതയുടെ ആഴം ബോദ്ധ്യമാകൂ. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധപ്പെട്ട് സാമൂഹ്യ മാദ്ധ്യമത്തിൽ ഒരു പോസ്റ്റിട്ടതിന്റെ പേരിലാണ് ഫ്രീലാൻസ് മാദ്ധ്യമ പ്രവർത്തകനായ കനോജിയയെ ഡൽഹിയിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്ത് യു.പിയിലെ ജയിലിടച്ചത്. മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ കനോജിയയ്ക്ക് ജാമ്യം നിഷേധിക്കപ്പെട്ടു. സാമൂഹ്യമാദ്ധ്യമങ്ങളിൽ കനോജിയ ഇട്ട ട്വീറ്റ് വായിക്കുന്ന സ്വബോധമുള്ളവരാരും അത് ജയിലിലടയ്ക്കാൻ മാത്രം കുറ്റകരമായ പ്രവൃത്തിയാണെന്ന് പറയില്ല. എന്നാൽ രാജാവിനെതിരെ പുരികക്കൊടി ഉയർത്തിയാൽ പോലും വധശിക്ഷയ്ക്ക് വിധേയരാകേണ്ടിവന്ന പൗരാണിക കാലത്തെ അനുസ്മരിപ്പിക്കുന്നതാണ് യോഗി ആദിത്യനാഥിന്റെ ഇപ്പോഴത്തെ യു.പി ഭരണകാലം. സ്നേഹം എത്ര മറച്ചുവച്ചാലും അത് ഒരിക്കൽ പുറത്താവുകതന്നെ ചെയ്യുമെന്ന അടിക്കുറിപ്പോടെ യോഗി ആദിത്യനാഥുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും വിവാഹാഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും കാണിച്ച് ഒരു യുവതി മാദ്ധ്യമങ്ങളോട് സംസാരിക്കവെ നടത്തിയ വെളിപ്പെടുത്തൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. വലിയ ക്രിമിനൽ കുറ്റമായി ചിത്രീകരിച്ചാണ് കനോജിയ്ക്കെതിരെ നടപടി എടുത്തത്. ഒറ്റനോട്ടത്തിൽത്തന്നെ കനോജിയയുടെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതുമാണെന്നാണ് സുപ്രീംകോടതിയുടെ വെക്കേഷൻ ബെഞ്ച് അഭിപ്രായപ്പെട്ടത്. ഭരണകൂടത്തിനുമാത്രമല്ല കനോജിയയ്ക്ക് ജാമ്യം നിഷേധിച്ച് പതിനാല് ദിവസത്തെ റിമാൻഡ് വിധിച്ച് ജയിലിലേക്കയച്ച മജിസ്ട്രേട്ടിനും ഗുരുതരമായ വീഴ്ചയാണ് ഇൗ കേസിൽ സംഭവിച്ചതെന്ന പരമോന്നത കോടതിയുടെ പരാമർശം വ്യക്തിസ്വാതന്ത്ര്യം മറ്റെന്തിനെക്കാളും വിലപ്പെട്ടതാണെന്ന് കരുതുന്ന പൊതുസമൂഹത്തിന് ആഹ്ളാദിക്കാൻ ധാരാളം വക നൽകുന്നതാണ്. പതിനാല് ദിവസത്തെ റിമാൻഡുമായി ജയിലടയ്ക്കാൻ മാത്രം ഗുരുതരമായ കുറ്റകൃത്യമൊന്നും കനോജിയ ചെയ്തിട്ടില്ല. കനോജിയയുടേതായി സാമൂഹ്യമാദ്ധ്യമങ്ങളിൽ വന്ന പോസ്റ്റുകൾ ഒഴിവാക്കപ്പെടേണ്ടതു തന്നെയാണെന്നതിൽ സംശയമില്ല. എന്നിരുന്നാലും അതിന്റെ പേരിൽ ഒരാളെ വിചാരണപോലും നടത്താതെ ജയിലിലടയ്ക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന നീതിപീഠത്തിന്റെ നിരീക്ഷണം ഇമ്മാതിരി നിസാരമായ കേസുകൾ കൈകാര്യം ചെയ്യുന്ന സകല അധികാര കേന്ദ്രങ്ങളും മനസിൽ കുറിച്ചിടുകതന്നെ വേണം. കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നതിനുപോലും വ്യക്തവും അവിതർക്കിതവുമായ മാനദണ്ഡങ്ങൾ സുപ്രീംകോടതി പലവുരു ഇറക്കിയിട്ടുള്ളതാണ്. എന്നാൽ രാജ്യത്ത് എവിടെയുമുള്ള നീതിപാലകർ അതൊന്നും പാലിക്കാതെയാണ് പലപ്പോഴും പെരുമാറുന്നത്.
