pazhavila-with-wife

അന്ന് വൈക്കം ചന്ദ്രശേഖരൻ നായരും ടി.എൻ.കൃഷ്ണപിള്ളയും ഞാനുമടക്കമുള്ളവർ നിറഞ്ഞു വാണിരുന്ന സദസിൽ ഒരു കൊള്ളിയാൻ പോലെയായിരുന്നു രമേശന്റെ രംഗപ്രവേശം. അന്ന് തുടങ്ങിയതാണ് രമേശനുമായുള്ള ആത്മബന്ധം. പഴവിള രമേശൻ എന്റെ ആത്മമിത്രമായിരുന്നു. എന്നും പരസ്‌പരം കലഹിക്കുകയും വീണ്ടും ഉറ്റസ്‌നേഹിതന്മാരായി പിരിയുകയും ചെയ്യുന്ന ബന്ധത്തിന്റെ ഒരു കണ്ണിയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ അറ്റുപോയിരിക്കുന്നത്. 1960കളുടെ ആദ്യമാണ് രമേശൻ കെ.ബാലകൃഷ്ണന്റെ കൗമുദി കുടുംബത്തിൽ എത്തിപ്പെടുന്നത്.

വേഗത്തിൽ ശത്രുക്കളെ നേടിയെടുക്കുന്നതിലും അതിനെക്കാൾ ശീഘ്രഗതിയിൽ അവരുമായി ആത്മമിത്രമാകാനും അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് കൗമുദിയിലെ നാളുകൾക്കിടെ ശ്രദ്ധിക്കപ്പെട്ടതാണ്. രമേശന്റെ സാഹിത്യരംഗത്തെ ഉയർച്ചയ്ക്കും ജീവിത മണ്ഡലത്തിലെ സ്വാധീന വിസ്മൃതിക്കും മൂലകാരണക്കാരൻ കെ.ബാലകൃഷ്ണനായിരുന്നു. ജനയുഗത്തിലാണ് എഴുതിത്തുടങ്ങിയത്. കാമ്പിശേരി കരുണാകരനായിരുന്നു ഗുരുവെങ്കിലും രമേശൻ എന്ന കവിയും എഴുത്തുകാരനും പൂത്തുലുഞ്ഞത് കൗമുദിയിലൂടെയായിരുന്നു.
യാത്രകളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു രമേശൻ. എല്ലാം സംഘയാത്രകളായിരുന്നു. രാമു കാര്യാട്ട്,​ സച്ചിദാനന്ദൻ,​ അടൂർ ഗോപാലകൃഷ്‌ണൻ,​ പാരീസ് വിശ്വനാഥൻ,​ ഹരി പോത്തൻ തുടങ്ങിയവരായിരുന്നു രമേശന്റെ സഹയാത്രികർ. ഞാനും പലപ്പോഴും രമേശനൊപ്പം യാത്രയുടെ ഭാഗമായിട്ടുണ്ട്. ലക്ഷ്യമില്ലാത്ത യാത്രകളായിരുന്നു രമേശന്റേത്. നിന്നനിൽപ്പിൽ ഒരു ദീർഘയാത്ര ആസൂത്രണം ചെയ്യും. മണിക്കൂറുകൾക്കുള്ളിൽ സർവസന്നാഹവുമൊരുക്കി യാത്ര പുറപ്പെട്ടിരിക്കും. പല നാടുകളുടെ സംസ്കാരത്തെ തൊട്ടറിഞ്ഞുള്ള ആ യാത്രകളൊക്കെ ഏറെ രസകരമായിരുന്നു. വൃക്തിസൗഹൃദം കാത്തുസൂക്ഷിക്കാനുള്ള രമേശനുള്ള അഗാധമായ കഴിവ് ആരെയും അത്ഭുതപ്പെടുത്തും.

