ഇന്ത്യ-ന്യൂസിലാൻഡ് മത്സരം മഴ കാരണം ഉപേക്ഷിച്ചു
ഏറ്റവും കൂടുതൽ മത്സരങ്ങൾ മഴ ജയിച്ച ലോകകപ്പ്
നോട്ടിംഗ്ഹാം : ആരാധകരുടെ പ്രതീക്ഷയോടുള്ള കാത്തിരിപ്പിനെ വെള്ളത്തിലാക്കി നോട്ടിംഗ്ഹാമിലെ കനത്തമഴ ലോകകപ്പിലെ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മത്സരം ഒറ്റപ്പന്തു പോലും എറിയാൻ സമ്മതിക്കാതെ അപഹരിച്ചു.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശക്തമായിരുന്ന മഴ ഇന്നലെയും വിട്ടുമാറാതെ നിന്നതോടെയാണ് അമ്പയർമാർക്ക് മത്സരം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കേണ്ടിവന്നത്.
ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് പങ്കുവച്ചു. നാല് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റായ ന്യൂസിലൻഡ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റായ ഇന്ത്യ മൂന്നാം സ്ഥാനത്തും ഇനി ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ന്യൂസിലൻഡ് അടുത്ത ബുധനാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും.
4
ഈ ലോകകപ്പിൽ മഴകാരണം ഫലമില്ലാതെ പോയ നാലാമത്തെ മത്സരമായിരുന്നു ഇത്.
ഇതിൽ മൂന്നെണ്ണത്തിൽ ഒറ്റപ്പന്തുപോലും എറിയാൻ കഴിഞ്ഞില്ല.
ജൂൺ 4ന് കാർഡിഫിൽ നടന്ന ശ്രീലങ്ക-അഫ്ഗാൻ മത്സരത്തിലാണ് മഴ ആദ്യമായി ശല്യമായെത്തിയത്. ഈ മത്സരത്തിൽ ലങ്ക ഡക്ക്‌വർത്ത് ലൂയിസ് നിയമത്തിലൂടെ 34 റൺസിന് ജയിച്ചു.
ജൂൺ 7ന് ബ്രാസ്റ്റോളിൽ ശ്രീലങ്കയും പാകിസ്ഥാനും തമ്മിൽ നിശ്ചയിച്ചിരുന്ന മത്സരത്തിൽ ഒറ്റ പന്തുപോലും എറിയാനായില്ല.
ജൂൺ 10ന് സതാബ്ടണിൽ വെസ്റ്റ് ഇൻഡീസിനെതിരെ ദക്ഷിണാഫ്രിക്ക 29/2 എന്ന നിലയിലായിരിക്കേ മഴ വീണു. കളി ഉപേക്ഷിക്കേണ്ടി വന്നു.
പിറ്റേന്ന് ബ്രിസ്റ്റോയിൽ ബംഗ്ളാദേശും ശ്രീലങ്കയും തമ്മിലുള്ള മത്സരവും മഴയെടുത്തു.
കഴിഞ്ഞ ഏഴ് ദിവസത്തിനിടെയാണ് നാല് മത്സരങ്ങളിൽ മഴ കളിച്ചത്.
ലോകകപ്പിലെ റെക്കാഡ് മഴ
ലോകകപ്പുകളിൽ മഴ കാരണം കളി തടസ്സപ്പെടുത്തുന്നതും ഉപേക്ഷിക്കപ്പെടുന്നതും അസാധാരണമല്ല. എന്നാൽ, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ മഴ കാരണം ഉപേക്ഷിക്കപ്പെട്ടതിന്റെ റെക്കാഡ് ഇത്തവണ ഇംഗ്ളണ്ട് സ്വന്തമാക്കി.
1975ലെ ആദ്യ ലോകകപ്പിൽ ഒരു മത്സരം പോലും മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നിട്ടില്ല.
കഴിഞ്ഞ ലോകകപ്പിൽ ഒരു മത്സരം മാത്രമാണ് മഴകാരണം ഉപേക്ഷിച്ചത്.
റിസർവ് ഡേ ഇല്ല
മഴകാരണം മത്സരങ്ങൾ ഉപേക്ഷിക്കപ്പെടുന്നത് പതിവായതോടെ ടീമുകളും സമ്മർദ്ദത്തിലാണ്. സെമിഫൈനൽ പ്രവേശനത്തിൽ പോയിന്റും റൺറേറ്റും നിർണായകമായതിനാലാണിത്. ഏറ്റവും കൂടുതൽ മത്സരങ്ങൾ നഷ്ടമായത് ശ്രീലങ്കയ്ക്കാണ്. (രണ്ടെണ്ണം). ഇന്ത്യയ്ക്കും ന്യൂസിലൻഡിനും പാകിസ്ഥാനും ബംഗ്ളാദേശിനും ദകഷിണാഫ്രിക്കയ്ക്കും വിൻഡീസിനും ഓരോ മത്സരം നഷ്ടമായി.
മഴകാരണം ഒരുദിവസം നഷ്ടപ്പെട്ടാൽ മാറ്റിവയ്ക്കാനുളള തയ്യാറെടുപ്പ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ എടുത്തിട്ടില്ല. റിസർവ് ഡേയില്ലാത്തതിൽ പല ടീം അധികൃതരും പരസ്യമായി എതിർപ്പ് ഉയർത്തിക്കഴിഞ്ഞു. നിലവിൽ ഫൈനലിന് പോലും റിസർവ് ഡേയില്ല.
ഇംഗ്ളീഷ് സമ്മറിലെ മഴ
ഇംഗ്ളണ്ടിൽ ഇത് വേനൽക്കാലമാണ്. അതുകൊണ്ടുതന്നെ തുടർച്ചയായി ഇതുപോലുള്ള മഴ ഐ.സി.സി പ്രതീക്ഷിച്ചില്ല എന്നുവേണം കരുതാൻ. അതുകൊണ്ടാണ് റിസർവ് ഡേ കരുതാതിരുന്നതും അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനമാണ് മഴയ്ക്ക് കാരണമെന്നും ഇക്കാര്യത്തിൽ തങ്ങൾ നിരപരാധിയാണെന്നും ഐ.സി.സി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പോയിന്റ് നില
(ടീം, കളി, ജയം, തോൽവി, ഉപേക്ഷിച്ചത്, പോയിന്റ് എന്ന ക്രമത്തിൽ)
ന്യൂസിലൻഡ് 4-3-0-1-7
ആസ്ട്രേലിയ 4-3-1-0-6
ഇന്ത്യ 3-2-0-1-5
ഇംഗ്ളണ്ട് 3-2-1-0-4
ശ്രീലങ്ക 4-1-1-2-4
വിൻഡീസ് 3-1-1-1-3
ബംഗ്ളാദേശ് 4-1-2-1-3
പാകിസ്ഥാൻ 4-1-2-1-3
ദക്ഷിണാഫ്രിക്ക 4-0-3-1-1
അഫ്ഗാൻ 3-0-3-0-0