ആസ്ട്രേലിയ 41 റൺസിന് പാകിസ്ഥാനെ കീഴടക്കി
വാർണർക്ക് സെഞ്ച്വറി (107), ആമിറിന് അഞ്ചുവിക്കറ്റ്
ടോണ്ടൻ : ഇന്ത്യയോട് തോറ്റതിന്റെ അരിശം പാകിസ്ഥാനോട് തീർത്ത് ആസ്ട്രേലിയ. ഇന്നലെ നടന്ന ലോകകപ്പ് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാർ 41 റൺസിനാണ് 1992ലെ ചാമ്പ്യന്മാരെ കീഴടക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ 49 ഒാവറിൽ 307 റൺസിൽ ആൾ ഒൗട്ടാവുകയായിരുന്നു. പാകിസ്ഥാന്റെ മറുപടി 45.4 ഒാവറിൽ 266ൽ അവസാനിച്ചു. ഒരുഘട്ടത്തിൽ 200/7 എന്ന നിലയിൽ പതറിയ പാകിസ്ഥാനെ എട്ടാം വിക്കറ്റിൽ ഒരുമിച്ച വാലറ്റക്കാരൻ വഹാബ് റിയാസും (45),നായകൻ സർഫ്രാസും (40) ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും 45-ാം ഒാവറിൽ വഹാബിനെ പുറത്താക്കി സ്റ്റാർക്ക് കളി കംഗാരുക്കളുടെ സഞ്ചിയിലാക്കി.
സെഞ്ച്വറി നേടിയ വാർണറും ക്യാപ്ടൻ ആരോൺ ഫിഞ്ചും (82) ചേർന്നാണ് ആസ്ട്രേലിയയ്ക്ക് ഗംഭീരമായ അടിത്തറയിട്ടത്. എന്നാൽ ഇൗ അടിത്തറയ്ക്ക് മുകളിൽ കൂറ്റൻ സ്കോർ കെട്ടിപ്പടുക്കാമെന്ന മോഹം പാക് ബൗളർമാർ പൊളിച്ചുകളയുകയായിരുന്നു.നന്നായി തുടങ്ങിയ ആസ്ട്രേലിയയെ അധികം വിളയാടാൻ അനുവദിക്കാതെ നിയന്ത്രിച്ചുനിറുത്തുകയായിരുന്നു പാകിസ്ഥാൻ.
22.1 ഒാവറിൽ 146 റൺസാണ് ഒാപ്പണിംഗിൽ ഫിഞ്ചും വാർണറും ചേർന്ന് നേടിയത്. ഇൗ കണക്കിനായിരുന്നുവെങ്കിൽ 350ന് മുകളിലുള്ള സ്കോർ പാകിസ്ഥാന് നിഷ്‌പ്രയാസം നേടാമായിരുന്നു. ഇന്ത്യയ്ക്കെതിരായ മത്സരത്തിലേതുപോലെ പതിയെയാണ് വർണർ തുടങ്ങിയതെങ്കിലും വാർണർ ആഞ്ഞടിക്കുകയായിരുന്നു. പാകിസ്ഥാൻ ബൗളർമാർക്ക് ആദ്യ 20 ഒാവറുകളിൽ കാര്യമായൊരു വെല്ലുവിളിയും ഉയർത്താൻ കഴിഞ്ഞില്ല. പത്താം ഒാവറിൽ 50 റൺസ് കടന്ന ആസ്ട്രേലിയ 17-ാം ഒാവറിൽ 100 കടന്നു. ഇതോടൊപ്പം ഫിഞ്ച് അർദ്ധ സെഞ്ച്വറിയും തികച്ചു. തുടർന്നായിരുന്നു വാർണർ അർദ്ധ സെഞ്ച്വറിയിലെത്തിയത്.
