ആറ്റിങ്ങൽ: കെ.എസ്.ഇ.ബി ഓഫീസിൽ കയറി സബ് എൻജിനിയറെ മർദ്ദിച്ച കേസിൽ രണ്ടുപേർകൂടി പിടിയിൽ. വീരളം ചെറുവിള വീട്ടിൽ അഭിലാഷ് (23), വീരളം കല്ലിൻമൂട് വീട്ടിൽ ശരത് (20) എന്നിവരാണ് പിടിയിലായത്. ഈ കേസിൽ ആറ്റിങ്ങൽ പച്ചംകുളം രേവതിയിൽ മോനി എസ്. പ്രസാദ് (20)സംഭവ ദിവസംതന്നെ അറസ്റ്റിലായിരുന്നു.
ഞായറാഴ്ച രാത്രി 10 ന് സബ് എൻജിനിയർ ശ്യാമപ്രസാദിനാണ് (53) മർദ്ദനമേറ്റത്.വൈദ്യുതി മുടങ്ങിയതിൽ പ്രതിഷേധിച്ച് ഓഫീസിലെത്തിയ ഒരു സംഘം ബഹളമുണ്ടാക്കുകയും മോനിയും അഭിലാഷും ശരത്തും ഓഫീസിനകത്തു കയറി ആക്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കനത്തമഴയും കാറ്റും കാരണം പലയിടത്തും മരങ്ങൾ ഒടിഞ്ഞ് ലൈനിൽ വീണതിനാൽ വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. ഇത് ഉടൻ ശരിയാക്കുമെന്നു പറഞ്ഞെങ്കിലും ഇവർ സബ് എൻജിനിയറെ മർദ്ദിക്കുകയായിരുന്നു. രാത്രിയിൽ ജോലി നടക്കുന്നതിനിടെയാണ് അക്രമണം. പ്രതികളെ കോടതിയിൽ ഹാജരാക്കിയതായി എസ്.ഐ ശ്യാം പറഞ്ഞു.