kanam

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിനായുള്ള കോടതിവിധി നടപ്പാക്കുകയെന്ന ബാദ്ധ്യതയാണ് സർക്കാർ നിറവേറ്റിയതെങ്കിലും അത് നടപ്പാക്കുമ്പോൾ വിശ്വാസിസമൂഹത്തിലുണ്ടാകുന്ന പ്രതികരണങ്ങൾ മുൻകൂട്ടി കാണുന്നതിൽ വീഴ്ച പറ്റിയെന്ന് സി.പി.ഐ.

യഥാർത്ഥ വസ്തുതകൾ ജനങ്ങളോട് വിശദീകരിക്കാൻ സംസ്ഥാനത്തുടനീളം വ്യാപക പ്രചാരണം സംഘടിപ്പിച്ചെങ്കിലും ഇടതുപക്ഷം വിശ്വാസികൾക്കെതിരാണെന്ന യു.ഡി.എഫ്, ബി.ജെ.പി പ്രചാരണങ്ങളെ മറികടക്കാൻ അതിനായില്ലെന്ന് രണ്ട് ദിവസത്തെ സംസ്ഥാനകൗൺസിൽ യോഗതീരുമാനങ്ങൾ വിശദീകരിച്ച് സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താലേഖകരോട് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായത് രാഷ്ട്രീയ പരാജയമാണെന്നും കാനം വ്യക്തമാക്കി.

സർക്കാർസമീപനമെന്തെന്ന് ശരിയായി ധരിക്കാത്തതിനാൽ മതനിരപേക്ഷവോട്ടുകൾക്ക് സംശയമുണ്ടായി. അവ എൽ.ഡി.എഫിന് നഷ്ടമായി. എങ്കിലും ഇത് താത്കാലികമാണ്. തിരഞ്ഞെടുപ്പിനെ വൈകാരികതലത്തിലേക്ക് മാറ്റുന്നതിൽ പ്രതിപക്ഷം വിജയിച്ചു. ജനങ്ങളും ആ തലത്തിൽ നിന്ന് വോട്ട് ചെയ്തു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുണ്ടാക്കിയ വിജയമാണിത്. എൽ.ഡി.എഫിനുണ്ടായത് അപ്രതീക്ഷിത പരാജയമാണ്.

മോദിയെ പുറത്താക്കുകയെന്നതിനാണ് എൽ.ഡി.എഫ് മുഖ്യ ഊന്നൽ നൽകിയത്. തങ്ങളാണ് ബദലെന്ന കോൺഗ്രസ് പ്രചാരണം മതനിരപേക്ഷവോട്ടുകളെ സ്വാധീനിച്ചു. എൽ.ഡി.എഫ് പരാജയത്തിൽ മാദ്ധ്യമങ്ങളും നല്ല പങ്ക് വഹിച്ചു. യു.ഡി.എഫുമായി 12 ശതമാനം വോട്ട് വ്യത്യാസം എൽ.ഡി.എഫിനുണ്ടായി എന്നതാണ് സി.പി.ഐയെ ചിന്തിപ്പിക്കുന്ന വിഷയം. 1980ൽ എൽ.ഡി.എഫ് രൂപീകരിച്ചശേഷമുള്ള വലിയ തിരിച്ചടിയാണിത്. ഇതിനെ ഗൗരവമായ രാഷ്ട്രീയ, സംഘടനാവിഷയമായിക്കണ്ട് തിരുത്തലുകൾ വരുത്തും. അകന്നുപോയ വിശ്വാസികളുമായി സംവദിക്കും. സമുദായസംഘടനകളുമായി ചർച്ച നടത്തില്ല. മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയെപ്പറ്റി എതിരഭിപ്രായമില്ലെന്നും കാനം വ്യക്തമാക്കി.

 പരമ്പരാഗതവോട്ടുകളും മറിഞ്ഞത് ഗൗരവതരം

തിരുവനന്തപുരം: ഇടതുമുന്നണിക്ക് പരമ്പരാഗതമായി ലഭിച്ചുവന്ന വോട്ടുകളുൾപ്പെടെ മറിഞ്ഞുപോയത് ഗൗരവതരമാണെന്നും അതിനെ രാഷ്ട്രീയമായി തിരിച്ചെത്തിക്കുക അത്ര ലളിതമായിരിക്കില്ലെന്നും സംസ്ഥാനകൗൺസിൽ യോഗത്തിൽ അഭിപ്രായങ്ങളുയർന്നു. പരമ്പരാഗത പിന്നാക്കവോട്ടുകളിൽ ചോർച്ചയുണ്ടായി. സി.പി.എം ശക്തികേന്ദ്രങ്ങളിലെ ബൂത്തുകളിൽ പോലുമിത് സംഭവിച്ചു.

തിരിച്ചടിക്ക് കാരണം ശബരിമല മാത്രമെന്ന് വരുത്തിത്തീർക്കാൻ മാദ്ധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. യഥാർത്ഥത്തിലതല്ല ഉണ്ടായത്. എൽ.ഡി.എഫ്- യു.ഡി.എഫ് വോട്ട് ശതമാനത്തിലെ അന്തരം പന്ത്രണ്ട് ശതമാനമായെന്നത് ഗുരുതരമാണ്. ഇക്കാര്യത്തിൽ സി.പി.ഐയുടെ സംഘടനാപരമായ വീഴ്ചകളും പരിശോധിക്കപ്പെടണം. പാർട്ടിയെന്ന നിലയിലും ഏറ്റവും കുറഞ്ഞ വോട്ട് ശതമാനം സി.പി.ഐക്കാണ്. 1964ലെ പിളർപ്പിന് ശേഷമുണ്ടായ ഏറ്റവും ശോഷിച്ച നിലയാണിത്. മതന്യൂനപക്ഷ ഏകീകരണമെന്ന നിലയിലേക്ക് ചുരുക്കിക്കാണുന്നതും ശരിയാവില്ല. പാർട്ടി അംഗത്വത്തിൽ 20 ശതമാനം മതന്യൂനപക്ഷത്തിലുള്ളവരാണ്. അപ്പോൾ അത്തരമൊരു പ്രചാരണം പാർട്ടി അനുഭാവികളെയും എതിരാക്കും. മതനിരപേക്ഷവോട്ടുകളിലാണ് ചോർച്ചയുണ്ടായത്. മുസ്ലിം സംഘടനകൾ സംഘടിതമായി യു.ഡി.എഫിനെ തുണച്ചപ്പോൾ ക്രിസ്ത്യൻ സംഘടനകളിൽ അത്രത്തോളമത് സംഭവിച്ചിട്ടില്ല. അങ്ങനെയുണ്ടായെങ്കിൽ ആഘാതം ഇനിയും കൂടുമായിരുന്നുവെന്നും അഭിപ്രായങ്ങളുയർന്നു.