india-newzealand-world-cu
india newzealand world cup cricket

ഇന്ന് ലോകകപ്പിൽ ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം

പരിക്കേറ്റ ഒാപ്പണർ ശിഖർ ധവാൻ ഇന്ന് കളിക്കാനുണ്ടാവില്ല.

നോട്ടിംഗ് ഹാം : ഇൗ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് മൂന്നാം മത്സരത്തിനിറങ്ങുമ്പോൾ കളിക്കാരും ആരാധകരും സമ്മർദ്ദത്തിലായതിന് ഒന്നേയുള്ളൂ കാരണം. ഒാപ്പണർ ശിഖർ ധവാന്റെ പരിക്ക്. കഴിഞ്ഞ മത്സരത്തിൽ ആസ്ട്രേലിയ്ക്കെതിരെ സെഞ്ച്വറിയടിക്കുന്നതിനിടയിൽ വിരലിന് നേരിയ പൊട്ടലേറ്റ ധവാനെകൂടാതെ ഇന്ന് ന്യൂസിലൻഡിനെതിരെ കളിക്കാനിറങ്ങേണ്ടിവരുമ്പോൾ അത് ബാറ്റിംഗ് ലൈനപ്പിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.

കളിച്ച മൂന്ന് മത്സരങ്ങളിലും വിജയം നേടി പോയിന്റ് പട്ടികയിൽ ഒന്നാമത് നിൽക്കുന്ന ടീമാണ് കിവീസ്. പക്ഷേ ഇൗ മൂന്ന് വിജയങ്ങളും ടൂർണമെന്റിലെ താരതമ്യേന ദുർബലരായ ശ്രീലങ്ക, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കെിതരെയായിരുന്നു. ന്യൂസിലൻഡിന്റെ യഥാർത്ഥ വെല്ലുവിളി ഇന്നുമുതലാണ് ആരംഭിക്കുകയെന്ന് നിസംശയം പറയാം.

എതിരാളികൾ ദുർബലരായിരുന്നുവെങ്കിലും ആദ്യമത്സരങ്ങൾ കിവീസിന് ആറ് പോയിന്റുകൾ മാത്രമല്ല നൽകിയത്, ടീമംഗങ്ങൾക്ക് ഫോമിലേക്ക് എത്താനുള്ള അവസരവും കൂടിയാണ്. കിവീസിന്റെ ബൗളർമാരും ബാസ്റ്റ്മാൻമാരും താളത്തിലേക്ക് ഉയർന്നു കഴിഞ്ഞു. ആദ്യമത്സരത്തിൽ ശ്രീലങ്കയെ 136 റൺസിന് ആൾ ഒൗട്ടാക്കിയശേഷം 16.1 ഒാവറിലാണ് കിവീസ് ജയിച്ചത്. മാറ്റ് ഹെൻട്രിയും ലോക്കി ഫെർഗൂസണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബാറ്റിംഗിൽ ഗപ്ടിലും (73), മൺറോയും (58) അർദ്ധ സെഞ്ച്വറികളുമായി പുറത്താകാതെ നിന്നപ്പോൾ വിജയം പത്തുവിക്കറ്റിനായിരുന്നു. ബംഗ്ളാദേശിനെതിരായ മത്സരത്തിൽ അല്പം വിയർത്തെങ്കിലും വിജയം കൈവിട്ടുപോയില്ല. നാല് വിക്കറ്റ് വീഴ്ത്തിയ ഹെൻട്രിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ബൗൾട്ടും ഇൗ മത്സരത്തിലും തിളങ്ങിയിരുന്നു. മറ്റ് ബാറ്റ്സ്മാൻമാർ തളർന്നപ്പോൾ 82 റൺസടിച്ച റോസ് ടെയ്‌ലറാണ് അവസരത്തിനൊത്തുയർന്നത്. അഫ്ഗാനെതിരെയും ആധികാരിക വിജയം നൽകിയത് ബൗളർമാരാണ്. അഞ്ച് വിക്കറ്റുമായി ജിമ്മി നീഷവും നാല് വിക്കറ്റുമായി ഫെർഗൂസണും ഇൗ മത്സരത്തിൽ തിളങ്ങി. അർദ്ധ സെഞ്ച്വറി നേടി ക്യാപ്ടൻ കേൻ വില്യംസൺ ഫോം പ്രദർശിപ്പിക്കുകയും ചെയ്തു.

ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്കയെയും തുടർന്ന് ആസ്ട്രേലിയയെയും കീഴടക്കിയ ഇന്ത്യയ്ക്ക് ഇന്ന് കനത്ത വെല്ലുവിളി ഉയർത്തുക കിവീസിന്റെ പേസർമാരാണ്. ഹെൻട്രി, ബൗൾട്ട്, ഫെർഗൂസൺ, കോളിൻ ഡി ഗ്രാൻഡ് ഹോം എന്നിവരെ സൂക്ഷ്മതയോടെ നേരിട്ടാലേ പറ്റൂ. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഒാപ്പണിംഗിൽ കാട്ടിയ ശ്രദ്ധ ആവർത്തിച്ചേ മതിയാകൂ എന്ന് സാരം. ബുംറയുടെ നേതൃത്വത്തിൽ ബൗളർമാർ പുലർത്തുന്ന അച്ചടക്കം ക്യാപ്ടൻ കൊഹ്‌ലിക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. ഇൗ മത്സരത്തിലും ഇന്ത്യ കുൽദീപ്-ചഹൽ സ്പിൻ ജോഡിയെ പരീക്ഷിച്ചേക്കും.

