spc

വിതുര: അവധിക്കാല സമ്പാദ്യം അശരണർക്ക് നൽകി കുട്ടിപ്പോലീസിന്റെ നല്ല പാഠം. രണ്ട് മാസത്തെ അവധിക്കാലത്തു സ്വരൂപിച്ച തങ്ങളുടെ സമ്പാദ്യം സമൂഹത്തിൽ കഷ്ടതയനുഭവിക്കുന്നവർക്കായി മാറ്റിവച്ചിരിക്കുകയാണ് വിതുര ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ. നാൽപ്പത്തിനാലുപേർ അടങ്ങുന്ന സംഘത്തിലെ ഓരോ അംഗത്തിനും രണ്ടു മാസത്തെ മധ്യവേനലവധിക്കാലത്ത് ബന്ധുക്കളിൽ നിന്നും മാതാപിതാക്കളിൽ നിന്നും ലഭിച്ച ചെറിയ തുകകൾ സ്വരൂപിച്ച് പ്രവേശനോത്സവത്തിന് സ്കൂളിലെത്തിക്കുകയായിരുന്നു. നിർദ്ധനരായ രോഗികൾക്ക് ചികിത്സാ സഹായത്തിനായി തങ്ങളുടെ സമ്പാദ്യം നൽകാനാണ് കുട്ടികളുടെ തീരുമാനം. അയ്യായിരത്തോളം രൂപയാണ് കുട്ടികൾ സമാഹരിച്ചത്. രണ്ടു വർഷമായി മികച്ച രീതിയിൽ ആതുര സേവനം നടത്തി വരികയാണ് ഈ കുട്ടിപൊലീസ് സംഘം. കമ്മ്യൂണിറ്റിപൊലീസ് ഒാഫീസർ കെ.അൻവർ, വിതുര എ.എസ്.എെ എസ്.എസ്. വിനോദ്, സീനിയർസിവിൽ പൊലീസ്ഒാഫീസർ ഷൈനികുമാർ, അസിസ്റ്റന്റ് കമ്മ്യൂണിറ്റി പൊലീസ് ഒാഫീസർ എസ്. ഷീജ എന്നിവരാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന് നേതൃത്വം നൽകുന്നത്.