tax

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ ചോർച്ചയുണ്ടായിട്ടുണ്ടെന്നും വരുമാനം വർദ്ധിപ്പിക്കാൻ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ചരക്കുകൾ കേരളത്തിലേക്ക് എത്തുന്ന പാതകളിൽ കാമറ അടക്കമുള്ള സംവിധാനങ്ങൾ സ്ഥാപിച്ച് പരിശോധന ശക്തമാക്കുമെന്നും ധനാഭ്യർത്ഥന ചർച്ചകൾക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. ജി.എസ്.ടി നടപ്പാവുന്നതോടെ നികുതിവരുമാനം ഉയരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അത് യാഥാർത്ഥ്യമായില്ല. ഗൾഫ് മേഖലയിൽ നിന്നുള്ള വരുമാനം കുറഞ്ഞതും പെട്രോൾ, ഡീസൽ നികുതി വേണ്ടത്ര ഉയരാതിരുന്നതും ഇതിന് കാരണമായി. ജി.എസ്.ടി സിസ്റ്രം പൂർണാർത്ഥത്തിൽ നിലവിൽ വരാത്തതും മുരടിപ്പിന് കാരണമായി..

മറ്ര് സംസ്ഥാനങ്ങൾക്ക് ആവശ്യമായ കൂടുതൽ സാധനങ്ങളും അവിടങ്ങളിൽ ഉത്പാദിപ്പിക്കുന്നതിനാൽ വാങ്ങൽ - വിൽക്കൽ ശൃംഖല മുറിയുന്നില്ല. എന്നാൽ കേരളം 80 ശതമാനം സാധനങ്ങളും വാങ്ങുകയാണ്. ഇവയുടെ ശരിയായ നികുതി വരുന്നില്ല. സ്വർണം, ടൈൽ, ഗ്രാനൈറ്റ്, പുകയില ഉത്പന്നങ്ങൾ തുടങ്ങിയവയുടെ നികുതിയിൽ ചോർച്ച വരുന്നുണ്ട്. ഇതിന്റെ കാരണം കണ്ടുപിടിക്കാൻ വാർഷിക റിട്ടേൺ കിട്ടണം. അടുത്ത മാസം ഇത് കിട്ടുന്നതോടെ നികുതി ചോർച്ച തിരിച്ചുപിടിക്കാനാവും. എൻഫോഴ്സ്മെന്റ് ശക്തിപ്പെടുത്തുക വഴി നടപ്പുവർഷം 14 ശതമാനം നികുതി വരുമാനം കൂടുമെന്നും ഐസക് പറഞ്ഞു.