cpi

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കുന്നതിൽ സർക്കാർ കൈക്കൊണ്ട സമീപനത്തിൽ പാളിച്ചയുമുണ്ടായെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനം. ഹിന്ദുക്കളിൽ മാത്രമല്ല, ഇതരസമുദായങ്ങളിലും സർക്കാർ വിശ്വാസികൾക്കെതിരാണെന്ന സന്ദേഹം പരത്താനിത് വഴിയൊരുക്കിയെന്നാണ് തിരഞ്ഞെടുപ്പ് തിരിച്ചടി വിലയിരുത്താൻ ചേർന്ന യോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും തുറന്നടിച്ചത്.

സ്ത്രീ-പുരുഷ സമത്വം ഉയർത്തിപ്പിടിക്കുന്ന സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയോടുള്ള ഇടതു പക്ഷത്തിന്റെയും സർക്കാരിന്റെയും സമീപനം ശരിയായത് തന്നെയായിരുന്നു. നിലപാടിൽ നിന്ന് പിന്നാക്കം പോവുകയുമരുത്. പക്ഷേ പ്രായോഗിക സമീപനം കുറച്ചുകൂടി തന്ത്രപരമാകണമായിരുന്നു. നവോത്ഥാന സമിതി രൂപീകരണവും വനിതാ മതിലും വരെ കാര്യങ്ങൾ വിജയകരമായിരുന്നു. എന്നാൽ വനിതാമതിലിന് ശേഷം ആക്ടിവിസ്റ്റുകൾ മല കയറിയതോടെ അതുവരെയുണ്ടായ മേൽക്കൈ പോയി. ഇതിനെ മുതലെടുത്ത് കോൺഗ്രസും ബി.ജെ.പിയും നേട്ടമുണ്ടാക്കാൻ നോക്കി.

സംസ്ഥാനത്ത് ബി.ജെ.പിയുടെ വളർച്ച ആശങ്കാജനകമാണെന്നും ഇടത് അടിത്തറയെ വരെ ബാധിക്കുന്ന നിലയിലേക്ക് പലേടത്തും മാറിയെന്നും അഭിപ്രായങ്ങളുയർന്നു. അതിന് തടയിടാനുള്ള ബോധപൂർവ്വമായ പരിശ്രമമുണ്ടാകണം. തിരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യകാരണം ദേശീയതലത്തിൽ മോദിക്ക് ബദൽ ആരാകുമെന്ന ചോദ്യമായിരുന്നു. അത് ന്യൂനപക്ഷ, മതേതര വോട്ടർമാരെ പൂർണമായി എതിരാക്കി. കോൺഗ്രസിന് അതനുകൂലമായി.

മുഖ്യമന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും

മുഖ്യമന്ത്രിയുടെ ചില ഇടപെടലുകളും പെരുമാറ്റങ്ങളും സമൂഹത്തിൽ അവമതിപ്പിനിടയാക്കിയെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ മുഖ്യമന്ത്രിയുടെ നടപടികൾ നിർണായക ഘട്ടങ്ങളിലെല്ലാം നല്ല നിലയിലുള്ളതായിരുന്നെന്ന മറുവാദവുമുണ്ടായി. സർക്കാരിനെതിരെ പൊതുവികാരമില്ലായിരുന്നെങ്കിലും പ്രളയാനന്തര ദുരിതാശ്വാസം എല്ലാവരിലുമെത്തിയില്ലെന്ന ആക്ഷേപവും പട്ടയപ്രശ്നങ്ങളിലെ പരാതിയും പി.എസ്.സി റാങ്ക്പട്ടികകൾ ചിലത് റദ്ദായിപ്പോകുന്നുവെന്ന അവസ്ഥയുണ്ടായതും തിരഞ്ഞെടുപ്പിൽ സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് കൗൺസിൽ തീരും.