photo

നെടുമങ്ങാട്: പത്ത് വയസുകാരനെ തല്ലിച്ചതച്ച സംഭവത്തിൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ മാതാവ് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. നെടുമങ്ങാട് ടൗൺ യു.പി.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്നുവരുന്ന വഴി സമീപത്തെ സ്വകാര്യ ഡ്രൈവിംഗ് സ്‌കൂൾ ഉടമ അടിവയറ്റിൽ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. കുട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന ടൂവീലറിൽ സ്‌കൂൾ കുട്ടികൾ തൊട്ടതിന്റെ പേരിലാണ് മകനെ മർദ്ദിച്ചതെന്ന് മാതാവ് സബീന ബീവിയുടെ പരാതിയിൽ പറയുന്നു. നെടുമങ്ങാട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് വിട്ടയക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്. സ്‌കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ചയാളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി വിഷ്ണു ജി.എസ് ഉദ്ഘാടനം ചെയ്‌തു. അബ്നാഷ് അസീസ്, ലിജിൻ എൽ.എസ്, അരുൺ രാജീവ് എ.ആർ, ബിപിൻ എ. കുമാർ, ഹരി എ.എസ്, അമൽ പ്രിയ, അമൃത് എസ്.പി എന്നിവർ സംസാരിച്ചു.