കഴിഞ്ഞ ദിവസം തങ്ങളോട് ഏറ്റുമുട്ടിയ പാകിസ്ഥനെ ഓസീസ് അടിച്ചു തകർത്തിരുന്നു. ഓസീസിന്റെ തിളക്കമാർന്ന വിജയത്തിൽ ആരാധകരുടെ ഹൃദയം കീഴടക്കിയത് ഡേവിഡ് വാർണറായിരുന്നു. ഇന്ത്യയുമായി നടന്ന കളിയിൽ ബാറ്റിംഗിന് വിമർശനങ്ങൾ നേരിട്ട വാർണർ ഇത്തവണ സെഞ്ച്വറിയിലൂടെയായിരുന്നു അതിന് മറുപടി നൽകിയത്. വാർണറിന്റെ തകർപ്പൻ സെഞ്ച്വറിയായിരുന്നു മാച്ചിലെ ഹൈലൈറ്റ്.
മാൻ ഒഫ് ദ മാച്ച് പുരസ്‌കാരത്തിന് അർഹനായതും വാർണറായിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ആരാധകരുടെ അരികിലേക്ക് ഓട്ടോഗ്രാഫ് നൽകാൻ നടന്നുനീങ്ങിയ വാർണർ എല്ലാവരെയും അമ്പരിപ്പിച്ചു കൊണ്ട് ആ പുരസ്‌കാരം മറ്റൊരാൾക്ക് കൈമാറി. ആവേശത്തോടെ കളി കണ്ട് ഗാലറിയിലിരുന്ന ഓസ്ട്രേലിയയുടെ ഒരു കുഞ്ഞു ആരാധകന്! അന്താരാഷ്ട്ര ക്രിക്കറ്റിൽ മടങ്ങി എത്തിയതിന് ശേഷം വാർണറുടെ ആദ്യത്തെ സെഞ്ച്വറിയായിരുന്നു അത്.
കളി കാണാനെത്തി ഒടുവിൽ മാൻ ഒഫ് ദ മാച്ച് പുരസ്‌കാരം കിട്ടിയതിന്റെ അമ്പരപ്പിലാണ് ആ കുഞ്ഞു ആരാധകൻ.