വർക്കല: മേൽവെട്ടൂരിൽ മാനസികാസ്വാസ്ഥ്യമുളള 52 കാരിയെ പീഡിപ്പിച്ച കേസിലെ രണ്ട് പ്രതികളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ കയറ്റാഫീസ് മുക്ക് പാലാഴി വീട്ടിൽ അനിൽകുമാർ (28), മേൽവെട്ടൂർ വാവറ മേലതിൽവീട്ടിൽ രതീഷ് (34) എന്നിവരാണ് അറസ്റ്റിലായത്. ജൂൺ 11ന് രാത്രി 9 മണിയോടെയാണ് സംഭവം. വീട്ടമ്മയുടെ ഭർത്താവ് ആട്ടോ ഡ്രൈവറാണ്. ഇവർക്ക് മൂന്ന് മക്കളുണ്ട്. 20 വർഷമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ് ഇവർ. സംഭവദിവസം രാത്രി വീട്ടമ്മ ഒറ്റയ്ക്കായിരുന്ന സമയത്ത് പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറി ഇവരുടെ വായിൽ തുണി തിരുകിയ ശേഷമാണ് പീഡിപ്പിച്ചത്. പ്രതികൾ മദ്യപിച്ചിട്ടുണ്ടായിരുന്നു. അനിൽകുമാർ മരംമുറിപ്പു തൊഴിലാളിയും രതീഷ് ആട്ടോ ഡ്രൈവറുമാണ്. അബോധാവസ്ഥയിലായ വീട്ടമ്മയെ ഭർത്താവും നാട്ടുകാരും ചേർന്നാണ് വർക്കല താലൂക്കാശുപത്രിയിലെത്തിച്ചത്. വർക്കല സി.ഐ ജി.ഗോപകുമാർ, എ.എസ്.ഐമാരായ സുദർശനൻ, സാബു, എസ്.സി.പി.ഒ മുരളീധരൻ, ഹരീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.