കുഴിത്തുറ: നഗർകോവിലിലെ ശ്മശാനത്തിൽ കത്തിക്കരിഞ്ഞനിലയിൽ കൊല്ലപ്പെട്ട ഫോട്ടോഗ്രാഫർ റെസിയുടെ കാമുകി ആത്മഹത്യചെയ്തു. കാമുകി അനുഷ്യ (24) ആണ് മനംനൊന്ത് ജീവനൊടുക്കിയത്. തിരുനെൽവേലി സമൂഹരംഗപുരം സ്വദേശി സർഗുണ രാജന്റെ മകനാണ് നാല്പതുകാരനായ റെസി. കൊല നടത്തിയ കന്യാകുമാരി പരമാർത്ഥലിംഗപുരം സ്വദേശി ഫൈസൽ (25), നാഗർകോവിൽ സ്വദേശി കെദീശ്വരൻ (26), ശുചീന്ദ്രം സ്വദേശി പഴനി (26) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. മൂവരും റെസിയുടെ സുഹൃത്തുക്കളാണ്. ഭാര്യയും അഞ്ചുവയസുള്ള പെൺകുട്ടിയുടെ പിതാവുമായ റെസിക്ക് കെദീശ്വരന്റെ സഹോദരി അനുഷ്യയുമായുള്ള ബന്ധത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
റെസിയും അനുഷ്യയും തമ്മിൽ 8 വർഷമായി പ്രേമത്തിലാണ്. കാമുകൻ കൊല്ലപ്പെട്ടതിനെ തുടർന്ന്
താൻ ആത്മഹത്യ ചെയ്യുമെന്ന് അനുഷ്യ പറയുമായിരുന്നു. കഴിഞ്ഞ 8ന് അമ്മ പുറത്തുപോയ സമയത്ത് അനുഷ്യ, വീട്ടിലുള്ള തുണികൾ വാരിക്കൂട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് തീയിട്ടശേഷം അതിൽ ചാടുകയായിരുന്നു. ആശുപത്രിയിൽ തീവ്രപരിചരണത്തിലായിരുന്ന അനുഷ്യ കഴിഞ്ഞ ദിവസം മരിച്ചു.
റെസി കൊല്ലപ്പെട്ട ജൂൺ 5ന് വൈകിട്ട് പ്രതികളായ മൂന്നുപേരും ചേർന്ന് റെസിയെ അയാളുടെ കാറിൽ രംഗപുരത്തു നിന്നു ഭക്ഷണം കഴിക്കാനെന്നു പറഞ്ഞ് ഒപ്പം കൂട്ടുകയായിരുന്നു. വാക്കുതർക്കത്തിനിടെ കെദീശ്വരൻ റെസിയെ കുത്തിക്കൊലപ്പെടുത്തി. രാത്രിയോടെ ശ്മശാനത്തിലെത്തിച്ച് മൂവരും ചേർന്ന് മൃതദേഹം കത്തിക്കുകയായിരുന്നു. റെസിയുടെ കാറ് നാഗർകോവിലിലെ ഓഡിറ്റോറിയത്തിന് സമീപം ഉപേക്ഷിച്ചിരുന്നു. കാർ ഉപേക്ഷിച്ച ഭാഗത്തെ സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.