sea-attack
sea attack

തിരുവനന്തപുരം: ഒമ്പത് തീരദേശ ജില്ലകളിൽ അടിയന്തര കടലാക്രമണ പ്രതിരോധത്തിന് 22.5 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് സഹായം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ വകുപ്പുകളുടെ ജില്ലാ തലവൻമാരെ ഉൾപ്പെടുത്തി കളക്ടർമാരുടെ നേതൃത്വത്തിൽ കമ്മിറ്റികളും ജനപ്രതിനിധികളെ ഉൾപ്പെടുത്തി മേൽനോട്ട സമിതികളും രൂപീകരിക്കും.

പ്രളയം: അവശർക്ക് അധികസഹായം

2018ലെ പ്രളയത്തിൽ പൂർണമായോ ഭാഗികമായോ വീട് തകർന്നവരിൽ കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും അധിക ധനസഹായം നൽകാൻ 'പ്രത്യുത്ഥാനം' പദ്ധതി നടപ്പാക്കും. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്തു കോടി രൂപ അനുവദിക്കും.

വെള്ളപ്പൊക്കത്തിലോ ഉരുൾപൊട്ടലിലോ 15 ശതമാനത്തിൽ കൂടുതൽ നാശം നേരിട്ട വീടുകളിലെ കുടുംബങ്ങൾക്കാണ് പ്രയോജനം. കാൻസർ, ഡയാലിസിസ് രോഗികൾ ഉൾപ്പെടുന്ന കുടുംബങ്ങൾ, പ്രായപൂർത്തിയാകാത്ത കുട്ടികളുള്ള വിധവകൾ കുടുംബനാഥർ ആയിട്ടുള്ള കുടുംബങ്ങൾ എന്നിവർക്ക് ആനുകൂല്യം ലഭിക്കും.

ഓരോ കുടുംബത്തിനും 25,000 രൂപയാണ് ലഭിക്കുക. മൊത്തം 7,300 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും.