അധികാരസ്ഥാനങ്ങളിലിരിക്കുന്നവരെ കാര്യങ്ങൾ ധരിപ്പിക്കുമ്പോൾ വസ്തുതകൾ ചെറുതായൊന്ന് വളച്ചൊടിക്കുന്നതാണ് ആദികാലം മുതലുള്ള നാട്ടുനടപ്പ്.
രാജാവിന്റെ മുമ്പിൽ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ അത് രാജാവിന് ഹിതമായ രീതിയിൽ അവതരിപ്പിക്കണം. ഇല്ലെങ്കിൽ അവതരിപ്പിക്കുന്നവന്റെ കാര്യം പോക്കാണ്. അതിനാൽ മന്ത്രിമാരും ഉപദേശകവൃന്ദവും ഉപജാപകവൃന്ദവും രാജാവിന്റെ ശക്തിയും ദൗർബല്യവും ഭംഗിയായി പഠിച്ചു വച്ചിരിക്കും. അതിൻപ്രകാരമായിരിക്കും നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയിക്കുക. ഈ സംവിധാനത്തിന്റെ ദോഷങ്ങളും ദൂഷ്യങ്ങളും പരിഹരിക്കാനാണ് പഴയ രാജാക്കന്മാർ വേഷപ്രച്ഛന്നരായി നാട്ടിൽ ചിലപ്പോഴൊക്കെ സഞ്ചരിച്ചിരുന്നത്. അപ്പോഴവർ യഥാർത്ഥ കാര്യങ്ങൾ നേരെ ചൊവ്വേ അറിയും.
ഈ ജനാധിപത്യ യുഗത്തിൽ മുഖ്യമന്ത്രി പിണറായി ഫാൻസി ഡ്രസുമണിഞ്ഞ് സമൂഹത്തിൽ ഇറങ്ങി നടക്കണമെന്ന് ആർക്കും ശഠിക്കാനാവില്ല. അതിനാൽ അത് നടക്കുന്ന കാര്യവുമല്ല.
19 സീറ്റിൽ ഇടതുപക്ഷം തോറ്റതിന്റെ കാരണം സ്വാഭാവികമായും ഉപദേശകവൃന്ദം പിണറായിയെ ധരിപ്പിച്ചു കാണും. അതുപക്ഷേ, ശബരിമലവിഷയം കാരണം നമ്മുടെ സഖാക്കന്മാരുടെ കെട്ട്യോളുമാരും മക്കളും വരെ രാഹുലിന്റെയും മോദിയുടെയും പാർട്ടിക്കാണ് കുത്തിയത് എന്ന രീതിയിൽ ആയിരിക്കില്ല. പകരം ഇത്തവണ അസാരം വോട്ട് ചോർച്ച ഉണ്ടായോ എന്ന് സംശയം എന്ന് പറയും. ഇവിടെ സത്യം പറയാതിരുന്നില്ല. പക്ഷേ, ചെറുതായൊന്ന് വളച്ചൊടിച്ചു. വോട്ട് ചോർച്ച എന്ന പരിചിതമായ പദം ഫിറ്റ് ഇൻ ചെയ്തു. ഹിതമായി അവതരിപ്പിച്ചു. അത്രമാത്രം.
ആലപ്പുഴയിൽ ജയിച്ചതെങ്ങനെ എന്ന് പഠിച്ചാൽ മറ്റിടങ്ങളിൽ തോറ്റതിന്റെ ഉത്തരം കിട്ടുമെന്ന് ട്രോളറന്മാർ ചൂണ്ടിക്കാട്ടിയത് ശരിയാണ്. അതായത് 45 ശതമാനം മോഡറേഷൻ കിട്ടുന്ന കുട്ടിക്ക് 20 ശതമാനം മാർക്ക് കൂടി നേടിയാൽ ഫസ്റ്റ് ക്ളാസ് കിട്ടും. കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത വിധമുള്ള ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ് കഴിഞ്ഞ ഇലക്ഷനിൽ നടന്നത്. ശബരിമല കാരണം ഹിന്ദുക്കളുടെ 20 ശതമാനം വോട്ടും കൂടി കിട്ടി. എല്ലായിടത്തും കോൺഗ്രസ് മുന്നണി ജയിച്ചു, ആലപ്പുഴ ഒഴികെ. ആലപ്പുഴയിൽ ന്യൂനപക്ഷ വോട്ട് വിഭജിക്കപ്പെട്ടു. സ്ഥാനാർത്ഥികൾ രണ്ടും മുസ്ളിംങ്ങളായതിനാൽ ഷാനിമോൾ ഉസ്മാന്റെ മോഡറേഷൻ 20 ശതമാനമായി കുറഞ്ഞു. അവിടെ എൽ.