ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയിലെ ഇടറോഡായ മുടവൂർപ്പാറ –ദിലീപ് റോഡ് നവീകരിക്കാൻ നടപടിയെടുക്കുമെന്ന് ഐ.ബി.സതീഷ് എം.എൽ.എ. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ജൂൺ 8ന് 'ഈ വഴി യാത്ര ഇനിയും വയ്യേ" എന്ന തലക്കെട്ടിൽ 'കേരളകൗമുദി" വാർത്ത നൽകിയതിനെ തുടർന്നാണ് എം.എൽ.എ ഇടപെട്ടത്.
പള്ളിച്ചൽ പഞ്ചായത്തിൽ ഉൾപ്പെട്ട റോഡ് നവീകരിക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുമുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് എം.എൽ.എ നിർദ്ദേശിച്ചു.
തകർന്ന റോഡ് നേരിൽ സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി തുടർ നടപടിയെടുക്കാൻ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർക്ക് കത്ത് നൽകി. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ ഉറപ്പ് നൽകിയതായി ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു.
പഞ്ചായത്തിലെ പൂങ്കോട് വാർഡിൽ ഉൾപ്പെട്ട മുടവൂർപ്പാറ ദിലീപ് റോഡ് 2016ലാണ് അവസാനമായി നവീകരിച്ചത്. ചുരുങ്ങിയ കാലയളവിൽ റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ വാഹന യാത്ര ദുഷ്കരമായി മാറി. മഴയിൽ ഒരു വാഹനത്തിനും കടന്നുപോകാൻ കഴിയാത്തവിധം റോഡിൽ വെള്ളം പൊങ്ങി. മുട്ടോളം വെള്ളത്തിൽ കാൽനടയാത്രക്കാർ നീന്തി പോകേണ്ട സ്ഥിതിയാണ്. ഓടയുടെ അപര്യാപ്തതയും ടാറിംഗിലെ പിഴവും കാരണമാണ് കഴിഞ്ഞ തവണ ടാറിട്ടതിനു പിന്നാലെ റോഡ് തകർന്നത്.
എം.പിക്ക് നിവേദനം നൽകി
മുടവൂർപ്പാറ –ദിലീപ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. എം.പി അടൂർ പ്രകാശിനോട് റോഡ് അടിയന്തരമായി ടാർ ചെയ്യണമെന്ന് ജനപ്രതിനിധികളും ആട്ടോതൊഴിലാളികളും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും വ്യാപാരികളും ഒന്നടങ്കം ആവശ്യപ്പെട്ടു. പുതിയ എം.പിക്ക് വെടിവെച്ചാൻകോവിലിൽ നൽകിയ സ്വീകരണയോഗത്തിലാണ് റോഡിന്റെ ശോച്യാവസ്ഥ അറിയിച്ചത്. 'കേരളകൗമുദി" പത്രവാർത്തയും നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നു. നേമം ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാർ, വാർഡ് മെമ്പർ അംബികാദേവി, ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ, ശ്രീകുമാരനാശാരി, പ്രസന്ന എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. സത്യപ്രതിജ്ഞ കഴിഞ്ഞാലുടൻ റോഡ് നവീകരിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.