u90i09i09i

വെഞ്ഞാറമൂട്: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം. മരങ്ങൾ വീണ് പലയിടത്തും വീടുകൾ തകർന്നു. വൈദ്യുതി വിതരണവും ഗതാഗതവും തടസപ്പെട്ടു. പുലർച്ചെ 5ന് സംസ്ഥാന പാതയിൽ മഞ്ചാടിമൂട്ടിൽ റോഡിനു കുറുകെ മരുത് മരം കടപുഴകി വീണ് ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചുനീക്കി. ഗതാഗതം പുന:സ്ഥാപിച്ചു.രാവിലെ അയിലം റോഡിനു കുറുകെ ഗണപതിയാംകോണം കാർത്തിക നിവാസിൽ സിനിയുടെ പുരയിടത്തിൽ നിന്ന അക്കേഷ്യ, റബർ മരങ്ങൾ പിഴുത് വീണു.

പുലർച്ചെ 7.15നായിരുന്നു അപകടം. ആറോളം ഇലക്ട്രിക് പോസ്റ്റുകളും തകർന്നു. പുളിമാത്ത് ക്ഷേത്രത്തിന് സമീപം വിഷ്ണു വിലാസത്തിൽ വസുമതി അമ്മയുടെ ഓടുമേഞ്ഞ കെട്ടിടത്തിന് മുകളിലേയ്ക്ക് മരം കടപുഴകി വീണു. വയ്യേറ്റ് കൊക്കോട്ടുകോണത്ത് പടശേഖരത്തിന് സമീപത്തായി ഉണ്ടായിരുന്ന വാഴക്കൃഷി നശിച്ചു. ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലാണ് കൃഷി നശിച്ചത്. വയ്യേറ്റ് ഇടവിളാകത്ത് വീട്ടിൽ സെയ്നുദീന്റെ ഉടമസ്ഥതയിലുള്ള വാഴക്കൃഷിയാണ് നശിച്ചത്.