ആ​റ്റിങ്ങൽ: ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം മുതൽ മാമം വരെയുള്ള ആ​റ്റിങ്ങൽ ബൈപാസുൾപ്പെടുന്ന ദേശീയപാത വികസനത്തിന്റെ സർവേ പൂർത്തിയായി. മാമം മുതൽ കഴക്കൂട്ടം വരെയുള്ള ഭാഗത്തെ സർവേ നടപടികൾ നേരത്തേ പൂർത്തിയായിരുന്നു. ഇതോടെ കടമ്പാട്ടുകോണം - കഴക്കൂട്ടം പാത വികസനത്തിനായി ഭൂമിയേ​റ്റെടുക്കുന്നതിനുള്ള 3ഡി വിജ്ഞാപനത്തിനുള്ള രേഖകൾ ദേശീയപാത വികസന അതോറി​ട്ടിക്ക് റവന്യൂ വിഭാഗം കൈമാറിക്കഴിഞ്ഞു. കടമ്പാട്ടുകോണം - കഴക്കൂട്ടം പാത വികസനം ഒ​റ്റവിജ്ഞാപനത്തിൽ ഉൾപ്പെടുന്നതാണ്. രണ്ട് സ്‌പെഷ്യൽ താലൂക്കോഫീസിന്റെ കീഴിലാണ് നടപടികൾ പൂർത്തീകരിച്ചത്. 3എ വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്ന ദിവസംതന്നെ സർവേ പൂർത്തിയാക്കി സമർപ്പിക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് 3എ വിജ്ഞാപനം വരുന്നത്. മുമ്പ് രണ്ടുതവണ വിജ്ഞാപനം വന്നപ്പോഴും സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ റവന്യൂ വകുപ്പിന് കഴിഞ്ഞിരുന്നില്ല. റവന്യൂ വകുപ്പ് കൈമാറിയിരിക്കുന്ന രേഖകൾ ദേശീയപാത വിഭാഗം കേന്ദ്ര ഉപരിതലഗതാഗതവകുപ്പിന് കൈമാറുന്നതോടെ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാകും. ത്രീഡി വിജ്ഞാപനം പ്രസിദ്ധീകരിച്ചാൽ ഭൂമിയേ​റ്റെടുക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാം. സമയപരിധിക്കുള്ളിൽ സർവേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സംസ്ഥാനസർക്കാരിന്റെ ശക്തമായ ഇടപെടലും ഉണ്ടായിരുന്നു. തടസങ്ങളൊഴിവാക്കാൻ ബി. സത്യൻ എം.എൽ.എ നിരന്തരം അധികൃതരുമായി ഇടപെട്ടുകൊണ്ടിരുന്നു. റവന്യൂമന്ത്റിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നാണ് ആ​റ്റിങ്ങലിൽ സ്‌പെഷ്യൽ താലൂക്കോഫീസ് അനുവദിച്ചത്. കടമ്പാട്ടുകോണം മുതൽ മാമം വരെയുള്ള 17 കിലോമീ​റ്ററിന്റെ സർവേ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ഇത് സഹായിച്ചു. ജില്ലാകളക്ടറുടെ നേതൃത്വത്തിലും യോഗങ്ങൾ നടന്നിരുന്നു. കടമ്പാട്ടുകോണം മുതൽ മാമം വരെയുള്ള പ്രദേശത്തെ സർവേ സമയബന്ധിതമായി പൂർത്തിയാക്കിയതിന് ആ​റ്റിങ്ങൽ സ്‌പെഷ്യൽ താലൂക്കോഫീസിലെ 44 ജീവനക്കാർക്ക് ജില്ലാകളക്ടർ സദ്‌സേവനരേഖ അനുവദിച്ചു.

സമയബന്ധിതമായ സർവേ സാദ്ധ്യമാക്കിയത്

ബൈപാസിനായി ഏ​റ്റെടുക്കേണ്ട ഭൂമി

ചിറയിൻകീഴ് താലൂക്ക്

1)കിഴുവിലം 2) ആ​റ്റിങ്ങൽ 3) കീഴാ​റ്റിങ്ങൽ 4) കരവാരം വില്ലേജ്

വർക്കല താലൂക്ക്

1) മണമ്പൂർ 2)ഒ​റ്റൂർ 3) കടയ്ക്കാവൂർ 4)നാവായിക്കുളം വില്ലേജ്

പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്

1332 സബ്ഡിവിഷനുകൾ

50.8763 ഹെക്ടർ ഭൂമി

3500ലധികം വ്യക്തികൾ

ആ​റ്റിങ്ങൽ ബൈപാസിന്റേതുൾപ്പെടെയുളള 45 മീ​റ്റർ വീതിയിൽ 17 കിലോമീ​റ്റർ റോഡിനാവശ്യമായ ഭൂമിയുടെ സർവേയാണ് ആ​റ്റിങ്ങൽ സ്‌പെഷ്യൽ താലൂക്കോഫീസ് കേന്ദ്രീകരിച്ച് നടന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് സർവേ പൂർത്തിയാക്കി ത്രീഡി വിജ്ഞാപനത്തിനാവശ്യമായ രേഖകൾ തയ്യാറാക്കിയത്.

സർവേ വേഗത്തിലാക്കിയത്

സ്‌പെഷ്യൽ തഹസിൽദാരായ ശ്രീകുമാറിന്റെ നേതൃത്വത്തിൽ 23 സർവേയർമാർ ഉൾപ്പെടുന്ന സംഘമാണ് സർവേ ന‌ടത്തിയത്. പ്രവൃത്തിദിവസങ്ങളിൽ കൂടുതൽ സമയമെടുത്തും അവധി ദിവസങ്ങളിൽ ജോലിചെയ്തുമാണ് ജീവനക്കാർ സർവേ സമയബന്ധിതമായി പൂർത്തിയാക്കിയത്. സർവേ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കിയ ജീവനക്കാരെ ബി. സത്യൻ എം.എൽ.എ അഭിനന്ദിച്ചു.