krishnankutty

തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായ വലിയതുറ തീരപ്രദേശം സന്ദർശിക്കാനെത്തിയ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കു നേരെ നാട്ടുകാരുടെ പ്രതിഷേധം. മന്ത്രിയെയും ഒപ്പമെത്തിയ വി.എസ്. ശിവകുമാർ എം.എൽ.എയെയും സംഘർഷത്തിനിടയിൽ നിന്ന് പൊലീസാണ് രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. മന്ത്രി തിരികെപ്പോകുന്നത് തടയാൻ റോഡിൽ കിടന്ന് പ്രതിഷേധിച്ചവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. സന്ദർശനം പൂർത്തിയാക്കാതെ മന്ത്രിക്കും എം.എൽ.എയ്‌ക്കും ഓടിച്ചെന്ന് വാഹനത്തിൽ കയറി സ്ഥലംവിടേണ്ടിയും വന്നു.

വേലിയേറ്റത്തിലുണ്ടായ നാശനഷ്‌ടങ്ങൾ നേരിൽക്കാണാൻ ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടു മണിയോടെയാണ് മന്ത്രിയും സംഘവും ഉദ്യോഗസ്ഥർക്കൊപ്പമെത്തിയത്. വലിയതുറ- ശംഖുംമുഖം റോഡിൽ. കുഴിവിളാകം കറുപ്പായി ലെയ്‌നിലെത്തിയ മന്ത്രി നാട്ടുകാരുമായി സംസാരിക്കുന്നതിനിടെ കടലാക്രമണത്തിൽ വീടുകൾ നഷ്‌ടപ്പെട്ടവർ പരാതികളുമായി തിക്കിത്തിരക്കി. മന്ത്രി എത്തിയതറിഞ്ഞ് സ്ത്രീകൾ ഉൾപ്പെടെ കൂടുതൽ പേ‌ർ സ്ഥലത്തെത്തുകയും, പ്രതിഷേധമുയർത്തുകയും ചെയ്തതോടെ അന്തരീക്ഷം സംഘർഷഭരിതമായി. ഒരാഴ്ചയ്ക്കിടെ പതിനഞ്ചോളം വീടുകളാണ് ഇവിടെ കടലെടുത്തു പോയത്.

കടലാക്രമണം നേരിടാൻ പുലിമുട്ട് നി‌ർമ്മിക്കുന്നതിന് അടിയന്തരമായി പാറ എത്തിക്കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. ബഹളമുണ്ടാക്കിയ നാട്ടുകാ‌ർ, പാറ എത്തിക്കാതെ മന്ത്രിയെയും എം.എൽ.എയെയും മടങ്ങിപ്പോകാൻ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെ പൊലീസ് ഇടപെട്ടു. മന്ത്രിസഭാ യോഗത്തിലെ തീരുമാനപ്രകാരം ഉടനേ പാറ എത്തിക്കുമെന്ന് പറഞ്ഞെങ്കിലും ജനക്കൂട്ടം വഴങ്ങിയില്ല. അതിനിടെ മന്ത്രി എത്തിയ കാർ പാർക്ക് ചെയ്ത സ്ഥലത്തേക്കുള്ള റോഡിൽ കിടന്ന് തടസമുണ്ടാക്കാൻ ശ്രമിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതോടെ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന സ്ഥിതിയായി.

വിവരമറിഞ്ഞ് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയപ്പോൾ പ്രതിഷേധം അവർക്കു നേരെയായി. അസിസ്റ്റന്റ് കമ്മിഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എറെ പണിപ്പെട്ടാണ് കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നതിനു മുമ്പ് മന്ത്രിയെയും എം.എൽ.എയെയും തീരത്തുനിന്ന് രക്ഷപ്പെടുത്തി കാറിനരികിലെത്തിച്ചത്. വലിയതുറയിൽ കടലാക്രമണത്തിൽ ഇന്നലെ മാത്രം നാലു വീടുകൾ തകർന്നു. മൂന്നു ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് അറുപതോളം പേരാണ്.