world-cup
world cup

ലോക കപ്പിൽ ഇന്ന് ഇംഗ്ളണ്ടും വെസ്റ്റ് ഇൻഡീസും ഏറ്റുമുട്ടുന്നു

സതാംപ്ടൺ : ഈ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ട് പേസ് ബൗളിംഗ് നിരകളാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ആതിഥേയരായ ഇംഗ്ളണ്ടും ആദ്യ ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസും. പക്ഷേ, കളി നടക്കുന്നത് റണ്ണൊഴുകാൻ ഒരു മടിയും കാണിക്കാത്ത സതാംപ്ടണിലെ പിച്ചിലും.

സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ കിരീടം മോഹിച്ചിറങ്ങിയ ഇംഗ്ളണ്ട് ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 106 റൺസിന് തോൽപ്പിച്ചെങ്കിലും രണ്ടാം മത്സരത്തിൽ പാകിസ്ഥാനോട് തോൽവി വഴങ്ങേണ്ടിവന്നത് തിരിച്ചടിയായി.

ആദ്യമത്സരത്തിൽ വെസ്റ്റിൻഡീസിനോട് 105 റൺസിന് ആൾ ഔട്ടാവുകയും ഏഴ് വിക്കറ്റ് തോൽവി വഴങ്ങുകയും ചെയ്ത പാകിസ്ഥാനാണ് അടുത്ത കളിയിൽ ഇംഗ്ളണ്ടിനെ തോൽപ്പിച്ചത്.

വിൻഡീസ് രണ്ടാം മത്സരത്തിൽ ആസ്ട്രേലിയയോട് 15 റൺസിന് തോറ്റു. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം മഴകാരണം ഉപേക്ഷിക്കുകയും ചെയ്തു.

ഷെൻഡൺ കോട്ട്റെൽ, കെമർറോഷ, ഒഷാനേ തോമസ്, ക്യാപ്ടൻ ജാസൺ ഹോൾഡർ, ആന്ദ്രേ റസൽ, കാർലോസ് ബ്രിത്ത് വെയ്റ്റ് തുടങ്ങിയവരാണ് വിൻഡീസ് നിരയിലെ പേസർമാർ. പഴയകാല വിൻഡീസിനെ ഓർമ്മിക്കുന്ന രീതിയിലാണ് കരീബിയൻ പട ഇക്കുറി എത്തിയിരിക്കുന്നത്. ബാറ്റിംഗിൽ ക്രിസ്‌ഗെയ്ലും ഡാരൻ ബ്രാവോയും ഹോപ്പും പുരാനും ബാറ്റ്‌മേയറും ഒക്കെയുണ്ട്.

കരീബിയൻ വംശജനായ ജൊഫ്രെ ആർച്ചറിന് അതിവേഗം പൗരത്വം നൽകിയാണ് ഇംഗ്ളണ്ട് ഈ ലോകകപ്പിനായി ഒരുക്കിയെടുത്തിരിക്കുന്നത്. ക്രിസ്‌വോക്സ്, ലിയാം പ്ളങ്കറ്റ്, മാർക്ക് വുഡ്, ബെൻസ്‌റ്റോക്സ് തുടങ്ങിയവരും പേസ് ബൗളർമാരായി ഇംഗ്ളണ്ട് നിരയിലുണ്ട്. കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടിയ ജാസൺറോയ്, പാകിസ്ഥാനെതിരെ സെഞ്ച്വറികൾ നേടിയ ജോ റൂട്ട്, ബട്‌ലർ, മിന്നുന്ന ഫോമിലുള്ള നായകൻ, ഇയോൻ മോർഗൻ തുടങ്ങിയവരാണ് ഇംഗ്ളീഷ് ബാറ്റിംഗിലെ കരുത്ത്.

386/6

ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ ടീമാണ് ഇംഗ്ളണ്ട്. ബംഗ്ളാദേശിനെതിരെയാണ് 386/6 എന്ന സ്കോർ ഉയർന്നത്.

105

ഈ ലോകകപ്പിൽ ഏറ്റവും കുറഞ്ഞ സ്കോറിന് എതിരാളികളെ ആൾ ഔട്ടാക്കിയ ടീമാണ് വിൻഡീസ്. പാകിസ്ഥാനെതിരെയായിരുന്നു ഈ പ്രകടനം.