പൂവാർ: കാരോട് ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി നെയ്യാർ തീരത്തെ ബണ്ടും റോഡും നദിയിലേക്ക് ഇടിഞ്ഞുതാണു. പ്രദേശത്തെ അഞ്ഞൂറ് കുടുംബങ്ങൾ ഇന്ന് ഭീതിയിലാണ് കഴിയുന്നത്. നാട്ടുകാരുടെ പ്രതിഷേധ ശക്തമായതോടെ നദിയിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കി പഴയപടിയാക്കാൻ നടപടി ആരംഭിച്ചു. ബൈപ്പാസ് നിർമ്മാണം പുരോഗമിക്കുന്ന ഉരുവച്ച- പെരിയവീട് ഭാഗത്ത് നെയ്യാറിന്റെ പാലം നിർമ്മാണത്തെ തുടർന്നാണ് നെയ്യാറിന്റെ ദിശ മാറ്റി വിടാൻ തുടങ്ങിയത്. എന്നാൽ കഴിഞ്ഞ ദിവസത്തെ മഴയെത്തുടർന്ന് നെയ്യാറിലെ വെള്ളം ക്രമാതീതമായി ഉയർന്നതോടെ കാത്തിരം മൂട്ട് കടവിൽ നിന്നും തുറുതവിളാകത്തിലേയ്ക്കുള്ള എം.എൽ.എ ബണ്ട് റോഡിന്റെ ഏകദ്ദേശം കാൽ ഭാഗത്തോളം തകർന്നു. ഇന്നലെ പെരിയ വീട് നിവാസികൾ സംഘടിച്ചെത്തി കരാറുകാരോട് സംഭവം അറിയിച്ചെങ്കിലും ആറിന്റെ ബണ്ടിൽ മണൽചാക്ക് നിരത്താമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിന് മുമ്പും പല തവണ ബണ്ട് ഇടിഞ്ഞപ്പോൾ മണൽചാക്കുകളാണ് നിരത്തിയിരുന്നത്. നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നതിനാൽ ആറിന്റെ ഒരു ഭാഗം മണ്ണിട്ട് മൂടിയിരിക്കുകയാണ്. ബണ്ടിന്റെ ഒരു ഭാഗം കോൺക്രീറ്റുകൾ ഉപയോഗിച്ച് മൂടണമെന്നും ആറിന്റെ ദിശ പഴയ രീതിയിലാക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.