2

വിഴിഞ്ഞം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഏക്കർ കണക്കിന് വാഴകൾ നശിച്ചു. വെണ്ണിയൂർ, മുട്ടയ്ക്കാട് ഏലകളിലാണ് ഏറ്റവുമധികം വാഴകൾ നശിച്ചത്. പതിനായിരത്തോളം വാഴകൾ നശിച്ചെന്നാണ് കർഷകർ പറയുന്നത്. മുട്ടയ്ക്കാട് സ്വദേശി രാജപ്പന്റെ എണ്ണൂറോളം വാഴകൾ ഒടിഞ്ഞുവീണു. കുലച്ച വാഴകളാണ് അധികവും ഒടിഞ്ഞത്. പാട്ടത്തിന് വയലെടുത്ത് കൃഷി ചെയ്യുന്നവരാണധികവും. ചെലപ്പൻ, കെ. സെൽവരാജൻ, സുകുമാരൻ, ചന്ദ്രശേഖരൻ, സുധാകരൻ നായർ, അശോകൻ, ചെല്ലൻ, ശ്രീധരൻ, ഷാജി, അപ്പുക്കുട്ടൻ, ശ്രീകുമാരൻ നായർ, ജയകുമാർ, നാണു കുട്ടൻ നായർ, വിജയരാജ്, പ്രഭാകരൻ എന്നിവരുടെ കൃഷിയാണ് കൂടുതലും നാശം സംഭവിച്ചത്. വാഴകൾ ഓരോന്നും മൂന്നു രൂപ വച്ച് ഇൻഷ്വർ ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ വർഷം സംഭവിച്ച കൃഷി നാശത്തിന്റെ ഇൻഷ്വറൻസ് തുക പോലും ഇതുവരെ ലഭിച്ചില്ലെന്നും കർഷകർ പറയുന്നു. നെയ്യാറ്റിൻകര എ.ഡി.എം. അജിത, വെങ്ങാനൂർ കൃഷി ഓഫീസർ, അഗ്രികൾച്ചറൽ അസിസ്റ്റൻഡ് എന്നിവർ സ്ഥലം സന്ദർശിച്ചു.