medical-seat

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനം ഉറപ്പുവരുത്താനായി മെഡിക്കൽ കൗൺസിലിൽ 10 ശതമാനം സീറ്റ് വർദ്ധനയ്ക്ക് അപേക്ഷിക്കാൻ സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് സർക്കാർ നൽകിയ അനുമതി വിവാദമായി. സീ​റ്റ് വർദ്ധനയ്ക്ക് അപേക്ഷിക്കാൻ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മാത്രമേ അനുമതിയുള്ളൂവെന്ന മെഡിക്കൽ കൗൺസിൽ സർക്കുലർ പുറത്തുവന്നതോടെ 22 സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് നേരത്തേ നൽകിയ വിവാദ അനുമതി പിൻവലിച്ച് സർക്കാർ തലയൂരി. ഇതോടെ സീ​റ്റ് വർദ്ധനയ്ക്കായി അപേക്ഷിച്ച ഒമ്പത് സർക്കാർ മെഡിക്കൽ കോളേജുകളിൽ മാത്രമാവും സീറ്റ് കൂടുക. 200 സീ​റ്റോ അതിൽ താഴെയോ സീ​റ്റുള്ള മെഡിക്കൽ കോളേജുകളിലാണ് സീ​റ്റ് വർദ്ധന അനുവദിക്കുക. 250 സീ​റ്റുള്ള കോഴിക്കോട് മെഡിക്കൽ കോളേജ് ഒഴികെയുള്ള സർക്കാർ കോളേജുകളാണ് സീ​റ്റ് വർദ്ധനയ്ക്ക് അപേക്ഷ നൽകിയത്.

സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സീ​റ്റ് കൂട്ടാൻ തീരുമാനിച്ചത്. ഇതിനായി സീ​റ്റ് വർദ്ധനയ്ക്ക് മെഡിക്കൽ കൗൺസിൽ അപേക്ഷ ക്ഷണിച്ചിരുന്നു. ഇതുപ്രകാരം ന്യൂനപക്ഷ പദവിയുള്ളവയെ ഒഴിവാക്കി എട്ട് സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് ചൊവ്വാഴ്ച സർക്കാർ അനുമതിപത്രം നൽകിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. അനുമതി ലഭിക്കാത്തതിനെതിരെ ഏതാനും ന്യൂനപക്ഷ കോളേജ് മാനേജ്‌മെന്റുകൾ രംഗത്തുവന്നു. എട്ട് കോളേജുകളുടെ പട്ടികയിൽ മെഡിക്കൽ കൗൺസിലിന്റെയും ആരോഗ്യ സർവകലാശാലയുടെയും അംഗീകാരമില്ലാത്ത പാലക്കാട് ചെർപ്പുളശേരിയിലെ കേരള, വർക്കല എസ്.ആർ മെഡിക്കൽ കോളേജുകൾ കടന്നുകൂടിയത് സർക്കാരിനെ പ്രതിരോധത്തിലാക്കി.

ഇതിനു പിന്നാലെ ആദ്യ പട്ടികയിൽ ഉൾപ്പെടാതിരുന്ന 14 കോളേജുകൾക്ക് കൂടി സീറ്റ് വർദ്ധനയ്ക്ക് അപേക്ഷിക്കാൻ സർക്കാർ ഇന്നലെ അനുമതി നൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ പ്രവേശനത്തിനായുള്ള സീ​റ്റ് വർദ്ധനയ്ക്ക് അപേക്ഷിക്കാൻ ഗവ. മെഡിക്കൽ കോളേജുകൾക്ക് മാത്രമേ അനുമതിയുള്ളൂവെന്ന് കഴിഞ്ഞ മാസം മെഡിക്കൽ കൗൺസിലിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നത് പുറത്തായതോടെ ആരോഗ്യവകുപ്പ് വെട്ടിലായി. ഇതോടെ 22 സ്വാശ്രയ മെഡിക്കൽ കോളേജുകൾക്കും സീ​റ്റ് വർദ്ധനയ്ക്കായി നൽകിയ അനുമതി സർക്കാർ പിൻവലിച്ചു. ആരോഗ്യവകുപ്പിലെ ഉന്നതരുടെ തിടുക്കത്തിലുള്ള നടപടികളാണ് വിവാദത്തിന് വഴിവച്ചത്.

സീറ്റ് വർദ്ധന ഇങ്ങനെ

നിലവിലുള്ള സീ​റ്റിന് പുറമെ പത്ത് ശതമാനം സീ​റ്റാണ് മെഡിക്കൽ കൗൺസിൽ അനുവദിക്കുക.

ഇത് ഉറപ്പുവരുത്താൻ പരമാവധി 25 ശതമാനം വരെ വർദ്ധന അനുവദിക്കും.

ഇതുപ്രകാരം നിലവിൽ 50 മെഡിക്കൽ സീ​റ്റുള്ള കോളേജുകളിൽ 75 സീ​റ്റ് വരെ കൂടാം.

100 സീ​റ്റുള്ളത് 125 അല്ലെങ്കിൽ 150 ആയോ വർദ്ധിപ്പിക്കും. 150 സീ​റ്റുള്ളത് 200 വരെ ആകും.