sea

കിളിമാനൂർ: കണ്ണു തുറന്ന് നമുക്ക് കാണാം പച്ചക്കുന്നുകൾക്കപ്പുറത്തെ നീല വർണത്തിലുള്ള അറബിക്കടലിനെ, കപ്പലുകളെ, തല ഉയർത്തി നിൽക്കുന്ന ലൈറ്റ് ഹൗസിനെ, മലനിരകളെ തഴുകി വരുന്ന വെള്ളപ്പട്ടുടുത്ത മേഘങ്ങളെ... ഈ പറഞ്ഞു വരുന്നത് കന്യാകുമാരിയിലെയോ കാശ്മീരിലെയോ കാഴ്ചകളല്ല.

പുളിമാത്ത് പഞ്ചായത്തിലെ താളിക്കുഴിയിൽ നിന്നു രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള കടലുകാണിപ്പാറയെ കുറിച്ചാണ്. സംസ്ഥാന പാതയിൽ കാരേറ്റ് നിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ പാറയുടെ മുകളിൽ എത്താം. നട്ടുച്ച സമയത്തു പോലും പാറയ്ക്കു മുകളിൽ ചൂടിന്റെ കാഠിന്യം അനുഭവപ്പെടാറില്ല. പാറക്കൂട്ടങ്ങൾക്കിടയിലെ തണൽ മരങ്ങൾ സഞ്ചാരികൾക്ക് കുളിരേകുന്നു. സന്ധ്യകളാണ് ഇവിടം സുന്ദരമാക്കുന്നത്. കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന കടലുകാണിപ്പാറയ്ക്ക് ഏറെ ഐതിഹ്യങ്ങളും പറയാനുണ്ട്. സമീപത്തായി നിലവിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്ര പ്രദേശത്ത് കൊടും കാടായിരുന്നപ്പോൾ ശിവപാർവതിയും സന്യാസിവര്യന്മാരും എത്തിയിരുന്നതായി പറയപ്പെടുന്നു. ഇങ്ങനെ പ്രകൃതി തന്നെ കാഴ്ചകളുടെ വിരുന്നൊരുക്കി നിൽക്കുമ്പോൾ ഇവിടേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാനോ അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ അധികൃതർ തയ്യാറാകുന്നില്ല. വിവിധ പദ്ധതികൾ നടപ്പിലാക്കിയെങ്കിലും ഇന്നും അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെ സാമൂഹിക വിരുദ്ധന്മാരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം. എവിടെയും ഉടഞ്ഞ മദ്യക്കുപ്പികളും പാൻ മസാല കവറുകളും കാണാം.

കടലുകാണിപ്പാറ: സഞ്ചാരികളുടെ പറുദീസ

 1999 ലാണ് ടൂറിസം വകുപ്പ് രംഗത്ത് എത്തിയത്.

റോഡ്, കലുങ്ക്, വൈദ്യുതി, ട്രക്കിംഗ് എന്നിവയ്ക്കായി 14 ലക്ഷം രൂപയുടെ പ്രോജക്ട്

2002- കടലുകാണിപ്പാറയിലെ 3 ഏക്കർ സ്ഥലം വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ടൂറിസം പ്രൊമോഷൻ കൗൺസിലിന് സൗജന്യമായി നൽകി.

 കടലുകാണിപ്പാറയുടെ വികസനത്തിനും, ചിൽഡ്രൻസ് പാർക്ക്, ടോയ്ലറ്റ്, സ്നാക് ബാർ, സെൽഫി പോയിന്റ് എന്നിവയ്ക്കും, സ്ഥിരം സെക്യൂരിറ്റി സംവിധാനം ഒരുക്കുന്നതിനും 2 കോടി രൂപയുടെ പ്രോജക്ട് തയ്യാറാക്കി ടൂറിസം വകുപ്പിന് നൽകിയിട്ടുണ്ട്.

- വിഷ്ണു, പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ്

1) പാറയിൽ കയറുന്നതിനും ഇറങ്ങുന്നതിനും സുരക്ഷാസംവിധാനങ്ങളില്ല

2) സുരക്ഷാജീവനക്കാരില്ലാത്തതിനാൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം

3) വിശ്രമകേന്ദ്രങ്ങളുടെ അപര്യാപ്തത.

പരിഹാരം

സർക്കാരിന്റെ വിനോദസഞ്ചാര പാക്കേജിൽ ഉൾപ്പെടുത്തണം

സുരക്ഷ ശക്തമാക്കി സഞ്ചാരികൾക്ക് സംരക്ഷണം നൽകണം

സുരക്ഷയ്ക്കായി പാറയിൽ കമ്പിയഴികൾ സ്ഥാപിക്കണം

ശുദ്ധജലം ഉറപ്പാക്കണം, വൃത്തിയുള്ള ശൗചാലയം ഒരുക്കണം

പാറയിലേക്കുള്ള ഗതാഗതസൗകര്യം കുറ്റമറ്റതാക്കണം

ഗുഹയും ഐതിഹ്യവും

കടലിന് അഭിമുഖമായി ആനയുടെ ആകൃതിയിൽ പരസ്പരം തൊടാത്ത ആറു കൂറ്റൻ പാറകളാണു കടലുകാണിപ്പാറ. ഇവിടെ പാറയിൽ നിന്ന് 50 അടി താഴ്ചയിൽ ഒരു ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ഗുഹയിൽ സന്യാസിമാർ തപസനുഷ്ഠിച്ചിട്ടുണ്ടെന്നും 75 വർഷങ്ങൾക്കപ്പുറംവരെ ചില യോഗിവര്യന്മാർ ഇവിടെ വന്നു പോകാറുണ്ടായിരുന്നതായും പറയപ്പെടുന്നു. ഗുഹയെയും പാറയെയും ബന്ധിപ്പിച്ചു നിർമിച്ചിരിക്കുന്ന ക്ഷേത്രത്തിൽ ശിവപ്രതിഷ്ഠയാണുള്ളത്.