ac-moideen

തിരുവനന്തപുരം: സുപ്രീംകോടതി ഉടൻ പൊളിച്ചുമാറ്റാൻ നിർദ്ദേശിച്ച കൊച്ചി മരടിലെ 5 ഫ്ലാറ്റുകളിലെ 349 കുടുംബങ്ങളെ സംരക്ഷിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ നിയമസഭയിൽ പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കില്ലെന്ന നിലപാടെടുക്കാൻ സർക്കാരിനാവില്ല. നിയമപ്രകാരമുള്ളതെന്ന് കണക്കാക്കിയാണ് 349 കുടുംബങ്ങളും ഫ്ലാറ്റ് വാങ്ങിയത്. ഫ്ലാറ്റുകൾ പൊളിച്ചുകളയാൻ, അവ നിർമ്മിച്ചതിലും അധികം ചെലവുണ്ടാവും. ഇതിനു പുറമെ പാരിസ്ഥിതിക പ്രത്യാഘാതവുമുണ്ട്. പരിസ്ഥിതി വകുപ്പും തീരദേശ സംരക്ഷണ അതോറിട്ടിയും അപ്പീൽ പോയതാണ് സുപ്രീംകോടതി വിധിക്ക് ഇടയാക്കിയത്. തീരദേശ സംരക്ഷണ നിയമം വരുന്നതിന് മുൻപ് നിർമ്മിച്ച ഒരു കെട്ടിടവും പൊളിക്കാൻ ഉത്തരവുണ്ട്. ഇതേക്കുറിച്ച് പഠിക്കാൻ മദ്രാസ് ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ വാദം കേൾക്കാതെയാണ് പൊളിക്കാൻ ഉത്തരവിറക്കിയതെന്ന് ഫ്ലാറ്റുകളിലെ താമസക്കാരുടെ ഹർജി അവധിക്കാല ബെഞ്ച് പരിഗണിക്കുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തനത്തെ അംഗീകരിക്കുന്നില്ലെങ്കിലും, ഐ.ഐ.ടി റിപ്പോർട്ട് കൂടി പരിശോധിച്ച് ഫ്ലാറ്റുകളിലെ താമസക്കാർക്ക് അനുകൂലമായ നിലപാട് സർക്കാർ സുപ്രീംകോടതിയിൽ കൈക്കൊള്ളുമെന്നും എം. സ്വരാജിന്റെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.