കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കം
റിയോ ഡി ജനീറോ : ലാറ്റിനമേരിക്കൻ ഫുട്ബാളിന്റെ ആരവങ്ങളിലേക്ക് ലോകത്തെ ക്ഷണിച്ചുകൊണ്ട് കോപ്പ അമേരിക്ക ഫുട്ബാളിന് നാളെ ബ്രസീലിൽ തുടക്കമാകും. ആതിഥേയരായ ബ്രസീലും ബൊളീവിയയും തമ്മിൽ ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ ആറ് മണിക്കാണ് ആദ്യ മത്സരം. നാല് ടീമുകളടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളിലായി ആകെ 12 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. 10 ലാറ്റിനമേരിക്കൻ ടീമുകളെ കൂടാതെ രണ്ട് ഏഷ്യൻ രാജ്യങ്ങൾ ഇക്കുറി അതിഥികളായി പങ്കെടുക്കുന്നു എന്ന പ്രത്യേകതകയുമുണ്ട്. അടുത്ത ലോകകപ്പിന്റെ ആതിഥേയരായ ഖത്തർ, കഴിഞ്ഞ ലോകകപ്പിലെ പ്രീക്വാർട്ടർ ഫൈനലിസ്റ്റുകളായ ജപ്പാൻ എന്നിവരാണ് ഈ കോപ്പയിൽ കളിക്കുന്ന ഏഷ്യൻ രാജ്യങ്ങൾ. അർജന്റീന, കൊളംബിയ, പരാഗ്വേ എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഖത്തർ കളിക്കുന്നത്. ഉറുഗ്വേ, ഇക്വഡോർ, ചിലി എന്നിവർക്കൊപ്പം സി ഗ്രൂപ്പിലാണ് ജപ്പാന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ.
പ്രാഥമിക റൗണ്ടിൽ ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരും എല്ലാ ഗ്രൂപ്പുകളിൽ നിന്നുമായി രണ്ട് മികച്ച മൂന്നാം സ്ഥാനക്കാരും ക്വാർട്ടർ ഫൈനലിലെത്തുന്ന രീതിയിലാണ് ടൂർണമെന്റ് ക്രമീകരിച്ചിരിക്കുന്നത്. ജൂൺ 27 മുതൽ 29 വരെയാണ് ക്വാർട്ടർ ഫൈനൽ. ജൂലായ് രണ്ടിനും മൂന്നിനുമായി സെമിഫൈനലുകളും ജൂലായ് 7ന് ഫൈനലും നടക്കും.
ആതിഥേയ നിരയിൽ സൂപ്പർതാരം നെയ്‌മർ ഇല്ലാത്തത് ടൂർണമെന്റിന്റെ ശോഭ കെടുത്തുന്നുണ്ട്.
ഗ്രൂപ്പ് എ
ബ്രസീൽ
ബൊളിവിയ
വെനിസ്വേല
പെറു
ഗ്രൂപ്പ് ബി
അർജന്റീന
കൊളംബിയ
പരാഗ്വേ
ഖത്തർ
ഗ്രൂപ്പ് സി
ഉറുഗ്വേ
ഇക്വഡോർ
ജപ്പാൻ
ചിലി