തിരുവനന്തപുരം: കേരളത്തിലെ സമുദ്ര തീരത്ത് അടിഞ്ഞുകൂടിക്കിടക്കുന്നത് 1051.2 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണെന്ന് പഠനം. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പരിസ്ഥിതി സന്നദ്ധ സംഘടനയായ തണൽ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. പഠന റിപ്പോർട്ട് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പ്രകാശനം ചെയതു.
ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു പഠനം നടക്കുന്നത്. 1051.2 ടൺ പ്ലാസ്റ്റിക് മാലിന്യം തീരമെമ്പാടും ചിതറിക്കിടക്കുകയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 590 കിലോമീറ്റർ നീളമുള്ള കേരളത്തിന്റെ കടലോരത്ത് 10 കിലോമീറ്റർ ഇടവിട്ട് 9 ജില്ലകളിൽ നിന്നായി 59 സാമ്പിളുകൾ ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കേരളത്തിന്റെ തീരപ്രദേശത്തിന്റെ പ്ലാസ്റ്റിക് മാലിന്യ ഇൻഡക്‌സ് 1.66 ആണ്. അതായത് ഒരു ചതുരശ്ര മീറ്റർ പ്രദേശത്ത് 1.66 കഷണം പ്ലാസ്റ്റിക് മാലിന്യങ്ങൾ. ഇത് 10.3 ഗ്രാം വരും. പ്ലാസ്റ്റിക് മലിനീകരണത്തോത് ഏറ്റവും കുറവ് ആലപ്പുഴ ജില്ലയിലെ തീരദേശത്താണ്. മലപ്പുറത്തെ തീരദേശമാണ് ഏറ്റവും മുന്നിൽ.
2050 ആകുമ്പോഴേക്കും ഇന്ത്യൻ സമുദ്രങ്ങളിലെ പ്ലാസ്റ്റിക്കിന്റെ അളവും മത്സ്യ സമ്പത്തിന്റെ അളവും ഏതാണ്ട് തുല്യമാകും എന്നാണ് ആഗോളതലത്തിലുള്ള പഠനങ്ങൾ പറയുന്നത്.
റിപ്പോർട്ട് പ്രകാശന ചടങ്ങിൽ തണൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ സി. ജയകുമാർ, പ്രോഗ്രാം കോ ഓർഡിനേറ്റർ നിഖിലേഷ്, പഠനത്തിന് നേതൃത്വം നൽകിയ അന്ന ജോസഫ്, സനീറ്റ മാത്യു, സുജിത്ത് എന്നിവർ പങ്കെടുത്തു.