1

പൂവാർ: തിരുപുറം കഞ്ചാംപഴിഞ്ഞി ജംഗ്ഷനിൽ കഴിഞ്ഞ ഒരു മാസത്തോളമായി പൈപ്പ് പൊട്ടി വെള്ളം റോഡിലേയ്ക്ക് ഒഴുകുകയാണ്. റോഡ് സൈഡിലെ വീടുകളിലും കടകളിലും വെള്ളം കയറി. കഴിഞ്ഞ ഒരു മാസമായി റോഡ് തോടായി ഒഴുകുകയാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തിയെങ്കിലും ചോർച്ച പരിഹരിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. കളിപ്പാറ കുടിവെള്ള പദ്ധതിയുടെ ഭാഗമായി 2004ൽ കൊണ്ടുവന്ന പൈപ്പുകളാണ് 2014ൽ കുഴിച്ചിട്ടത്. പഴക്കമേറിയ പൈപ്പുകൾ അമിത ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുന്ന റോഡിന് നടുവിലാണ് കുഴിച്ചിട്ടിരിക്കുന്നത്. കൂടാതെ അടിമണ്ണ് കളിമണ്ണായതിനാലുമാണ് ജോയിന്റുകൾ പൊട്ടാൻ ഇടയാകുന്നതെന്ന് അസ്സിസ്റ്റന്റ് എക്സികുട്ടീവ് ഇൻജിനീയർ പറഞ്ഞു. ഇത്തരത്തിലുണ്ടാകുന്ന പൊട്ടലുകൾ സമയബന്ധിതമായി നേരിട്ട് പരിഹരിക്കാനുള്ള സംവിധാനം വാട്ടർ അതോറിട്ടിക്കില്ല. പെറ്റികോൺട്രാക്റ്റുകൾ എടുക്കാൻ കരാറുകാർ തയാറാകാത്തതും അനുയോജ്യമായതും ഈടുറ്റതുമായ സ്പെയറുകൾ കിട്ടാതിരിക്കുന്നതും പ്രശ്നം പരിഹരിക്കാൻ വൈകുന്നതിന് കാരണമാകുന്നുവെന്നും എ.ഇ. പറഞ്ഞു. റോഡിലെ അപകടാവസ്ഥയ്ക്ക് അടിയന്തിര പരിഹാരം ഉടനടിയുണ്ടാക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര താലൂക്ക് പ്രസിഡന്റ് തിരുപുറം ശ്രീകുമാർ ആവശ്യപ്പെട്ടു.