നെയ്യാറ്റിൻകര: പെരുങ്കടവിളയിൽ ഹെക്ടർ കണക്കിനുള്ള കൃഷിത്തോട്ടത്തിലെ വാഴകളുടെ ഇലകൾ കരിഞ്ഞുണങ്ങുന്നു. കാരണം ശക്തമായ ചൂട് മാത്രമല്ല, കൃഷിക്ക് തളിക്കുന്ന വിഷത്തിന്റെ പരിണിത ഫലം കൂടിയാണ്. താലൂക്കിലെ കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന മിക്ക കീടനാശിനികളും കേരളത്തിൽ നിരോധിച്ചവയാണ്. വാഴയുടെ ഇലകൾ കരിയുന്നതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നിരോധിത കീടനാശിനിയുടെ ഉപയോഗം വെളിച്ചത്തായത്. താലൂക്കിലെ വളഡിപ്പോകലിൽ കിട്ടാത്ത മാരക വിഷം നിറഞ്ഞ കീടനാശിനികൾ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ചില സംഘങ്ങൾ കർഷകർക്ക് എത്തിക്കുന്നതായാണ് വിവരം. ചില പച്ചക്കറികളിലും അനുവദനീയമായതിലേറെ കീടനാശിനി ഉപയോഗിക്കുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഒപ്പം കൃഷിഭവനുകളുടെ കീഴിൽ നടന്ന വിശദമായ പരിശോധനയിലാണ് കീടനാശിനികളാണ് കൃഷിയിടങ്ങളെ നശിപ്പിക്കുന്നതെന്നും കണ്ടെത്തി. ഇത്തരം നിരോധിത കീടനാശിനികൾ മണ്ണിന്റെ സ്വാഭാവിക ജൈവ സമൃദ്ധിയെ പ്രതികൂലമായി ബാധിക്കുമെന്ന് കൃഷി ഉദ്യോഗസ്ഥർ പറയുന്നു.

കീടനാശിനികളുടെ അമിത ഉപയോഗം കാരണം താലൂക്കിലെ പ്രധാന കൃഷിയിടങ്ങളിലും പാടങ്ങളും മണ്ണിന്റെ സ്വാഭാവിക ഫലഭൂയിഷ്ടത കുറഞ്ഞിട്ടുണ്ട്. മിത്രകീടങ്ങളും തവള, നീർക്കോലി പോലുള്ള ജീവികളും കീടനാശിനി പ്രയോഗത്തിൽ നശിച്ചു തുടങ്ങി.

കീടനാശിനിയുടെ ഉപയോഗം വർദ്ധിച്ചതോടെ സ്വാഭാവിക കൃഷിയിടങ്ങളിലെ വിളകളെ മറ്റ് കീടങ്ങളിൽ നിന്നും സംരക്ഷിക്കുന്ന മിത്രജീവികളും നശിക്കുകയാണ്.

കേരളത്തിൽ ജൈവ കാർഷിക നയം നടപ്പാക്കുന്നതിന്റെ ഭാഗമായി രാസകീട, കുമിൾ, കളനാശിനികളുടെ വിതരണവും ഉപയോഗവും നിയന്ത്രിക്കാൻ സംസ്ഥാന അധികൃതർ തീരുമാനിച്ചിരുന്നു.അത്യുഗ്ര വിഷാംശമുള്ള ചില കീടനാശിനികളുടെ ഉപയോഗവും പരിമിതപ്പെടുത്തുകയും ചെയ്തു. എന്നിട്ടും കീടനാശിനികൾ താലൂക്കിലെ പല കൃഷിയിടങ്ങളിലുംഉപയോഗിക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി.

കീടനാശിനികളിൽ അടങ്ങിയിരിക്കുന്ന വിഷാംശത്തിന്റെ തോതിന്റെ അടിസ്ഥാനത്തിൽ പല തട്ടുകളായി തരം തിരിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ വിഷാംശം ഉള്ളത് ചുമപ്പ് ഗണത്തിലും അതിന് തൊട്ട് താഴെ വിഷാംശം ഉള്ളത് മഞ്ഞ ഗണത്തിലും പെടുന്നു. ഏറ്റവും മാരക വിഷം എന്ന് പറയുന്ന എൻഡോ സൾഫാനും മഞ്ഞ ഗണത്തിൽ പെടുന്നതാണ്. മഞ്ഞയ്ക്ക് താഴെ വിഷാംശം കുറവുള്ളത് നീലയും വിഷാംശം ഏറ്റവും കുറഞ്ഞത് പച്ച ഗണത്തിലും ഉൾപ്പെടുന്നു. എന്നാൽ പല പരീക്ഷണങ്ങൾ നടത്തി കീടനാശിനികലെ ഓരോ ഗണത്തിൽ പെടുത്തുമ്പോഴും അവ പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്നോ ഇതിന്റെ പരിണിത ഫലം എത്രകാലം മണ്ണിൽ നിലനിൽക്കുമെന്നോ ആരും അന്വേഷിക്കാറില്ല. ഇത് ഏത് രീതിയിൽ മിത്രജീവികളെ ബാദിക്കുമെന്നോ ആരും ചിന്തിക്കാറുമില്ല.

തെങ്ങിൻ തോട്ടങ്ങളിലും മറ്റ് കൃഷിയിടങ്ങളിലും വളരുന്ന കളകളെ കരിച്ചു കളയുവാനും എൻഡോലൾഫാൻ അടങ്ങിയ നിരോധിത കീടനാശിനികൾ ഉപയോഗിക്കുന്നുണ്ട്. ഇവ താലൂക്കിൽ ലഭ്യമല്ല. എന്നാൽ തമിഴ്നാട്ടിൽ എൻഡോസൾഫാൻ നിരോധിച്ചിട്ടില്ല. നിയന്ത്രണമേയുളളു.അതിനാൽ കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടെ വളം ഡിപ്പോകളിൽ നിന്നും ലഭിക്കുന്ന അത്യുഗ്രവിഷം കലർന്ന സ്പ്രേ ഉപയോഗിച്ചാണ് വിളകൾ കരിച്ചു കളയുന്നത്.