തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ഹെൽപ്പ് ഡെസ്ക് അടക്കമുള്ള എല്ലാ സേവനങ്ങളും ഏകോപിപ്പിക്കാനായി നിർമ്മിച്ച കെ.ആർ.നാരായണൻ മെമ്മോറിയൽ സ്റ്റുഡന്റ്സ് അമിനിറ്റി സെന്റർ 17ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് വൈസ് ചാൻസിലർ പ്രൊഫ. വി.പി. മഹാദേവൻ പിള്ള വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എൻക്വയറി, വിവരാവകാശം, കാഷ് കൗണ്ടർ, ക്യാഷ് ഓഫീസ്, 102 വിദ്യാർത്ഥികൾക്ക് ഇരിക്കാൻ സൗകര്യമുള്ള വിദ്യാർത്ഥി സേവന കേന്ദ്രം, പി.ആർ.ഓഫീസ്, ഫീഡിംഗ് റൂം, എ.ടി.എം. സൗകര്യത്തോടെയുള്ള സ്റ്റേറ്റ് ബാങ്ക് ശാഖ, കഫറ്റീരിയ , ഫുഡ് കോർട്ട്, ഗ്രീൻ റൂം, ഗസ്റ്റ് റൂം തുടങ്ങി മൂന്ന് നിലകളിലായി വിപുലമായ സൗകര്യങ്ങൾ 8.35 കോടി മുതൽമുടക്കി നിർമ്മിച്ച കെട്ടിടത്തിലുണ്ട്.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.ടി.ജലീൽ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, വി.എസ്.ശിവകുമാർ എം.എൽ.എ, മേയർ വി.കെ.പ്രശാന്ത്, പ്രൊ.വൈസ് ചാൻസിലർ പി.പി.അജയകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്. ബാബുജൻ, എം. ഹരികൃഷ്ണൻ തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും.

വിദ്യാർത്ഥി സുരക്ഷാ പദ്ധതി

സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾക്കായി വിദ്യാർത്ഥി സുരക്ഷാ പദ്ധതി ആരംഭിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചതായി അംഗം കെ.എച്ച്. ബാബുജൻ പറഞ്ഞു.വിദ്യാർത്ഥി മരണപ്പെട്ടാൽ അഞ്ച് ലക്ഷം രൂപയും ചികിത്സയ്ക്ക് ഒരു ലക്ഷവും നൽകും.എല്ലാ കോളേജുകളിലും പാലിയേറ്റീവ് ക്ലബുകൾ രൂപീകരിക്കും. സർവകലാശാലയിലെ ബയോ കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ റേഡിയേഷൻ പഠനത്തിനായി 50 ലക്ഷം രൂപ അനുവദിച്ചു.ഉന്നതവിദ്യാഭ്യാസത്തിന് ഉൗന്നൽ നൽകാൻ അസാപ്പ് പോലുള്ള നൈപുണ്യ പദ്ധതികളും ആരംഭിക്കും.ഒപ്പം കൃത്യമായ പരീക്ഷ കലണ്ടർ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.