2

വിഴിഞ്ഞം: കോവളം പനത്തുറയിൽ കടലാക്രമണം രൂക്ഷമായതോടെ വീടുകൾ തകർച്ചാഭീഷണിയിൽ. കടലാക്രമണത്തിൽ സംരക്ഷണ ഭിത്തിയിലെ പാറകൾ ഇളകി തെറിച്ചു. പത്തുറയിലെ തോട്ടു മുക്കുമുതൽ വിളാകം വരെയുള്ള തീരത്താണ് കടലാക്രമണം രൂക്ഷം. നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ചുവരുകളും മേൽക്കൂരയും തകർന്നു. ഏതു സമയവും നിലംപൊത്താവുന്ന വീട്ടിൽ ഭീതിയോടെ കഴിയുകയാണ് നാട്ടുകാർ. കിള്ളിയാറിന്റെ പനത്തുറ ഭാഗത്ത് വെള്ളം നിറഞ്ഞതോടെ ഇതുവഴിയുണ്ടായിരുന്ന കടത്ത് നിലച്ചു. പനത്തുറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും സമീപത്തെ മുസ്ലിം പള്ളി എന്നിവിടങ്ങളിലേക്ക് ശക്തിയായ തിരയടി തുടരുകയാണ്. ഈ ആരാധനാലയങ്ങളും തകർച്ചാഭീഷണിയിലാണ്. ശക്തമായ തിരകാരണം പ്രദേശവാസികൾക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. കുട്ടികൾക്ക് സ്കൂളിൽ പോകാനും കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങൾക്കു മുൻപേ ഗേബിയോൺ വലകൾ ഉപയോഗിച്ച് നൂതന രീതിയിലുള്ള കരിങ്കൽ ഭിത്തി ഭാഗികമായി നിർമിച്ചെങ്കിലും യഥാസമയം അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. ഇവിടെ പുലിമുട്ട് നിർമ്മിക്കണമെന്നുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

ഒന്നര വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വീട്ടിനുള്ളിൽ കളിക്കുകയായിരുന്നന ഒന്നര വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പനത്തുറ തോട്ടുമുക്ക് കുഞ്ചു വിളാകത്ത് വീട്ടിൽ ദിവ്യയുടെ മകൾ വൈഗയാണ് ശക്തമായ തിരയിൽ നിന്നും രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ഉണ്ടായ തിരയിൽപ്പെട്ട കുഞ്ഞിനെ അമ്മ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ട കുഞ്ഞിന്റെ ശരീരമാസകലം മണൽ നിറഞ്ഞിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.