kanam-rajendran

തിരുവനന്തപുരം: ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് മജിസ്റ്റീരിയൽ പദവി നൽകി പൊലീസ് കമ്മിഷണറേറ്റ് രൂപീകരിക്കുന്നതിനോടുള്ള എതിർപ്പ് കനപ്പിച്ച് സി.പി.ഐ സംസ്ഥാനനേതൃത്വം. എൽ.ഡി.എഫിൽ ഈ വിഷയത്തിൽ സി.പി.എമ്മുമായി അഭിപ്രായവ്യത്യാസമുണ്ടെന്നും പാർട്ടി നിലപാടിൽ നിന്ന് പിന്നാക്കമില്ലെന്നും ഇന്നലെ സംസ്ഥാന കൗൺസിൽ യോഗത്തിൽ ചർച്ചയ്ക്ക് മറുപടി പറയവേ സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. വിഷയത്തിൽ സി.പി.എം, സി.പി.ഐ നേതൃത്വങ്ങൾ ഉഭയകക്ഷി ചർച്ചയ്ക്ക് തീരുമാനിച്ചിട്ടുണ്ട്. കമ്മിഷണറേറ്റ് രൂപീകരിക്കുന്നതിലെ എതിർപ്പ് പ്രകടമാക്കി റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഒരു ജനാധിപത്യ സംവിധാനത്തിൽ മജിസ്റ്റീരിയൽ അധികാരം പൊലീസിന് കൈമാറരുതെന്നാണ് സി.പി.ഐ നിലപാട്- കാനം കൗൺസിലിൽ വിശദീകരിച്ചു.

വിഷയം ആഭ്യന്തരവകുപ്പിന് മാത്രം തീരുമാനിക്കാവുന്ന കാര്യമല്ലെന്നും ഇപ്പോൾ ഇറക്കിയ ഉത്തരവിന് വിലയില്ലെന്നും പിന്നീട് വാർത്താസമ്മേളനത്തിൽ കാനം പറഞ്ഞു. കമ്മിഷണർമാർക്ക് മജിസ്റ്റീരിയൽ അധികാരം നൽകുന്നതിനോട് ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് പാർട്ടികളും എന്നും എതിരായിരുന്നു. സുപ്രീംകോടതിയും എതിരായി പറഞ്ഞിട്ടുണ്ട്.

കാർട്ടൂൺ വിവാദത്തിൽ മന്ത്രിക്കെതിരെ കാനം

ലളിതകലാ അക്കാഡമിയുടെ വിവാദമായ കാർട്ടൂൺ പുരസ്കാരം പുനഃപരിശോധിക്കാൻ നിർദ്ദേശിച്ച സാംസ്കാരിക മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലളിതകലാ അക്കാഡമി ഒരു സ്വയംഭരണസ്ഥാപനമാണെന്നും അതിൽ ഇടപെടാൻ ഒരു മന്ത്രിക്കും അവകാശമില്ലെന്നും കാനം വാർത്താലേഖകരോട് പ്രതികരിച്ചു.

കുന്നത്തുനാട്ടിലെ വിവാദമായ നിലംനികത്തൽ വിഷയത്തിൽ, അഡ്വക്കേറ്റ് ജനറലിന് മുകളിലും നിയമം അറിയുന്നവരുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു. 2008ന് ശേഷം കരഭൂമിയാവാത്തതും നിലം എന്ന് രേഖയിലുള്ളതുമായ ഭൂമി മാറ്റാൻ സർക്കാർ നിയമം പാസാക്കിയിട്ടുണ്ട്. എൽ.ഡി.എഫിൽ ഇതുസംബന്ധിച്ച് ഒരു കാര്യത്തിലും തർക്കമില്ല. മുൻ റവന്യൂ അഡിഷണൽ ചീഫ് സെക്രട്ടറിയെ മാറ്റണമെന്ന് റവന്യൂ മന്ത്രി ആവശ്യപ്പെട്ടിട്ടില്ല. പി.എച്ച്. കുര്യൻ മോശം ഉദ്യോഗസ്ഥനാണെന്ന അഭിപ്രായമില്ലെന്നും കാനം പറഞ്ഞു.