തിരുവനന്തപുരം: വിദൂര വിദ്യാഭ്യാസകോഴ്‌സുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള കേരള ഓപ്പൺ സർവകലാശാല അടുത്ത വർഷം നിലവിൽ വരും. ഇതുസംബന്ധിച്ച് സർക്കാർ നിയോഗിച്ച സ്‌പെഷ്യൽ ഓഫീസർ ഡോ. ജെ. പ്രഭാഷ് മന്ത്റി കെ.ടി ജലീലിന് റിപ്പോർട്ട് സമർപ്പിച്ചു. വിവിധ സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നടത്തുന്ന കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഈ വർഷത്തോടെ അവസാനിപ്പിക്കും. നിലവിലുള്ള വിദൂരപഠനകേന്ദ്രങ്ങൾ ഓപ്പൺ സർവകലാശാലയുടെ മേഖലാകേന്ദ്രങ്ങളാക്കി മാറ്റും. പുതിയ സർവകലാശാലയുടെ ആസ്ഥാനം സർക്കാർ പിന്നീട് തീരുമാനിക്കും.
നിലവിൽ വിവിധ സർവകലാശാലകളുടെ വിദൂരപഠനകേന്ദ്രങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവിടെത്തന്നെപഠനം പൂർത്തിയാക്കാം. മാനവിക വിഷയങ്ങൾക്ക് പുറമെ സയൻസ് വിഷയങ്ങളിലും ഓപ്പൺ സർവകലാശാല കോഴ്‌സുകൾ നടത്തും. പരമ്പരാഗതകോഴ്‌സുകൾക്ക് പുറമെ മാസീവ് ഓൺലൈൻ ഓപ്പൺ കോഴ്‌സുകൾ (മൂക്) സർവകലാശാലക്ക് കീഴിൽ തുടങ്ങും.
''ഓപ്പൺ സർവകലാശാലയുടെ സർട്ടിഫിക്കറ്റുകൾ മറ്റ് സർവകലാശാലകൾ അംഗീകരിക്കണമെന്ന് നിഷ്‌കർഷിക്കും. പി.എസ്.സിയെക്കൊണ്ടും ഓപ്പൺ കോഴ്സുകൾ അംഗീകരിപ്പിക്കാൻ ശ്രമിക്കും. സർവകലാശാലകളുടെ ജോലിഭാരം കുറയ്ക്കാനും പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം തുടങ്ങിയ അക്കാഡമിക് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഓപ്പൺ സർവകലാശാല സഹായിക്കും.''
കെ.ടി.ജലീൽ
ഉന്നത വിദ്യാഭ്യാസ മന്ത്രി