കൊച്ചി: മേലുദ്യോഗസ്ഥൻ ശകാരിച്ചതിനെ തുടർന്ന് നാടും വീടും വിട്ടിറങ്ങിയ എറണാകുളം സെൻട്രൽ സി.ഐ വി.എസ് നവാസിനെ കായംകുളത്ത് പൊലീസ് ഉദ്യോഗസ്ഥൻ കണ്ടത് അന്വേഷണത്തിന് വഴിത്തിരിവാകുന്നു. ഇന്നലെ രാത്രിയാണ് കൊച്ചി സിറ്റി പൊലീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സി.ഐയെ കായംകുളത്തുവച്ചു കണ്ടത്. ഏറെ നാളുകൾക്ക് ശേഷം കണ്ട ഇരുവരും പരിചയം പുതുക്കിയെങ്കിലും വീടുവിട്ടിറങ്ങാനിടയായ സാഹചര്യങ്ങളെല്ലാം നവാസ് രഹസ്യമാക്കി. കേസുമായി ബന്ധപ്പെട്ട് കായംകുളത്തെ കോടതിയിൽ വന്നതാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥനോട് സി.ഐ പറഞ്ഞത്. ഈ സമയം സംസ്ഥാന പൊലീസ് നവാസിനായി തെരിച്ചിൽ നടത്തുകയായിരുന്നെങ്കിലും സി.ഐയുമായി സംസാരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. പിന്നീടാണ് നവാസിനെ കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പൊലീസിന് വിവരം കൈമാറുകയായിരുന്നു.
കൊച്ചി സിറ്റി പൊലീസ് സംഘം ഇന്നലെ അർദ്ധരാത്രി തന്നെ കായംകുളത്ത് എത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെ മുതൽ വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെയാണ് നവാസിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകിയത്. കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്നാണ് നവാസ് നാടുവിട്ടതെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. സെൻട്രൽ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള നവാസ് ബുധനാഴ്ച രാത്രി മേലുദ്യോഗസ്ഥനായ അസി. പൊലീസ് കമ്മിഷണറുമായി വയർലെസിൽ രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു.
പുലർച്ചെ നാലു മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് തേവരയിലെ ക്വാർട്ടേഴ്‌സിലെത്തിയ നവാസ് ആറു മണിയോടെ പുറത്തുപോയി. ഈ സമയം നടക്കാനിറങ്ങുന്നതിനാൽ വീട്ടുകാർ സംശയിച്ചില്ല. ഒരു മണിക്കൂറിനുശേഷം ഒരു യാത്ര പോകുന്നുവെന്ന സന്ദേശം സ്വകാര്യ മൊബൈൽ നമ്പരിൽ നിന്ന് ഭാര്യക്ക് കൈമാറി. ഈ നമ്പരിലേക്ക് വിളിച്ചിട്ട് കിട്ടാതെ വന്നതോടെയാണ് ഭാര്യ പൊലീസിൽ പരാതി നൽകിയത്. ബുധനാഴ്ച നവാസിന് രാത്രി ഡ്യൂട്ടിയായിരുന്നു. പുലർച്ചെ ജോലി അവസാനിച്ചതോടെ വയർലെസ് സെറ്റ്, ഔദ്യോഗിക സിം കാർഡ്, വാഹനത്തിന്റെ താക്കോൽ എന്നിവ ഓഫീസിൽ നൽകിയാണ് വീട്ടിലേക്ക് മടങ്ങിയത്. ഇന്നലെ അവധിയെടുത്തു. ഇന്ന് പുതിയ സി.ഐ ചാർജെടുക്കേണ്ട ദിവസവുമായിരുന്നു. ഇതിന്റെ മുൻകരുതലാണെന്ന ധാരണയിൽ ആ നടപടിയിലും ആർക്കും സംശയം തോന്നിയില്ല.
സംഭവത്തെക്കുറിച്ച് കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം, സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ നിയോഗിച്ച പ്രത്യേക സംഘവും നവാസിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തൃക്കാക്കര അസി.കമ്മിഷണർ സ്റ്റുവർട്ട് കീലർ, പാലാരിവട്ടം സി.ഐ. പി.എസ്. ശ്രീജേഷ്, എറണാകുളം നോർത്ത് എസ്.ഐ.രാജൻ ബാബു എന്നിവരാണ് സംഘത്തിലുള്ളത്.
ബുധനാഴ്ച വൈകിട്ടോടെ ഹൈക്കോടതി ജഡ്ജിമാരുടെ ഡ്രൈവർ, അസിസ്റ്റന്റ് തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമിച്ച ചേർത്തല സ്വദേശി ആശയെ നവാസ് പിടികൂടിയിരുന്നു. ഇക്കാര്യം സാട്ടയിലൂടെ സിറ്റി പൊലീസ് കമ്മിഷണർ അസി. കമ്മിഷണറായ പി.എസ്. സുരേഷിനോട് തിരക്കി. എന്നാൽ, അറസ്റ്റിനെക്കുറിച്ച് ഒരു വിവരവും അസി. കമ്മിഷണർക്ക് അറിയില്ലായിരുന്നു. ഇതോടെ വയർലസ് സെറ്റുവഴി നവാസിനെ ബന്ധപ്പെട്ടെങ്കിലും എടുത്തില്ല. മൊബൈൽ ഫോണിൽ വിളിച്ചിട്ടും കോൾ എടുക്കാത്തതോടെ സ്റ്റേഷനിലെ പൊലീസുകാർ സി.ഐയുടെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. പിന്നീട് നവാസ് മൊബൈലിൽ വിളിച്ചപ്പോൾ അസി. കമ്മിഷണറെ കിട്ടിയില്ല. തുടർന്ന് വയർലസ് സെറ്റിലൂടെ വിളിച്ചപ്പോൾ ശകാരിക്കുകയായിരുന്നു. വയർലസിലൂടെ ഇരുവരും പരിധിവിട്ട്, പരുഷമായ വാക്കുകളാണു പരസ്പരം പ്രയോഗിച്ചതെന്നു സൂചനയുണ്ട്. സിറ്റി പരിധിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഇതു കേട്ടിട്ടുണ്ട്. ഇതെല്ലാം നവാസിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു.