lee-chong-wei
lee chong wei

കാൻസർ രോഗ ബാധിതനായ ബാഡ്മിന്റൺ സൂപ്പർ താരം ലീചോംഗ് വേയ് വിരമിച്ചു.

പുത്രജയ : ഓർക്കാപ്പുറത്തെത്തിയ രോഗത്തെ കീഴടക്കിയെങ്കിലും വീണ്ടും കളിക്കളത്തിലേക്ക് എത്തണമെന്നുള്ള ആഗ്രഹം ത്യജിച്ച് മലേഷ്യൻ ബാഡ്മിന്റൺ ഇതിഹാസതാരം ലീ ചോംഗ് വേയ്.

കഴിഞ്ഞ വർഷമാണ് ലീയ്ക്ക് മൂക്കിൽ അർബുദബാധയുണ്ടായത് കണ്ടെത്തിതയത്. വിദഗ്ദ്ധ ചികിത്സകൾക്ക് ശേഷം രോഗമുക്തനായ ലീ കളിക്കളത്തിലേക്ക് മടങ്ങിവരാമെന്ന പ്രതീക്ഷ‌കളിലായിരുന്നു ഇത്രനാളും. കഴിഞ്ഞ മാസം തിരിച്ചുവരവിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് വൈകിയിരുന്നു. അപ്പോൾത്തന്നെ 36കാരനായ താരത്തിന് ഇനിയൊരു തിരിച്ചുവരവ് സാദ്ധ്യമാകുമോ എന്ന് ആരാധകർ സംശയിച്ചു തുടങ്ങിയിരുന്നു. ആ സംശയങ്ങൾക്ക് വിരാമമിട്ട് ഇന്നലെ മലേഷ്യയിൽ വിളിച്ച പത്രസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ലീ തന്നെ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. 19 വർഷത്തോളം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് ഇതോടെ തിരശ്ശീല വീണിരിക്കുന്നത്.

സ്വപ്നങ്ങളൊക്കെയും ബാക്കിവച്ച്........

348 ആഴ്ചക്കാലം പുരുഷ ബാഡ്മിന്റൺ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനം അലങ്കരിച്ച താരമാണ് ലീ ചോംഗ് വേയ്. എന്നാൽ, ഒരുതവണ പോലും അദ്ദേഹത്തിന് ഒളിമ്പിക് സ്വർണമോ ലോക ചാമ്പ്യൻഷിപ്പിലെ സ്വർണമോ നേടാനായില്ല എന്ന കൗതുകം അവശേഷിപ്പിച്ചുകൊണ്ടാണ് ലീ വിട പറയുന്നത്.

തുടർച്ചയായ മൂന്ന് ഒളിമ്പിക്സുകളിൽ ഫൈനലിൽ ഒരേ എതിരാളിയോട് ഫൈനലിൽ തോറ്റുപോയ ആളാണ് ലീ ചോംഗ് വേയ്. ചൈനീസ് താരം ലിൻഡൻ ആയിരുന്നു ഈ എതിരാളി. 2008 മുതൽ 2016 വരെയുള്ള ഒളിമ്പിക്സുകളിൽ വെള്ളി നേടിയ ലീ 2011ലെയും 2013ലെയും ലോക ചാമ്പ്യൻഷിപ്പുകളിൽ ലിൻഡനോട് തന്നെ ഫൈനലിൽ തോറ്റു. 2014ൽ ചെൻ ലോംഗിനെ കീഴടക്കിയെങ്കിലും ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനായ അയോഗ്യനാക്കപ്പെട്ടു. 2015ലെ ഫൈനലിൽ ചെൻലോംഗിനോട് തന്നെ പരാജയപ്പെട്ടു.

ഒരിക്കലെങ്കിലും ഒളിമ്പിക് സ്വർണം നേടണമെന്ന ആഗ്രഹമാണ്

രോഗബാധിതനായിരുന്നുവെങ്കിലും തിരിച്ചുവരാനായി പ്രവർത്തിക്കാൻ ലീയെ പ്രേരിപ്പിച്ചത്. തായ്‌വാനിലെ ചികിത്സ കഴിഞ്ഞ് ഏപ്രിൽ മുതൽ ലീ പരിശീലനം പുനഃരാരംഭിച്ചിരുന്നു. 2020ലെ ടോക്കിയോ ഒളിമ്പിക്സിൽ മത്സരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഒളിമ്പിക്സ് എന്ന ലക്ഷ്യത്തിലെത്താൻ തന്റെ ശരീരത്തിന് കഴിയില്ലെന്ന തിരിച്ചറിവിലാണ് വിരമിക്കാൻ അദ്ദേഹം നിർബന്ധിതനായത്. രണ്ട് കുട്ടികളുടെ പിതാവാണ് ലീ.

" വിരമിക്കാനുള്ള തീരുമാനമെടുക്കാൻ വളരെ പ്രയാസമുണ്ടായിരുന്നു. പക്ഷേ, കളിക്കളത്തിൽ തുടരാനുളള മികവ് ഇല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ അതിന് തയ്യാറായി. ഇനി എനിക്കല്പം വിശ്രമിക്കണം. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടണം. 2012ലാണ് ഞങ്ങളുടെ കല്യാണം കഴിഞ്ഞത്. അന്നേ മുടങ്ങിയിരിക്കുന്ന ഞങ്ങളുടെ ഹണിമൂൺ ഇനിവേണം നടത്താൻ.

-ലീ ചോംഗ് വേയ്

1.

ഏറ്റവും കൂടുതൽ നാൾ (348 ആഴ്ച) ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം അലങ്കരിച്ച താരം. 199 ആഴ്ചകൾ തുടർച്ചയായി ഒന്നാം റാങ്കിലുണ്ടായിരുന്നു.

3.

ഒളിമ്പിക് വെങ്കല മെഡലുകൾ ലീ നേടിയിട്ടുണ്ട്. 2008, 2012, 2016 ഒളിമ്പിക്സുകളിലായിരുന്നു മെഡലുകൾ.

3

ലോക ചാമ്പ്യൻഷിപ്പുകളിൽ വെള്ളിയും ഒരു ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി.

5

സ്വർണ മെഡലുകളും ഒരു വെളളിയും കോമൺവെൽത്ത് ഗെയിംസിൽ സിംഗിൾസ്, മിക്സഡ് ടീം ഇവന്റുകളിലായി നേടി.

4

വെങ്കലങ്ങളും ഒരു വെള്ളിയും ഏഷ്യൻ ഗെയിംസുകളിൽ നിന്ന് കരസ്ഥമാക്കി. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ടു വീതം സ്വർണവും വെങ്കലവും.

2000 ത്തിലാണ് ലീ ചോംഗ് വേയ് കരിയർ ആരംഭിച്ചത്.

705 വിജയങ്ങൾ

134 തോൽവികൾ

69 കിരീടങ്ങൾ.