transfer-of-collectors

തിരുവനന്തപുരം: തിരുവനന്തപുരത്തും എറണാകുളത്തും ഉൾപ്പെടെ ഏഴ് ജില്ലാ കളക്ടർമാർക്ക് മാറ്റം. ആറ് മാസത്തെ അവധിയിൽ പോയ ഡോ.കെ. വാസുകിക്ക് പകരം തിരുവനന്തപുരം കളക്ടറായി പൊതുഭരണ ഡെപ്യൂട്ടി സെക്രട്ടറി കെ. ഗോപാലകൃഷ്ണനെ നിയമിച്ചു. എറണാകുളം കളക്ടർ മുഹമ്മദ് സഫീറുള്ളയെ എസ്.ജി.എസ്.ടി വകുപ്പ് അഡിഷണൽ കമ്മീഷണറാക്കി. വിവാദമായ കുന്നത്തുനാട് നിലംനികത്തൽ കേസിൽ സ്വകാര്യകമ്പനിക്കെതിരായ ഉത്തരവിറക്കിയത് സഫീറുള്ളയാണ്. ഇദ്ദേഹത്തിന്റെ ഉത്തരവാണ് റവന്യു അഡിഷണൽ ചീഫ്സെക്രട്ടറി പിന്നീട് തിരുത്തിയതും വിവാദമായതും. വിവരസാങ്കേതികവിദ്യാ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അധിക ചുമതലയും സഫീറുള്ള വഹിക്കും.

ആലപ്പുഴ ജില്ലാ കളക്ടർ എസ്. സുഹാസ് ആണ് പുതിയ എറണാകുളം കളക്ടർ. കണ്ണൂർ ജില്ലാ കലക്ടർ മീർ മുഹമ്മദ് അലിയെ ശുചിത്വമിഷൻ ഡയറക്ടറാക്കി. മലപ്പുറം ജില്ലാ കളക്ടർ അമിത് മീണയെ അനർട്ട് ഡയറക്ടറാക്കി. ലോട്ടറി വകുപ്പ് ഡയറക്ടറുടെ ചുമതലയും വഹിക്കും. അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദീല അബ്ദുള്ളയെ ആലപ്പുഴ ജില്ലാ കളക്ടറാക്കും. ഹൗസിംഗ് കമ്മീഷണർ ബി. അബ്ദുൾ നാസറിനെ കൊല്ലം കളക്ടറാക്കി. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ജാഫർ മാലിക്കിനെ മലപ്പുറം ജില്ലാ കളക്ടറാക്കി. ഐ ആൻഡ് പി.ആർ.ഡി. ഡയറക്ടർ ടി.വി. സുഭാഷിനെ കണ്ണൂർ ജില്ലാ കളക്ടറാക്കി.

കെ.എം.ആർ.എൽ. മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് സെക്രട്ടറിയാക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജിന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മനേജിംഗ് ഡയറക്ടറുടെ ചുമതലയും നൽകും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് സൈനിക ക്ഷേമ വകുപ്പ്, പ്രിന്റിംഗ് എന്നിവയുടെ ചുമതലയും നൽകും.

കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. രത്തൻ ഖേൽകർക്ക് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറട്കറുടെ അധികച്ചുമതല നൽകും. ലാൻഡ് ബോർഡ് സെക്രട്ടറി സി.എ.ലതയെ ലാൻഡ് റവന്യു കമ്മിഷണറാക്കും. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ യു.വി. ജോസിനെ ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മാറ്റി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.