തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സർക്കാരിന്റെ കൈയിൽ തന്നെയിരിക്കുമെന്നും ആർക്കും കൊണ്ടുപോകാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സർക്കാർ ഭൂമിയിൽ നിലനിൽക്കുന്ന വിമാനത്താവളം സർക്കാരിന് അവകാശപ്പെട്ടതാണ്. സർക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ കമ്പനിക്ക് അവിടെ വികസനം പറ്റില്ല. അതിനാൽ അദാനി എന്റർപ്രൈസസിന് വിമാനത്താവളം കൈമാറാതെ സർക്കാരിന് നടത്തിപ്പ് ചുമതല നൽകുകയാണ് വേണ്ടത്. യാതൊരു മുൻപരിചയവുമില്ലാത്ത അദാനി എന്റർപ്രൈസസിന് വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈമാറരുതെന്ന് പ്രധാനമന്ത്രിക്കും വ്യോമയാനമന്ത്രിക്കും കത്തുകളയച്ചെങ്കിലും അനുകൂല നിലപാടല്ല അവർ സ്വീകരിച്ചത്. വിമാനത്താവളത്തിന്റെ നടത്തിപ്പ് സർക്കാരിന് നൽകുകയോ നിലവിലെ സംവിധാനം തുടരുകയോ ചെയ്യാനുള്ള ഇടപെടൽ സർക്കാർ തുടരും. നാളെ നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തുമ്പോൾ പ്രധാനമന്ത്രിയെ കണ്ട് ഈ ആവശ്യമുന്നയിക്കും. ശബരിമല വിമാനത്താവളത്തിന്റെ കാര്യം പ്രത്യേകമായി ആലോചിക്കാമെന്നും സി.ദിവാകരന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.