23-ാം ഒാവറിന്റെ ആദ്യപന്തിൽ ഫിഞ്ചിനെ ഹഫീസിന്റെ കൈയിലെത്തിച്ചാണ് ആമിർ പ്രത്യാക്രമണം തുടങ്ങിയത്. 84 പന്തുകളിൽ ആറ് ഫോറുകളും നാല് സിക്‌സുകളും പറത്തിയ ഫിഞ്ച് മടങ്ങുമ്പോൾ ആസ്ട്രേലിയ 146/1 എന്ന നിലയിലായിരുന്നു. ഫിഞ്ചിന് പകരമിറങ്ങിയ സ്മിത്തിനെ (10) കാലുറപ്പിക്കാൻ അനുവദിക്കുന്നതിന് മുമ്പ് ഹഫീസ് മടക്കി അയച്ചു. 29-ാം ഒാവറിൽ ആസിഫ് അലിക്കായിരുന്നു ക്യാച്ച്. തുടർന്ന് മാക്‌സ്‌വെല്ലും (20) വാർണറും ചേർന്ന് നിലയുറപ്പിക്കാൻ നോക്കുന്നതിനിടെ ഷഹീൻ ഷാ അഫ്രീദി മാക്‌സ്‌വെല്ലിന്റെ കുറ്റിതെറുപ്പിച്ചത് വഴിത്തിരിവായി. 34-ാം ഒാവറിലായിരുന്നു. മാക്സ്‌വെൽ പുറത്തായത്. 38-ാം ഒാവറിൽ വാർണറും അഫ്രീദിക്ക് ഇരയായതോടെ ആസ്ട്രേലിയ 242/4 എന്ന നിലയിലായി.
പന്തുരയ്ക്കൽ വിവാദത്തിന്റെ പേരിൽ വിലക്കിലായിരുന്ന വാർണർ അതിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടുന്ന ആദ്യസെഞ്ച്വറിയാണിത്. 111 പന്തുകൾ നേരിട്ട വാർണർ 11 ബൗണ്ടറികളും ഒരു സികസും പായിച്ചിരുന്നു.
വാർണർ പുറത്തായ ശേഷമുള്ള 11 ഒാവറുകളിൽ ആസ്ട്രേലിയയ്ക്ക് നേടാനായത് 65 റൺസ് മാത്രമാണ്. ശേഷിച്ച ആറ് വിക്കറ്റുകൾ നഷ്ടമാവുകയും ചെയ്തു. ഇതിൽ നാലെണ്ണവും സ്വന്തമാക്കിയത് മുഹമ്മദ് ആമിറാണ്.
ഉസ്മാൻ ഖ്വാജയെ (18) വഹാബ് റിയാസിന്റെ കൈയിലെത്തിച്ച ആമിർ ഷോൺ മാർഷിനെ (23) ഷൊയ്ബ് മാലിക്കിന്റെ കൈയിലെത്തിക്കുകയും അലക്സ് കാരേയെ (20) എൽബിയിൽ കുരുക്കുകയും ചെയ്തു. മിച്ചൽ സ്റ്റാർക്കിനെ (3) ഷെയ്സിന്റെ കൈയിലെത്തിച്ച് ആസ്ട്രേലിയൻ ഇന്നിംഗ്സിന് കർട്ടിനിടുകയും ചെയ്തു. ഇതിനിടയിൽ കൗട്ടർ നെയ്ലിനെ (2) വഹാബ് റിയാസും കമ്മിൻസിനെ (2) ഹസൻ അലിയും പുറത്താക്കി.
മറുപടിക്കിറങ്ങിയ പാകിസ്ഥാന് ഒാപ്പണർ ഫഖർ സമാനെ (0) മൂന്നാം ഒാവറിന്റെ ആദ്യപന്തിൽതന്നെ നഷ്ടമായി. കമ്മിൻസിന്റെ പന്തിൽ റിച്ചാർഡ്സണായിരുന്നു ക്യാച്ച്. തുടർന്ന് ഇമാം ഉൽഹഖും (53), ബാബർ അസമും (30), ഹഫീസും (46) ചേർന്ന് മുന്നോട്ടുനയിച്ചു.ഇവർക്ക് പിന്നാലെ ഷൊയ്ബ് മാലിക്ക് (0) , ആസിഫ് അലി (5) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായതോടെ പാകിസ്ഥാൻ 160/6 എന്ന നിലയിൽ ബാക്ഫുട്ടിലായി.തുടർന്ന് ഹസൻ അലി (30),സർഫ്രാസ്, വഹാബ് പന്നിവർ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.
ഒാസീസിന് വേണ്ടി കമ്മിൻസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്റ്റാർക്ക്, കേൻ റിച്ചാർഡ്സൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വാർണറാണ് മാൻ ഒഫ് ദ മാച്ച്.
10-2-30-5
മുഹമ്മദ് ആമിറിന്റെ ബൗളിംഗ് കണക്ക്
10
ഇൗ ലോകകപ്പിൽ പത്ത് വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറായി ആമിർ. ഒരുമത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മൂന്നാമത്തെ ബൗളർ.