തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി കണക്കിലെടുത്ത് ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാൻ ഇടതുമുന്നണി കൂട്ടായും മുന്നണിയിലെ ഓരോ പാർട്ടികളും പ്രത്യേകമായും പരിപാടികൾ ആവിഷ്കരിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇപ്പോഴുള്ളത്. എന്നാൽ, അഞ്ചു ശതമാനംപേർ മാത്രമേ ഇത്ര വലിയ പ്രചാരണത്തിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളൂ. 35 ശതമാനം പേർ ഇപ്പോഴും ഇടതുമുന്നണിക്കൊപ്പമാണ്. മതേതരത്വം സംരക്ഷിക്കാൻ മുന്നണിയിലെ കക്ഷികൾ പ്രത്യേകമായി പ്രചാരണ, ജനസമ്പർക്ക പരിപാടികൾ നടത്തും. കൂട്ടായും പ്രവർത്തിക്കും. ഇത് കാര്യമായി നടത്തണമെങ്കിൽ ഉപതിരഞ്ഞെടുപ്പുകൾ കഴിയണം. എ. വിജയരാഘവൻ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
നിലപാട് മാറ്രില്ല
തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല ഇടതുമുന്നണി രാഷ്ട്രീയ വിഷയമാക്കിയില്ല. ജീവിത വിഷയങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ, എതിരാളികൾ വിശ്വാസത്തിന് പ്രാധാന്യം കൊടുത്തു. ശബരിമലയിലെ നിലപാട് ഞങ്ങൾ മാറ്രില്ല. എന്നാൽ, ശബരിമല വിഷയത്തിൽ കോടതി നിലപാട് മാറ്രിയാൽ ഞങ്ങളും മാറ്രും.
ബി.ജെ.പി വോട്ട് ലീഗിന്
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ടുകൾ പലയിടത്തും മുസ്ലീം ലീഗിന് കിട്ടിയിട്ടുണ്ട്. പൊന്നാനിയിൽ ബി.ജെ.പിക്ക് നല്ല സ്വാധീനമുള്ള ബൂത്തിൽ ലീഗ് നല്ല ഭൂരിപക്ഷം നേടി. ഇതിലൂടെ എന്താണ് മനസിലാക്കേണ്ടത്. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടു എന്നത് ഞങ്ങൾക്ക് മുൻകൂട്ടി മനസിലാക്കാൻ പറ്രിയില്ല എന്നതിൽ കാര്യമില്ല. അത് ഒരു യാഥാർത്ഥ്യമാണ്. ദേശീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ കുറച്ചുപേർ ബി.ജെ.പിയെ തോല്പിക്കാൻ കോൺഗ്രസിനാണ് സാദ്ധ്യത എന്നു മനസിലാക്കി അവർക്ക് വോട്ട് ചെയ്തു. ഇത് മുൻകൂട്ടി മനസിലാക്കിയിട്ട് എന്തുകാര്യം. മുൻകൂട്ടി കണ്ടതുകൊണ്ട് തീരുന്ന ഒരു പ്രശ്നമല്ലല്ലോ അത്. പിന്നെ ഇന്ത്യ മുഴുവൻ കോൺഗ്രസിനെതിരെ പ്രവർത്തിക്കുന്ന ബി.ജെ.പിക്കാർ ഇവിടെ കോൺഗ്രസിന് വോട്ട് ചെയ്യാൻ വരിവരിയായി നിൽക്കുമ്പോൾ ഞങ്ങൾക്കെന്ത് ചെയ്യാൻ കഴിയും?
അത് തിരിച്ചടിയാവില്ല
ഇടതുപക്ഷത്തിന് വോട്ട് കുറഞ്ഞതിലല്ല പ്രശ്നം. തിരഞ്ഞെടുപ്പിൽ തോൽക്കുന്നതും വോട്ട് കുറയുന്നതും സ്വാഭാവികമാണ്. എന്നാൽ, ഇവിടെ ഗൗരവമായ വിഷയം കേരളത്തിന്റെ സെക്യുലർ അടിത്തറയ്ക്ക് കോട്ടംതട്ടി എന്നുള്ളതാണ്. ഞങ്ങളുടെ വോട്ട്, ബാങ്ക് ബാലൻസ് പോലെ കിടക്കുന്നതല്ലല്ലോ. പല ഘടകങ്ങളിലൂടെയാണ് അത് വരുന്നത്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ ആറിൽ അഞ്ചും യു.ഡി.എഫിന്റെ സിറ്രിംഗ് സീറ്രാണ്. അവരുടെ സീറ്രിൽ അഥവാ യു.ഡി.എഫ് ജയിച്ചാൽ എങ്ങനെ അത് എൽ.ഡി.എഫിന് തിരിച്ചടിയാവും.
അഭിപ്രായ ഭിന്നതയില്ല
ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തലിൽ ഇടതുമുന്നണിയിലെ പാർട്ടികൾ തമ്മിൽ അഭിപ്രായ വ്യത്യാസമില്ല. പൊലീസ് കമ്മിഷണറേറ്രിന്റെ കാര്യത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. അത് പരിഹരിക്കും. രാഷ്ട്രീയ വിശകലനം ഒറ്രക്കെട്ടായാണ് നടത്തിയത്. വൻകിട തോട്ടങ്ങൾക്ക് നികുതി അടയ്ക്കാൻ അനുവദിച്ചത് കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്. തോട്ടങ്ങളിലെ തൊഴിലാളികളുടെ കാര്യം ആലോചിച്ചേ അവിടത്തെ കാര്യങ്ങൾ തീരുമാനിക്കാൻ പറ്റൂ.