തിരുവനന്തപുരം: ഉറച്ച നിലപാടുകളും തീവ്രമായ ഇടപെടലുകളും കൊണ്ട് മലയാള സാഹിത്യത്തിലും സാംസ്കാരിക രംഗത്തും നിറഞ്ഞുനിന്ന കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ (83) അന്തരിച്ചു. ഇന്നലെ രാവിലെ 6.15ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന പഴവിളയുടെ ഭൗതികശരീരം ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ നളന്ദയിലെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ പൊതുദർശനത്തിനു വയ്ക്കും. വൈലോപ്പിള്ളി സംസ്‌കൃതിഭവന് സമീപത്തെ എൻ.എൻ.ആർ.എ 78ൽ 'പഴവിള' വീട്ടിലായിരുന്നു താമസം. കലാ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുൾപ്പെടെ ധാരാാളം പേർ അന്ത്യോപചാരം അർപ്പിക്കാൻ ഇന്നലെ രാവിലെ മുതൽ ഇവിടെ എത്തിയിരുന്നു. ഭാര്യ: സി.രാധ. മക്കൾ: സൂര്യ സന്തോഷ്, സൗമ്യ സുഭാഷ്. മരുമക്കൾ: ഡോ. വി. സന്തോഷ് (സംസ്ഥാന ആസൂത്രണ ബോർഡ്), ടി. സുഭാഷ് ബാബു (ബിസിനസ്). കൊച്ചുമക്കൾ: ഗോപിക സന്തോഷ്, സ്തുതി സുഭാഷ്.
കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിള വീട്ടിൽ എൻ.എ. വേലായുധന്റെയും ഭാനുക്കുട്ടിഅമ്മയുടെയും മകനായി 1936 മാർച്ച് 29ന് ജനിച്ചു. ഹൈസ്‌കൂൾ വിദ്യാഭ്യാസകാലം മുതൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. കൊല്ലം എസ്.എൻ കോളേജിൽനിന്ന് മലയാളസാഹിത്യത്തിൽ ബിരുദവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് എം.എയും നേടി. വിദ്യാർത്ഥി യൂണിയൻ നേതാവായിരുന്നു. സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം, അബുദാബി ശക്തി അവാർഡ്, മുലൂർ അവാർഡ്, പി. കുഞ്ഞരാമൻ നായർ അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾ 20ന് രാവിലെ 8ന് നളന്ദയിലെ വീട്ടിൽ നടക്കും.