കിളിമാനൂർ: മഴക്കാലവും പകർച്ചവ്യാധിയുമൊക്കെയായി രോഗികൾ നിറയുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വാടക കെട്ടിടത്തിൽ വീർപ്പുമുട്ടുകയാണ് നഗരൂർ പ്രൈമറി ഹെൽത്ത് സെന്റർ. നഗരൂറിന് സമീപം പഴയൊരു വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ജീവനക്കാർക്കു പോലും നിന്ന് തിരിയാൻ ഇടമില്ല. പഴയൊരു വീടായിരുന്ന കെട്ടിടത്തിന്റെ നാല് മുറികളിൽ ഒന്നിൽ മെഡിക്കൽ ഓഫീസറും മറ്റു മുറികൾ ഫാർമസി, ആഫീസ്, സ്റ്റോർ റൂം തുടങ്ങിയവയായി പ്രവർത്തിക്കുന്നു. ഇതിൽ സ്റ്റോർ റൂം മഴയിൽ ചോർന്നൊലിക്കുന്നു. രോഗികൾക്കായി പുറത്തൊരു വരാന്തയുണ്ടെങ്കിലും വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അവിടെ നിൽക്കാനാവൂ. ജീവനക്കാർ ഇരിപ്പിടം പോലുമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയാണുള്ളത്.
നഗരൂർ പഞ്ചായത്തിലെ ഏക ജീവിത ശൈലി രോഗ നിർണയ കേന്ദ്രമാണിത്. പനിക്കാലമായതോടെ രോഗികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തതോടെ സ്ഥലപരിമിതി കൊണ്ട് വീർപ്പുമുട്ടുകയാണ് ജീവനക്കാർ. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് കൊണ്ടാണ് ആർദ്രം പദ്ധതി ഇവിടെ കിട്ടാതെ പോയത്. അടിയന്തരമായി പുതിയ കെട്ടിടം പണിയുകയോ സൗകര്യമുള്ള മറ്റു കെട്ടിടത്തിലേക്ക് മാറുകയോ വേണമെന്നാണ് ജീവനക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.