maram

ചിറയിൻകീഴ്: പെരുങ്ങുഴി റെയിൽവേ ഗേറ്റിന് സമീപം പുറമ്പോക്ക് ഭൂമിയിൽ നിൽക്കുന്ന പ്ലാവ് അപകട ഭീഷണിയാകുന്നു. പതിറ്റാണ്ടുകൾ പഴക്കമുളള പ്ലാവിന്റെ ശിഖരങ്ങളിലൊന്നാണ് റോഡിന് കുറുകെ ചാഞ്ഞ് നിൽക്കുന്നത്. ചെറിയ കാറ്റോ മഴയോ ഉണ്ടായാൽപ്പോലും ഇത് അടർന്ന് റോഡിലേക്ക് പതിക്കുന്ന സ്ഥിതിയാണ്. തിരുവനന്തപുരം - കൊല്ലം പാതയിൽ കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുമ്പോൾ ഇവിടത്തെ ഗേറ്റ് അടയ്ക്കും. സിഗ്നൽ സിസ്റ്റം ഇല്ലാത്ത റെയിൽവേ ഗേറ്റായതിനാൽ ഒരേ സമയം ഇവിടെ മൂന്നും നാലും ട്രെയിനുകൾക്ക് വേണ്ടി വരെ ഗേറ്റ് അടച്ചിടാറുണ്ട്. ഇത് ചിലപ്പോൾ അരമണിക്കൂറിലേറെ നീളാറുണ്ട്. ആ സമയത്തെല്ലാം ഈ വൃക്ഷ ശിഖരത്തിന് താഴെയുള്ള റോഡിലാണ് വാഹനങ്ങൾ നിറുത്തുന്നത്. സ്കൂൾ വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. ശിഖരത്തിന് അടിയിലൂടെ ഇലക്ട്രിക് ലൈനും കടന്നു പോകുന്നുണ്ട്. റെയിൽവേയുടെ ഇലക്ട്രിക് ലൈനും ഇതിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ശിഖരം അടർന്നുവീണാൽ വലിയ അപകടങ്ങൾക്ക് ഇടയാകും. ഇതുകൂടാതെ സമീപത്ത് അപകട ഭീഷണി ഉയർത്തി നിന്നിരുന്ന മറ്റൊരു മരത്തിന്റെ ശിഖരങ്ങൾ ഇക്കഴിഞ്ഞ ദിവസം റെയിൽവേ അധികൃതർ മുറിച്ചുമാറ്റിയിരുന്നു. അപ്പോഴും ഇതിനെ തഴയുകയായിരുന്നു. റോഡ് പുറംമ്പോക്കിൽ നിൽക്കുന്നതിനാൽ പി.ഡബ്ലിയു.ഡി അധികൃതർക്കാണ് അതിനുളള അധികാരം എന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഇത് മുറിച്ചുമാറ്റി അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.