മലയിൻകീഴ്: മഴ ശക്തമായതോടെ മലയിൻകീഴിൽ മരം കടപുഴകി വീഴുന്നത് പതിവാകുന്നു. മലയിൻകീഴ് കോളേജ് റോഡിലെ മതിലിന് അകത്ത് നിന്ന ഉണങ്ങിയ അക്കേഷ്യമരം കടപുഴകി വീണു. കോളേജ് മതിലും തകർത്ത് വൈദ്യുത കമ്പികൾക്ക് മുകളിലൂടെയാണ് മരം റോഡിലേക്ക് വീണത്. അതിന് തൊട്ടടുത്താണ് എൽ.പി ബോയ്സ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മരം വീഴുമ്പോൾ കുട്ടികളെല്ലാം ക്ലാസിലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഉണങ്ങി ദ്രവിച്ച് ഏതു നിമിഷവും നിലം പൊത്താമെന്ന അവസ്ഥയിൽ നിരവധി മരങ്ങൾ ഈ റോഡിലുണ്ട്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ എൽ.പി സ്കീളിനോട് ചേർന്ന് നിൽക്കുന്ന മരം മുറിച്ചുന്നതിനിടെയാണ് അടുത്തുനിന്ന മരം കടപുഴകി വീണത്. ഉടനെ കാട്ടാക്കട ഫയർഫോഴ്സിലും കെ.എസ്.സി.ബിസിലും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സ് സ്ഥലത്തെത്തി.
ചെവ്വാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജംഗ്ഷനിലെ ടാക്സി സ്റ്റാൻഡിലെ കാറുകൾക്ക് മുകളിൽ മരം വീണു. അഞ്ച് വാഹനങ്ങൾക്കാണ് സാരമായി കേടുപാട് പറ്റിയത്. സമീപത്തെ ഗ്രന്ഥശാലയിലെ ബദാം മരമാണ് ഒടിഞ്ഞുവീണത്. അപകടാവസ്ഥയിലായിരുന്ന ഈ മരം മുറിച്ചുമാറ്റണമെന്ന് പല തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. മരം വീണ് രണ്ട് ടാക്സികൾക്കും മൂന്ന് സ്വകാര്യ വാഹനങ്ങൾക്കുമാണ് കേടുപറ്റിയത്.
വിവേകിന്റെ ഇന്നോവ, കൃഷ്ണൻകുട്ടിയുടെ എർട്ടിഗ, ചന്ദ്രന്റെ ക്രിസ്റ്റ, വിനോദിന്റെ ഇന്നോവ, മോഹനന്റെ ഇൻഡിക്ക എന്നീ കാറുകളുടെ മുകളിലേക്കാണ് മരം വീണത്. ബസ് സ്റ്റോപ്പും വ്യാപാര സ്ഥാപനവുമെല്ലാം ഇതിനു സമീപത്താണുള്ളത്. വാഹനത്തിനുള്ളിൽ ഡ്രൈവർമാരുണ്ടായിരുന്നെങ്കിലും ആർക്കും അപകടം സംഭവിച്ചില്ല. മലയിൻകീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയ്ക്കു മുന്നിലെ ആൽമരവും അടിഭാഗം ദ്രവിച്ച് അപകടാവസ്ഥയിലാണ്.സ്കൂൾ-കോളേജ് പൊതുസ്ഥലങ്ങളിലെ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ച് മാറ്റുന്നതിനുള്ള നടപടികൾ അടിയന്തിരമായി ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ പറഞ്ഞു. മലയിൻകീഴ് എ.പി.ഗേൾസ് സ്കൂളിലെ പാഴ്മരങ്ങൾ ഇതിനിടെ മുറിച്ച് നീക്കിയിട്ടുണ്ട്.