ഡി.എഫ്. ജയിച്ചു. മോദിപ്പേടിയോടൊപ്പം രാഹുൽ ഇന്ത്യ മുഴുവൻ ഒരു വലിയ മുന്നേറ്റം നടത്തുമെന്ന വൃഥാ വിശ്വാസവുമാണ് ഇവിടെ ഇത്രയും വലിയ ഏകീകരണത്തിനിടയാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ പാറ്റേൺ അതേപോലെ തുടരണമെന്നില്ല. എന്നാലും, ഭരണാധികാരി ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. ഇല്ലെങ്കിൽ രാമായണത്തിൽ രാവണന് സംഭവിച്ച പരാജയമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
രാവണൻ, രാമൻ എന്ന പേര് കേൾക്കുന്നത് ശൂർപ്പണഖയിൽ നിന്നാണ്. മൂക്കും മുലയും മാറും ഛേദിക്കപ്പെട്ട സഹോദരിയുടെ വിലാപത്തിലാണ് ആ പേര് ഉച്ചരിക്കപ്പെട്ടത്. പക്ഷേ, ശൂർപ്പണഖ നടന്ന സംഭവം അതുപോലെയല്ല പറഞ്ഞത്. ചെറുതായൊന്ന് വളച്ചൊടിച്ചു. ഭാര്യയോടൊപ്പമിരുന്ന രാമനെ ഭർത്താവാക്കാൻ ബലാൽക്കാരേണ ശ്രമിച്ചപ്പോഴാണ് ഇങ്ങനെ സംഭവിച്ചതെന്ന സത്യം തികച്ചും മറച്ചുവച്ചു.
പകരം പറഞ്ഞത് ഇങ്ങനെയാണ് : '' ഞാൻ ഒരു ദിവസം കാട്ടിലൂടെ സന്തോഷത്തോടെ സഞ്ചരിക്കുകയായിരുന്നു. ഗൗതമീ തടാകത്തിലെ പഞ്ചവടിയിൽ ഒരു ആശ്രമത്തിൽ ജടാവത്കലങ്ങൾ ധരിച്ച് രാമൻ ഇരിക്കുന്നത് കണ്ടു. ഭാര്യ ഒപ്പമുണ്ട്. കൂടാതെ സഹോദരൻ ലക്ഷ്മണനും. ഞാനടുത്തു ചെന്നു. രാമന്റെ ഭാര്യയെ സൂക്ഷിച്ചുനോക്കി. അതുപോലൊരു സുന്ദരി ഈരേഴ് പതിന്നാല് ലോകങ്ങളിലും കാണില്ല. അവളുടെ സൗന്ദര്യത്തിന്റെ മുന്നിൽ അപ്സര സ്ത്രീകൾ പോലും നാണംകെടും. അവളെ രാവണന്റെ ഭാര്യയാക്കണം എന്ന വിചാരത്തോടെ അപഹരിക്കാൻ ശ്രമിച്ചപ്പോൾ രാമന്റെ നിർദ്ദേശത്താൽ ലക്ഷ്മണൻ ചെയ്തതാണ് ഈ കടുംകൈ."
ഏത് എതിരാളിയെയും പേടിയുടെ ലവലേശമില്ലാതെ ചങ്കൂറ്റത്തോടെ നേരിടുന്നതാണ് രാവണന്റെ ശക്തി. അതേസമയം തന്റെ ശക്തിയിലുള്ള അമിതമായ അഹങ്കാരവും നാരീസേവയും രാവണന്റെ ദൗർബല്യങ്ങളാണ്.
ഇത് രണ്ടും മനസിലാക്കിയാണ് ശൂർപ്പണഖ വസ്തുത ചെറുതായൊന്ന് വളച്ചൊടിച്ചത്. രാമനെ തോൽപ്പിക്കുന്നതിനപ്പുറം സീതയെ ഉടനെ സ്വന്തമാക്കണമെന്ന താല്പര്യം രാവണനിൽ ജനിപ്പിക്കാൻ ശൂർപ്പണഖയ്ക്ക് കഴിഞ്ഞു.
യാഥാർത്ഥ്യം ചെറുതായി വക്രീകരിച്ചാൽ പോലും മാരകമായ ഫലങ്ങൾ ഉളവാക്കാം. ഉപദേശകവൃന്ദം പറയുന്നതിൽ വളവെവിടെ തിരിവെവിടെ എന്ന് തരംതിരിച്ച് മനസിലാക്കുന്നതാണ് ഭരണാധികാരികളുടെ മിടുക്ക്. തനിക്ക് ഹിതമായതിനല്ല, ജനങ്ങൾക്ക് ഹിതമായതിനാണ് പ്രാധാന്യം നൽകേണ്ടത്. അങ്ങനെ ചെയ്താൽ ഈ പരാജയമൊക്കെ തിരിച്ചിടാൻ കഴിയാവുന്നതേയുള്ളൂ.