ഭരണഘടനയെ അടിസ്ഥാനപ്പെടുത്തി ഭരണം നടക്കുന്ന ഒരു രാജ്യത്ത് ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ് കനോജിയ എന്ന പൗരന്റെ കാര്യത്തിൽ സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടി യു.പി സർക്കാരിന്റെ നടപടിയെ ജസ്റ്റിസുമാരായ ഇന്ദിരാബാനർജിയും അജയ് രസ്തോഗിയും ഉൾപ്പെട്ട വെക്കേഷൻ ബഞ്ച് ശക്തമായ ഭാഷയിലാണ് അപലപിച്ചത്. സാമൂഹ്യ മാദ്ധ്യമങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമായതോടെ ഭരണാധികാരികൾ അവയെ ഭയപ്പെടാൻ തുടങ്ങിയിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്. എന്തുകാര്യവും തുറന്ന് എഴുതാനും പങ്കുവയ്ക്കാനുമുള്ള വേദി ലഭിച്ചതോടെ അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്നിടം വരെ കാര്യങ്ങൾ എത്തുന്നുണ്ടെന്നുള്ളത് നിഷേധിക്കാനുമാകില്ല. എന്നിരുന്നാലും സാമൂഹ്യ മാദ്ധ്യമങ്ങളിലെ നിർദോഷമായ അഭിപ്രായ പ്രകടനകളുടെ പേരിൽ കേസും അറസ്റ്റും ജയിൽവാസവുമൊക്കെ അസഹിഷ്ണുതയുടെ ലക്ഷണം തന്നെയാണ്. അധികാരത്തിൽ വാഴുന്നവരുടെ ദൂഷ്യങ്ങൾ ഉറക്കെ പറയാൻ മുമ്പൊക്കെ ഒട്ടേറെ പരിമിതികളുണ്ടായിരുന്നു. പരമ്പരാഗത മാദ്ധ്യമങ്ങൾക്കും അതികർക്കശമായ പെരുമാറ്റച്ചട്ടങ്ങളും നിയമാധിഷ്ഠിത നിയന്ത്രണങ്ങളുമുണ്ടായിരുന്നു. ഒരാളെ വ്യക്തിപരമായി ഹനിക്കുന്ന വാർത്ത പരസ്യപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. സാമൂഹ്യ മാദ്ധ്യമങ്ങളിലും ഇത്തരം പ്രവൃത്തികൾ ശിക്ഷ ലഭിക്കാവുന്ന കുറ്റംതന്നെയാണെങ്കിലും പലരും അതൊന്നും കാര്യമാക്കാതെ തങ്ങൾക്ക് തോന്നുന്നതെല്ലാം പങ്കുവയ്ക്കാറുണ്ട്. സൈബർ കേസുകളിലെ വൻ വർദ്ധന നോക്കിയാലറിയാം ഇത്. എന്നാൽ സർക്കാരിന്റെയും മന്ത്രിമാരുടെയും ചെയ്തികളെ വിമർശിക്കുന്നതിന്റെ പേരിൽ കേസെടുക്കാനും ശിക്ഷിക്കാനുമുള്ള ആവേശവും ഭരണതലത്തിൽ വർദ്ധിച്ചുവരുന്നതായി കാണാം. യു.പി യിൽത്തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യത്തിൽ മറ്റു ഭരണാധികാരികളെക്കാൾ ഏറെ മുന്നിലാണ്. വിമർശനത്തിന്റെ പേരിൽ അനേകമാളുകൾ അവിടെ നിയമ നടപടി നേരിടുന്നുണ്ട്. ബംഗാളിലും ഇത്തരം കേസുകൾ നിരവധിയുണ്ട്. ഇങ്ങ് കേരളത്തിൽപ്പോലും മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തിയതിന് നിയമനടപടി നേരിടുന്നവരുണ്ട്. വിമർശകരുടെ വായടിപ്പിക്കാൻ അറസ്റ്റോ ജയിൽശിക്ഷയോ കൊണ്ടൊന്നും സാദ്ധ്യമല്ലെന്നതിന് ഉദാഹരണങ്ങൾ എത്രവേണമെങ്കിലുമുണ്ട്. നൂറുശതമാനവും സ്വേച്ഛാധിപത്യ വാഴ്ച നടമാടുന്ന രാജ്യത്ത് പോലും ഭരണകൂടത്തിനെതിരെ ശബ്ദമുയർത്താൻ ആളുകളുണ്ടാകും. മരണമാണ് ഇതിനുള്ള ശിക്ഷ എന്നറിഞ്ഞു കൊണ്ടുതന്നെയാകും അവർ മുന്നോട്ടുവരുന്നത്. കനോജിയ വിമർശനത്തിനൊന്നും മുതിർന്നില്ലെന്നത് ശ്രദ്ധേയമാണ്. ഒരു യുവതി മാദ്ധ്യമങ്ങളുടെ മുൻപിൽ പറഞ്ഞ കാര്യം തന്റെ ഒരു കമന്റും ചേർത്ത് പങ്കുവയ്ക്കുക മാത്രമാണുണ്ടായത്. അതിനാണ് വാറന്റ് പോലുമില്ലാതെ തീർത്തും നിയമവിരുദ്ധമായ നിലയിൽ രാവിലെ കിടക്കപ്പായിൽനിന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയി ജയിലിലടച്ചത്. ഭരണഘടനയും അത് പൗരന് ഉറപ്പുനൽകുന്ന അളവറ്റ സ്വാതന്ത്ര്യവും യോഗി ആദിത്യനാഥ് മറന്നെങ്കിലും ഭരണഘടനയുടെയും നിയമത്തിന്റെയും കാവലാളായ പരമോന്നത കോടതി ഒരിക്കൽക്കൂടി സ്വാർത്ഥമതികളായ ഭരണാധികാരികളെ അത് ഒാർമ്മിപ്പിച്ചിരിക്കുകയാണ്. വഴിതെറ്റിപ്പോകുന്ന ഭരണാധികാരികളെ നേർവഴി നടത്താൻ കോടതി തന്നെ ശരണം.