തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള ഓപ്ഷനുകൾ 19ന് രാവിലെ 10വരെ നൽകാം. 17ന് ട്രയൽ അലോട്ട്മെന്റ് നടത്തിയ ശേഷവും ഓപ്ഷനുകൾ ക്രമീകരിക്കാൻ അവസരമുണ്ട്. 20ന് രാത്രി 8ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 21മുതൽ 26ന് വൈകിട്ട് 3നകം അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ളതും എൻട്രൻസ് കമ്മിഷണർക്ക് അടയ്ക്കേണ്ടതുമായ തുക ഏതെങ്കിലും ഹെഡ് പോസ്റ്റാഫീസിലോ ഓൺലൈനായോ അടയ്ക്കണം. നിശ്ചിത സമയത്തിനകം ഫീസടയ്ക്കാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർഓപ്ഷനുകളും റദ്ദാക്കും. റദ്ദാക്കുന്ന ഓപ്ഷനുകൾ പിന്നീട് ലഭ്യമാക്കില്ല. അടുത്ത അലോട്ട്മെന്റുകൾക്കായി പ്രത്യേകം വിജ്ഞാപനം പുറത്തിറക്കും.
സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിലെ 50ശതമാനം മെരിറ്റ്, 45ശതമാനം മാനേജ്മെന്റ് സീറ്റുകളിൽ എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റാണ്. സഹകരണ അക്കാഡമിയുടെ (കേപ്പ്) സ്വാശ്രയ കോളേജുകളിലെ 60ശതമാനം മെരിറ്റ്, 35ശതമാനം മാനേജ്മെന്റ് സീറ്റുകളിലും സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ് സ്റ്റഡീസിന്റെ തൊടുപുഴ, മുട്ടം എന്നിവിടങ്ങളിലെ 95ശതമാനം സീറ്റുകളിലും എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റാണ്. കാലിക്കറ്റ് സർവകലാശാല നടത്തുന്ന എൻജിനിയറിംഗ് കോളേജിൽ 100ശതമാനം സീറ്റുകളിലും തിരുവനന്തപുരം പാപ്പനംകോട് ശ്രീ ചിത്തിരതിരുനാൾ എൻജിനിയറിംഗ് കോളേജിലെ 50മെരിറ്റ്, 35ശതമാനം മാനേജ്മെന്റ് സീറ്റുകളിലും എൻട്രൻസ് കമ്മിഷണർ അലോട്ട്മെന്റ് നടത്തും.
എൻജിനിയറിംഗ് കോളേജുകളിൽ എ.ഐ.സി.ടി.ഇ നിർദ്ദേശപ്രകാരമുള്ള ഫീസിളവ് ഇക്കൊല്ലം മുതൽ നടപ്പാക്കും. ഓരോ കോഴ്സിലും ആകെ സീറ്റുകളുടെ 5ശതമാനം സീറ്റുകൾ അധികമായി എൻട്രൻസ് കമ്മിഷണർ അലോട്ട്മെന്റ് നടത്തും. ഇതിന് അർഹരായ വിദ്യാർത്ഥികളെ പ്രവേശനം അവസാനിപ്പിച്ച ശേഷം തിരഞ്ഞെടുക്കും. അലോട്ട്മെന്റ് ലഭിക്കുന്ന പട്ടികവിഭാഗം, ഒ.ഇ.സി വിഭാഗങ്ങളിലെ ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികൾ ടോക്കൺ ഫീസ് അടയ്ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനം നേടുകയും പഠനം തുടരുകയും ചെയ്യുമെന്ന് ഉറപ്പുള്ള കോഴ്സുകളിൽ മാത്രം വിദ്യാർത്ഥികൾ ഓപ്ഷൻ നൽകണമെന്ന് എൻട്രൻസ് കമ്മിഷണർ നിർദ്ദേശിച്ചു. വിവിധ കാരണങ്ങളാൽ എൻട്രൻസ് ഫലം തടഞ്ഞുവച്ചിട്ടുള്ളവർക്കും ഓൺലൈനായി അപേക്ഷിക്കാം. ഇവർ 16ന് വൈകിട്ട്5നകം ഫലം പ്രസിദ്ധീകരിക്കാൻ ആവശ്യമായ രേഖകൾ എൻട്രൻസ് കമ്മിഷണർക്ക് ഓൺലൈനായി നൽകണം. അല്ലെങ്കിൽ ഇവരെ അലോട്ട്മെന്റിനായി പരിഗണിക്കില്ല. കോളേജ്, സീറ്റ്, ഫീസ് അടക്കമുള്ള വിശദമായ വിജ്ഞാപനം www.cee-kerala.org ൽ. ഹെൽപ്പ് ലൈൻ- 0471-2332123, 2339101, 2339102, 2339103 & 2339104 (10 am- 5pm)
ഫീസ് ഘടന ഇങ്ങനെ:
സർക്കാർ, എയ്ഡഡ് എൻജിനിയറിംഗ് കോളേജുകൾ- 8225രൂപ.
സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിൽ മെരിറ്റ് സീറ്റിൽ 35,000, മാനേജ്മെന്റ് സീറ്റിൽ 65000.
കേരള സർവകലാശാലയുടെ സ്വാശ്രയ കോളേജിൽ സർക്കാർ സീറ്റിൽ 35000, മാനേജ്മെന്റ് സീറ്റിൽ 65000.
കലിക്കറ്റ് സർവകലാശാലയുടെ സ്വാശ്രയ കോളേജിൽ എല്ലാ സീറ്റിലും 35000രൂപ.
സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ് സ്റ്റഡീസിന്റെ സ്വാശ്രയ കോളേജിൽ 95ശതമാനം സർക്കാർ സീറ്റിലും 35000രൂപ.
എസ്.സി.ടി കോളേജിൽ 50ശതമാനം സർക്കാർ സീറ്റിൽ 35000, 35ശതമാനം മാനേജ്മെന്റ് സീറ്റിൽ 65000രൂപ.
കാർഷിക സർവകലാശാലയുടെ എൻജി.കോളേജുകളിൽ ബി.ടെക് അഗ്രികൾച്ചറൽ എൻജിനിയറിംഗിന് സെമസ്റ്ററിന് 7500രൂപ,
ഫുഡ് എൻജിനിയറിംഗിന് സെമസ്റ്ററിന് 36250രൂപ.
വെറ്ററിനറി സർവകലാശാലയുടെ കോളേജുകളിലെ ബി.ടെക് ഡയറി ടെക്നോളജിക്ക് സെമസ്റ്ററിന് 3410രൂപ,
ബി.ടെക് ഫുഡ് ടെക്നോളജിക്ക് സെമസ്റ്ററിന് 3410രൂപ.
ഫിഷറീസ് സർവകലാശാലയുടെ ബി.ടെക് ഫുഡ് സയൻസ് ആൻഡ് ടെക്നോളജി കോഴ്സിന് സെമസ്റ്ററിന് 33000രൂപ.
സെൽഫ് ഫിനാൻസിംഗ് എൻജിനിയറിംഗ് കോളേജ് മാനേജ്മെന്റിന്റെ കോളേജുകളിൽ 50ശതമാനം സർക്കാർ സീറ്റുകളിൽ 25ശതമാനം താഴ്‌ന്ന വരുമാനമുള്ളവർക്ക് 50,000രൂപ. മറ്റുള്ളവർക്ക് ട്യൂഷൻ ഫീസ് 50,000രൂപയും 25000രൂപ സ്പെഷ്യൽ ഫീസും.
നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗ് കോഴ്സിന് 25ശതമാനം താഴ്ന്ന വരുമാനക്കാർക്ക് 85000രൂപ. മറ്റുള്ളവർക്ക് 85000രൂപ ഫീസും 50000രൂപ സ്പെഷ്യൽ ഫീസും.
കാത്തലിക് എൻജിനിയറിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ കോളേജുകളിൽ 50ശതമാനം സർക്കാർ സീറ്റിൽ 75000രൂപയും ഒരുലക്ഷം രൂപ തിരികെ ലഭിക്കുന്ന പലിശരഹിത നിക്ഷേപവും. 60വിദ്യാർത്ഥികളുടെ ഓരോ ബാച്ചിനും 3ലക്ഷം വീതം സ്കോളർഷിപ്പ് നൽകും.
ആർക്കിടെക്ചറിന് സർക്കാർ, എയ്ഡഡ് കോളേജുകളിൽ 8225രൂപ. സ്വാശ്രയ കോളേജുകളിൽ 25ശതമാനം താഴ്ന്ന വരുമാനക്കാർക്ക് 55000രൂപ, ശേഷിക്കുന്നവർ 55000രൂപ ട്യൂഷൻ ഫീസും 25000രൂപ സ്പെഷ്യൽഫീസും.
ഗവ.ഫാർമസി കോളേജുകളിൽ 15000രൂപയാണ് ഫീസ്.