അതിസമ്പന്ന കുടുംബത്തിൽ ജനിച്ച രമേശൻ​ അർഹരേയും അനർഹരേയും സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ സ്വഭാവത്തെ പലരും ഒരുപാട് ചൂഷണം ചെയ്തിട്ടുണ്ട്. തനിക്ക് ഏറെ ശത്രുക്കളുണ്ടെന്ന് രമേശന് അറിയാമായിരുന്നു. എന്നാൽ,​ അങ്ങനെയൊന്നുമില്ലെന്ന് ഭാവിച്ചായിരുന്നു രമേശന്റെ നടപ്പ്. തനി ശുദ്ധഗതിക്കാരൻ. സഹായം തേടിയെത്തുന്നവരെ ഒരിക്കൽപോലും വിഷമിപ്പിച്ച് തിരിച്ചയച്ചിട്ടില്ല. രമേശന്റെ ഈ സ്വഭാവത്തിന് ചേർന്ന ഭാര്യയെയാണ് അദ്ദേഹത്തിന് ലഭിച്ചത്. വീട്ടിൽ ഏത് പാതിരാവിൽ കയറിച്ചെന്നാലും സുഭിക്ഷവും സ്വാദിഷ്ടവുമായ ഭക്ഷണം ലഭിക്കുമായിരുന്നു,​ മുന്തിയ ഇനം മദ്യവും യഥേഷ്ടം സേവിക്കാം. ഒരിക്കൽ സമ്പന്നരായ രമേശന്റെ നാല് സുഹൃത്തുകൾ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. മാസ്‌കറ്റ് ഹോട്ടലിലാണ് അവർ താമസം ഒരുക്കിയിരുന്നത്. കഴക്കൂട്ടത്ത് എത്തിയപ്പോൾ അവരിലൊരാൾക്ക് വഴുതക്കാട്ടെ ഒരു ഹോട്ടലിൽ നിന്ന് മീനൊക്കെ കൂട്ടി ഉച്ചഭക്ഷണം കഴിക്കണമെന്നാഗ്രഹം തോന്നി. അവിടേക്ക് പോകാൻ തീരുമാനിച്ചപ്പോഴാണ് രമേശന്റെ വീടിനെ കുറിച്ച് മറ്റൊരാൾ ഓർമ്മിപ്പിച്ചത്. നല്ല കൈപ്പുണ്യമുള്ള രമേശന്റെ ഭാര്യയുള്ളപ്പോൾ എന്തിന് ഹോട്ടൽ ഭക്ഷണം എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. പിന്നെ ഉടൻ വിളിച്ചുപറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അവിടെ തീൻമേശയിൽ വിഭവസമൃദ്ധമായ ഭക്ഷണം നിരന്നിരുന്നു. രുചികരമായ ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹം തോന്നുമ്പോൾ ഞാനും രമേശന്റെ വീട്ടിൽ പോയാണ് കഴിക്കുന്നത്. വയലാർ രവി തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ മേഴ്സി രവിക്കൊപ്പം രമേശന്റെ വീട്ടിലാണ് താമസിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം അവർ മടങ്ങിപ്പോകുമ്പോൾ വീട്ടിലെ ഫോൺബിൽ 26,​000 രൂപയായിരുന്നു. അതും രമേശൻ ഒരുമടിയും കൂടാതെ സ്വന്തം കൈയിൽ നിന്ന് അടച്ചിട്ടുണ്ട്.

ആർക്കും വിധേയനായി നിൽക്കാത്തതിനാൽ തന്നെ രമേശന് അർഹമായ അംഗീകാരങ്ങളൊന്നും കിട്ടാതെ പോയി. രമേശന്റെ ധൈഷണികമായ മികവും ശരിയെന്ന് തോന്നുന്നത് വെട്ടിത്തുറന്ന് പറയാനുമുള്ള ധൈര്യവുമായിരുന്നു ഞാനടക്കമുള്ളവരെ ആകർഷിച്ചത്. ഒരു നിഷേധി ആയതുകൊണ്ടുതന്നെ അദ്ദേഹത്തെ വാഴ്‌ത്താനോ മഹാപ്രതിഭയെന്ന് പറയാനോ സാഹിത്യത്തിൽ ഇന്ന് നിലവിലുള്ള കവികളാരും തന്നെ മുതിർന്നിട്ടില്ല. പുരോഗമന പ്രസ്ഥാനകാരനായിരിക്കുക അഥവാ കമ്മ്യൂണിസ്റ്റാവുക എന്നു പറഞ്ഞാൽ വലിയ മതിപ്പില്ലാത്ത കാലത്താണ് അദ്ദേഹം കവിതകൾ എഴുതിത്തുടങ്ങിയത്. അതിനാൽതന്നെ അദ്ദേഹത്തിന്റെ കവിതകൾ,​ സത്യം വിളിച്ചുപറയുന്ന ഒരു നിഷേധിയുടെ ജ്വരജൽപനങ്ങളായിട്ടാണ് മുതിർന്ന കവികളിൽ പലരും കണ്ടത്. തന്റെ ആരാധനാ മൂർത്തിയായ പി.കൃഷ്‌ണപിള്ളയെ പോലും അറുത്തുമുറിച്ച് ഒരു പച്ചമനുഷ്യനായി അതേപേരിലുള്ള കവിതയിൽ അവതരിപ്പിച്ചപ്പോൾ അറിവില്ലാത്ത പല നേതാക്കൾക്കും അത് പഥ്യമായില്ല. ആരെങ്കിലും ഒരു നല്ലവാക്ക് പറയണമെന്നു കരുതി രമേശൻ ഒരുവരി പോലും എഴുതിയിട്ടില്ല. എപ്പോഴും സുഹൃത്തുക്കൾക്ക് പരിസേവിതനായിരുന്ന രമേശൻ ആൾക്കൂട്ടത്തിന് നടുവിൽ ആയിരുന്നെങ്കിലും എന്നും കവികൾക്കിടയിൽ ഒറ്റപ്പെട്ടവനായിരുന്നു. ഉത്തരാധുനികതയിലൂന്നി കവിതകളെഴുതിയ അദ്ദേഹം മനോഹരമായ സിനിമാഗാനങ്ങളും രചിച്ചു.

ഇന്ന് അദ്ദേഹത്തിന്റെ മൃതദേഹത്തിന് അടുത്തിരുന്നപ്പോൾ മനസ് ദു;ഖത്തിന്റെയും അഭിമാനത്തിന്റെയും പല വഴികളിലൂടെയും സഞ്ചരിക്കുകയായിരുന്നു. ഒരു ധീരസഖാവിനെയും ജനസ്നേഹിയെയും സർവോപരി സാർത്ഥകമായി ജീവിച്ച ഒരു വലിയ നിഷേധിയേയും നഷ്ടപ്പെട്ട അനുഭവമാണ് രമേശന്റെ വിയോഗത്തിലൂടെയുള്ളത്.