ആറ്റിങ്ങൽ: സ്‌കൂൾ വിദ്യാർത്ഥിനിയെ കൺസെഷൻ നിഷേധിച്ച് സ്വകാര്യ ബസിൽ നിന്നും ഇറക്കി വിട്ടതായി പരാതി. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം കോംപ്ലക്‌സിൽ താമസിച്ച് കായിക പരിശീലനം നേടുന്ന പ്ലസ് വൺ വിദ്യാർത്ഥിനിക്കാണ് ബുധനാഴ്ച ദുരനുഭവമുണ്ടായത്. വെഞ്ഞാറമൂട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പ്രവേശനം നേടിയ വിദ്യാർത്ഥിനിയെയാണ് ബസിൽ നിന്നും ഇറക്കി വിട്ടത്.
കഴിഞ്ഞ ദിവസമാണ് സ്‌കൂളിൽ പ്രവേശനം ലഭിച്ചത്. ഈ സ്ഥലത്തെപ്പറ്റി കുട്ടിക്ക് വലിയ പരിചയമില്ലായിരുന്നു. വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങലിലേയ്ക്ക് വരാനായി അശ്വതി എന്ന സ്വകാര്യ ബസിൽ കയറിയ കുട്ടിയോട് ഐ.ഡി.കാർഡില്ലെങ്കിൽ കൺസെഷൻ അനുവദിക്കില്ലെന്നും എട്ട് രൂപ നൽകണമെന്നും ബസ് ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ തന്റെ കയ്യിൽ ആകെ 3 രൂപയെ ഉള്ളൂവെന്ന് പെൺകുട്ടി പറഞ്ഞു. എന്നാൽ ബസ് ജീവനക്കാർ ആ മൂന്ന് രൂപ വാങ്ങിയ ശേഷം പെൺകുട്ടിയെ വഴിയിൽ ഇറക്കി വിടുകയായിരുന്നു. ശക്തമായ മഴയത്ത് റോഡിൽ നിന്നു കരയുന്ന പെൺകുട്ടിയോട് നാട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് സ്വകാര്യ ബസ് ജീവനക്കാർ വഴിയിൽ ഇറക്കി വിട്ട വിവരം അറിയുന്നത്. ഉടൻ തന്നെ നാട്ടുകാർ ഫോൺ വിളിച്ച് രക്ഷിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് പെൺകുട്ടിയുടെ അമ്മയെത്തി കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. സ്‌പോർട്‌സ് ഹോസ്റ്റിലിൽ മടങ്ങിയെത്തിയ പെൺകുട്ടി ആറ്റിങ്ങൽ പൊലീസിന് പരാതി നൽകി.