തിരുവനന്തപുരം: ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ ആറാം പ്രവൃത്തി ദിന കണക്കെടുപ്പിന്റെ പ്രാഥമിക വിലയിരുത്തലിൽ ഈ അദ്ധ്യയനവർഷം സർക്കാർ, എയ്ഡഡ് മേഖലകളിൽ പുതുതായി പ്രവേശനം നേടിയത് 1.63 ലക്ഷം കുട്ടികൾ. ഒന്നരപ്പതിറ്റാണ്ടിനിടെ തുടർച്ചയായ മൂന്നാം അദ്ധ്യയന വർഷവും പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. അൺഎയ്ഡഡ് മേഖലയിൽ 38,000 ലധികം കുട്ടികളുടെ കുറവുണ്ടായി. സർക്കാർ മേഖലയിൽ 11.69 ലക്ഷവും എയ്ഡഡ് മേഖലയിൽ 21.58 ലക്ഷവും അൺഎയ്ഡഡ് മേഖലയിൽ 3.89 ലക്ഷവുമായി മൊത്തം 37.16 ലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസവകുപ്പിന്റെ വിദ്യാർത്ഥി രജിസ്‌ട്രേഷൻ പോർട്ടലായ 'സമ്പൂർണ'യിൽ രേഖപ്പെടുത്തിയത്. അന്തിമവിശകലനം നടത്തി കണക്ക് ഔദ്യോഗികമായി പിന്നീട് പ്രസിദ്ധീകരിക്കും. കാലവർഷക്കെടുതികൾമൂലം സംസ്ഥാനത്തിന്റെ മലയോര പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽനിന്ന് മുഴുവൻ കണക്കുകളും ലഭ്യമായിട്ടില്ല. മുസ്ലിം കലണ്ടർപ്രകാരം പ്രവർത്തിക്കുന്ന സ്‌കൂളുകളിൽനിന്നും കണക്കുകൾ ലഭ്യമാകാനുണ്ട്.
ഇതുവരെ ലഭ്യമായ കണക്കുകളിൽ സർക്കാർ,എയ്ഡഡ് മേഖലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പുതുതായി ചേർന്നത് അഞ്ചാം ക്ലാസിലാണ്; 44,636കുട്ടികൾ. എട്ടാം ക്ലാസിൽ 38,492 കുട്ടികളുടെ വർദ്ധന രേഖപ്പെടുത്തി. ഇതോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഖ്യാപിച്ചതിന് ശേഷം മൂന്ന് വർഷത്തിനുള്ളിൽ 4.93 ലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസമേഖലയിൽ പുതുതായി വന്നത്. മുഴുവൻ ക്ലാസുകളിലും കൂടിയ വിദ്യാർഥികളുടെ എണ്ണം സഹിതം അന്തിമകണക്ക് വൈകാതെ പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡി.ജി.ഇ) കെ.ജീവൻബാബു അറിയിച്ചു.