ടീമുകൾ ഇവരിൽനിന്ന്

ഇന്ത്യ: വിരാട് കൊഹ്‌ലി, രോഹിത് ശർമ്മ, ബുംറ, ചഹൽ, ധോണി, ജഡേജ, കേദാർ, ദിനേഷ് കാർത്തിക്, കുൽദീപ്, ഭുവനേശ്വർ, ഷമി, പാണ്ഡ്യ, രാഹുൽ, വിജയ് ശങ്കർ, ശിഖർധവാൻ.

ന്യൂസിലാൻഡ് : കേൻ വില്യംസൺ, ടോം ബ്ളൻഡേൽ , ട്രെന്റ് ബൗൾട്ട്, കോളിൻ ഡി ഗ്രാൻഡ് ഹോം, ലോക്കീ ഫെർഗൂസൺ, മാർട്ടിൻ ഗപ്ടിൽ, മാറ്റ് ഹെൻട്രി, ടോം ലതാം, കോളിൻ മൺറോ, ജെയിംസ് നീഷം, ഹെൻറി നിക്കോൾസ്, മിച്ചൽ സാന്റനർ, ഇഷ് സോധി, ടിം സൗത്തീ, റോസ് ടെയ്‌ലർ.

നോട്ടിംഗ് ഹാമിലും മഴ ഭീഷണി

ഇന്ന് ഇന്ത്യ-ന്യൂസിലൻഡ് മത്സരം നടക്കുന്ന നോട്ടിംഗ് ഹാമിലും കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. കഴിഞ്ഞദിവസം മഴകാരണം ഇന്ത്യൻ ടീം പരിശീലനം ഉപേക്ഷിച്ചിരുന്നു.

ഇംഗ്ളണ്ടിൽ തിങ്കളാഴ്ച മുതൽ പലയിടത്തും കനത്ത മഴയാണ് തുടർച്ചയായ രണ്ട് മത്സരങ്ങൾ മാറ്റിവയ്ക്കേണ്ടിയും വന്നു.

