ജർമ്മനി എതിരില്ലാത്ത എട്ടുഗോളുകൾക്ക്
എസ്‌തോണിയയെ കീഴടക്കി
. ഇറ്റലിക്കും ഐസ്‌ലാൻഡിനും ജയം,
ഗ്രീസിനും തുർക്കിക്കും തോൽവി
മത്സരഫലങ്ങൾ
ജർമ്മനി 8- എസ്തോണിയ 0
ഇറ്റലി 2-ബോസ്‌നിയ 1
ഐസ്‌ലാൻഡ് 2-തുർക്കി 1
ഹംഗറി 1-വെയിൽസ് 0
അർമേനിയ 3- ഗ്രീസ് 2
ബെൽജിയം 3-സ്കോട്ട്‌ലാൻഡ് 0
ഫ്രാൻസ് 4- അൻഡോറ 0
ബെർലിൻ : യൂറോ കപ്പ് ഫുട്ബാളിന്റെ യോഗ്യതാ റൗണ്ടിൽ ജർമ്മനിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത എട്ട് ഗോളുകൾക്ക് എസ്‌തോണിയയെയാണ് ജർമ്മനി കീഴടക്കിയത്.
മാർക്കോ റിയൂസും ഗനാബ്രിയും രണ്ട് ഗോളുകൾ വീതം നേടിയപ്പോൾ ഗൊരേസ്‌ക , ഇക്കേയ് ഗുണ്ടോഗൻ, ടിം വെർണർ, ലെറോയ് സാനേ എന്നിവർ ഒാരോ ഗോളടിച്ചു. 10-ാം മിനിട്ടിൽ റിയൂസിലൂടെയാണ് ജർമ്മനി ഗോളടി തുടങ്ങിയത്. 17-ാം മിനിട്ടിൽ ഗനാബ്രിയും 20-ാം മിനിട്ടിൽ ഗോർസെക്കയും സ്കോർ ചെയ്തു. 26-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്നായിരുന്നു ഗുൻഡോഗന്റെ ഗോൾ. 37-ാം മിനിട്ടിൽ റിയൂസ് രണ്ടാം ഗോളും നേടിയതോടെ ആദ്യപകുതിയിൽ ജർമ്മനി 5-0 ത്തിന് മുന്നിലെത്തി. 62-ം മിനിട്ടിൽ ഗനാബ്രി തന്റെ രണ്ടാം ഗോൾ നേടി. 79-ാം മിനിട്ടിൽ വെർണറും 88-ം മിനിട്ടിൽ സാനേയും പട്ടിക പൂർത്തിയാക്കി.
ഇൗ വിജയത്തോടെ ഗ്രൂപ്പ് സിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒൻപത് പോയിന്റായ ജർമ്മനി രണ്ടാംസ്ഥാനത്തായി. നാല് കളികളിൽ നിന്ന് 12 പോയിന്റുള്ള വടക്കൻ അയർലാൻഡാണ് ഒന്നാമത്.
നിലവിലെ ലോക ചാമ്പ്യൻമാരായ ഫ്രാൻസ് 4-0 ത്തിന് അൻഡോറയെയാണ് കീഴടക്കിയത്. കൈലിയൻ എംബാപ്പെ, ബെൻ യെഡർ, തൗവിൻ, സൗമ എന്നിവരാണ് ഫ്രാൻസിന് വേണ്ടി ഗോൾ നേടിയത്. ഇൗ മത്സരത്തിലൂടെ എംബാപ്പെ കരിയറിൽ നൂറ് ഗോളുകൾ എന്ന നേട്ടത്തിലേക്കെത്തി. ഗ്രൂപ്പ് എച്ചിൽ നാല് കളികളിൽ നിന്ന് ഒൻപത് പോയിന്റുമായി ഫ്രാൻസ് ഒന്നാമതാണ്.
ഇന്നലെ അർമേനിയയോട് 2-3ന് തോറ്റ ഗ്രീസാണ് രണ്ടാംസ്ഥാനത്ത്.
ബെൽജിയം ഗ്രൂപ്പ് ഐയിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് സ്കോട്ട്‌ലാൻഡിനെ കീഴടക്കി. ബെൽജിയത്തിനായി റൊമേലു ലുക്കാക്കു ഇരട്ട ഗോളുകൾ നേടി. ആദ്യപകുതിക്ക് വിസിൽ മുഴങ്ങുന്നതിനു തൊട്ടുമുമ്പും 57-ാം മിനിട്ടിലുമായിരുന്നു ലുക്കാക്കുവിന്റെ ഗോളുകൾ ഇൻജുറി ടൈമിൽ കെവിൻ ഡി ബ്രുയാനാണ് രണ്ടാംഗോൾ നേടിയത്.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇറ്റലി ബോസ്‌നിയ ഹെഴ്സ ഗോവിനയെ കീഴടക്കിയപ്പോൾ ഐസ്‌ലാൻഡ് 2-1ന് തുർക്കിയെ തോൽപ്പിച്ചു. വടക്കൻ അയർലാൻഡ് 1-0 ത്തിന് ബെലറൂസിനെ കീഴടക്കി.
സൗഹൃദത്തിൽ ക്രൊയേഷ്യയ്ക്ക്
തോൽവി
സാഗ്രെബ് : കഴിഞ്ഞ രാത്രി നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ലോക കപ്പ് റണ്ണർ അപ്പുകളായ ക്രൊയേഷ്യയെ ടുണീഷ്യ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ടുണീഷ്യൻ ജയം. 16-ാം മിനിട്ടിൽ ബദ്രിയുടെ ഗോളിന് മുന്നിലെത്തിയ ടുണീഷ്യയെ 47-ാം മിനിട്ടിൽ പെറ്റ് കോവിച്ചിലൂടെ ക്രൊയേഷ്യ സമനിലയിൽ പിടിച്ചിരുന്നു. എന്നാൽ 70-ാം മിനിട്ടിൽ സ്ളീറ്റിയുടെ പെനാൽറ്റിയിലൂടെ ടുണീഷ്യ അപ്രതീക്ഷിത വിജയം നേടുകയായിരുന്നു.