photo

പാലോട് : കാറ്റിൽ ചരിഞ്ഞ 11 കെ.വി വൈദ്യുതി ലൈനിനു കീഴെ പേടിയോടെ അന്തിയുറങ്ങുകയാണ് ഹതഭാഗ്യരായ ഒരു കുടുംബം. വീടിന്റെ അതിർത്തിയിൽ നിന്നിരുന്ന കൂറ്റൻ ആഞ്ഞിലി മരം വീട്ടുകാർ പുറത്ത് പോയപ്പോൾ മറിഞ്ഞു വീണതിനാൽ തലനാരിഴയ്ക്ക് അപകടമൊഴിവായതിന്റെ ആശ്വാസത്തിലാണ് മറ്റൊരു കുടുംബം.

അധികൃതരുടെ അനാസ്ഥമൂലം തലയ്ക്ക് മീതെ അപായ ഭീതിയുമായി ദിവസം തള്ളിനീക്കാൻ വിധിക്കപ്പെട്ട നിർദ്ധന കുടുംബങ്ങളുടെ എണ്ണം മലയോര മേഖലയിൽ വർദ്ധിക്കുകയാണ്.

പുലിയൂർ അമ്മൂസിൽ ചന്ദ്രന്റെ വീടിന് മുകളിലേക്ക് കഴിഞ്ഞ ദിവസം വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലുമാണ് 11 കെ.വി ലൈൻ ചെരിഞ്ഞത്. അപ്പോഴെങ്കിലും പോസ്റ്റ് മാറ്റി സ്ഥാപിക്കുമെന്ന് ചന്ദ്രനും നാട്ടുകാരും ആശിച്ചു. പക്ഷേ, മറിച്ചാണ് സംഭവിച്ചത്. കയർ കെട്ടി പോസ്റ്റ് തറയിൽ ഉറപ്പിച്ചിരിക്കുന്ന വിചിത്രമായ രീതിയാണ് നന്ദിയോട് ഇലക്ട്രിക് അസിസ്റ്റന്റ് എൻജിനിയറുടെ കീഴിൽ നടന്നത്.

തൊട്ടടുത്ത് പിഞ്ചുകുട്ടികൾ പഠിക്കുന്ന ദേവസ്വം എൽ.പി സ്‌കൂളും സ്ഥിതി ചെയ്യുന്നുണ്ട്. പോസ്റ്റ് മറിഞ്ഞാൽ വീടും സ്‌കൂളും തകരും. ഈ അപകടസാദ്ധ്യത മുന്നിൽ കണ്ടിട്ടും 'കയറിന്മേൽ പരീക്ഷണം' ഒഴിവാക്കി പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.

പാലോട് ടൗണിനു സമീപം തെക്കേക്കര ഷാജി മൻസിലിൽ ഷാജിമോന്റെ മൺകട്ട കൊണ്ട് മറച്ച കൊച്ചുവീടാണ് മരം വീണ് തകർന്നത്. വീട്ടുകാർ പെരിങ്ങമ്മലയിലെ ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതിനാൽ ആളപായം ഉണ്ടായില്ല. വർഷങ്ങൾ പഴക്കമുള്ള മരത്തിന്റെ ചുവട് ദ്രവിച്ചാണ് ഒടിഞ്ഞു വീണത്.

മേൽക്കൂരയും വാതിലും ജനാലകളും ഒക്കെ തകർന്നു.

ചുവരുകൾ പൊട്ടിമാറി എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്.

ലോട്ടറി വിറ്റ് ഭാര്യയും മക്കളും ഉമ്മയുമടങ്ങുന്ന കുടുംബത്തെ പോറ്റുന്ന ഷാജിമോന് വീട് വാസയോഗ്യമാക്കുക എന്നത് പ്രയാസമാണ്.

കാലവർഷം ശക്തമായിരിക്കെ മലയോര മേഖലയിൽ നിരവധി പാവപ്പെട്ട കുടുംബങ്ങൾ സമാനമായ ദുസ്ഥിതി നേരിടുന്നുണ്ട്.

വീടിനു മീതെ ചാഞ്ഞു നിൽക്കുന്ന വൈദ്യുതി ലൈനുകളും വൻ മരങ്ങളും മുറിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി ബന്ധപ്പെട്ട അധികൃതരുടെ ഓഫീസ് കയറിയിറങ്ങിയിട്ടും പരിഹാരമായിട്ടില്ല. ഷാജിമോനും പുലിയൂർ ചന്ദ്രനും ബന്ധപ്പെട്ട ഓഫീസുകളിൽ മാസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷകൾ ചുവപ്പുനാടയിൽ ഉറങ്ങുകയാണിപ്പോഴും.