ധവാന് മൂന്ന് കളി നഷ്ടമാകും

വിരലിനേറ്റ പരിക്കിൽനിന്ന് ധവാൻ മോചിതനാകാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ. അടുത്ത രണ്ട് മത്സരങ്ങളിൽ നിന്ന് ധവാനെ ടീം മാനേജ്മെന്റ് ഒഴിവക്കിയതായി അറിയിച്ചിട്ടുണ്ട്. ന്യൂസിലൻഡ്, പാകിസ്ഥാൻ എന്നിവർക്കെതിരായ മത്സരങ്ങളിലാണ് ഒഴിവാക്കിയിരിക്കുന്നത്. ഇൗമാസം 16 നാണ് പാകിസ്ഥാനെതിരായ മത്സരം. എന്നാൽ 22ന് അഫ്ഗാനെതിരായ മത്സരത്തിൽ ധവാനെ റിസ്‌കെടുത്ത് കളിപ്പിക്കേണ്ട എന്നാണ് കോച്ച് രവിശാസ്ത്രിയുടെ തീരുമാനം. അങ്ങനെ വന്നാൽ ജൂൺ 27ന് വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന മത്സരത്തിലാകും ധവാൻ കളിക്കുക. ധവാനെ ഇപ്പോൾ ടീമിൽ നിന്ന് ഒൗദ്യോഗികമായി ഒഴിവക്കാൻ ടീം മാനേജ്മെന്റ് തയ്യാറല്ല. ഒഴിവാക്കിയാൽ പിന്നെ തിരിച്ചെടുക്കുക സാങ്കേതികമായി ബുദ്ധിമുട്ടാണ്. ഒഴിവാക്കിയാൽ പകരക്കാരനെ ഉൾപ്പെടുത്താം. പക്ഷേ അപ്പോഴേക്കും ധവാന്റെ പരിക്ക് മാറിയാൽ മറ്റാർക്കെങ്കിലും പരിക്കേറ്റാലേ തിരിച്ചെത്താനാകൂ. ബാറ്റിംഗ് ഒാർഡർ എങ്ങനെ? ശിഖർ ധവാന്റെ അഭാവം ഇന്ത്യൻ ബാറ്റിംഗ് ഒാർഡറിൽ വലിയ മാറ്റം വരുത്തും. ധവാന് പകരം ഒാപ്പണറായി കളിക്കാൻ ടീമിലുള്ളത് കെ.എൽ. രാഹുലാണ്. രാഹുൽ ആദ്യമത്സരത്തിൽ നാലാം നമ്പർ പൊസിഷനിലാണ് ഇറങ്ങിയത്. രണ്ടാം മത്സരത്തിൽ ഹാർദിക് പാണ്ഡ്യയെ നാലാമനാക്കി ഇറക്കിയപ്പോൾ രാഹുൽ ആറാമതായി. മത്സരത്തിന്റെ ഗതിക്കനുസരിച്ചായിരുന്നു ബാറ്റിംഗ് ഒാർഡറിലെ ഇൗ മാറ്റം. ഇന്ന് ശിഖറിന് പകരം രാഹുലാണ് ഒാപ്പൺ ചെയ്യുന്നത് എങ്കിൽ വരാൻ സാദ്ധ്യതയുള്ളത് ദിനേഷ് കാർത്തിക്, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ എന്നിവരിൽ ഒരാളാണ്. മദ്ധ്യനിരയിൽ നന്നായി ബാറ്റിംഗിന് കഴിയുന്ന ഒരാൾക്ക് നറുക്ക് വീഴുമെന്നാണ് നിരീക്ഷണം. അനുഭവസമ്പത്തിൽ മുന്നിലുള്ളത് ദിനേഷ് കാർത്തിക്കും രവീന്ദ്ര ജഡേജയുമാണ്. ജഡേജ കഴിഞ്ഞ മത്സരത്തിൽ ശിഖറിന് പകരം ഫീൽഡ് ചെയ്തിരുന്നു. ജഡേജയെയോ വിജയ് ശങ്കറിനെയോ കളിപ്പിക്കുകയാണെങ്കിൽ ഫോമിലല്ലാത്ത കുൽദീപിനെ കൂടി മാറ്റാൻ സാദ്ധ്യതയുണ്ട്. അങ്ങനെ വന്നാൽ ഒരു ബാറ്റ്‌സ്മാന് കൂടി അവസരം ലഭിച്ചേക്കും. പന്ത് ഇംഗ്ളണ്ടിലെത്തി ശിഖർ ധവാന് പരിക്കേറ്റ വാർത്ത അറിഞ്ഞതോടെതന്നെ ബി.സി.സി.ഐ യുവ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ ഋഷഭ് പന്തിനോട് ഇംഗ്ളണ്ടിലേക്ക് തിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. അഥവാ ധവാനെ ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കേണ്ടിവന്നാൽ പകരക്കാരനായി 15 അംഗ ടീമിൽ ഉൾപ്പെടുത്താനാണ് പന്തിനെ വരുത്തിയിരിക്കുന്നത്. എന്നാൽ ധവാന്റെ പരിക്ക് വിശദമായി വിലയിരുത്തി കളിക്കാൻ ഒരു സാദ്ധ്യതയുമില്ലെങ്കിൽ മാത്രമേ പന്തിനെ ടീമിൽ ഉൾപ്പെടുത്തൂ. അതേസമയം ഋഷഭ് പന്തിന് പകരം അജിങ്ക്യ രഹാനെ, അമ്പാട്ടി റായ്ഡു എന്നിവരിൽ ആരെയെങ്കിലുമാകണമായിരുന്നു ധവാന് പകരക്കാരനായി അയയ്ക്കേണ്ടിയിരുന്നത് എന്ന് അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. ടിവി ലൈവ് വൈകിട്ട് മൂന്ന് മണിമുതൽ സ്റ്റാർ സ്പോർട്സിൽ കിവീസ് നിരയിൽ സൂക്ഷിക്കേണ്ട 5 പേർ 1. കേൻവില്യംസൺ മികച്ച ബാറ്റ്സ്‌മാൻ. ബുദ്ധിമാനായ ക്യാപ്ടൻ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം. ഇന്ത്യയ്ക്കെതിരെ അനുഭവ പരിചയം. 2. റോസ് ടെയ്ലർ സ്പിൻ ബൗളിംഗിനെ ഏറ്റവും നന്നായി നേരിടാൻ കഴിയുന്ന കിവീസ് താരം. പരിചയ സമ്പന്നനായ മദ്ധ്യനിര ബാറ്റ്സ്‌മാൻ. മികച്ച ഫോമിൽ. 3. മാർട്ടിൻ ഗപ്ടിൽ വമ്പൻ പ്രഹരത്തിന് ശേഷിയുള്ള ഒാപ്പണർ. ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനങ്ങൾ നടത്തിയ പരിചയം. 4. ട്രെന്റ് ബൗൾട്ട് ഇന്ത്യൻ മുന്നേറ്റത്തെ വിരട്ടാൻ കഴിവുള്ള പേസ്. ഒാപ്പണിംഗിൽ ധവാൻ ഇല്ലാത്തത് മുതലാക്കാൻ ബൗൾട്ടിന് കഴിഞ്ഞേക്കും. 5. ലോക്കീ ഫെർഗൂസൺ കഴിഞ്ഞമത്സരങ്ങളിലെല്ലാം അതിഗംഭീരമായ പ്രകടനം. മൂന്ന് മത്സരങ്ങളിൽ നിന്ന് ഇതുവരെ സ്വന്തമാക്കിയത് എട്ട് വിക്കറ്റുകൾ. ഒരു അഞ്ചുവിക്കറ്റ് നേട്ടം.